| Sunday, 29th May 2016, 4:38 pm

വൈദ്യുത മന്ത്രിക്ക് പിന്നാലെ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് പിണറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയെ പിന്തുണച്ച് പിണറായി വിജയനും രംഗത്ത്. വെള്ളച്ചാട്ടം തടസപ്പെടുത്തുന്നതല്ല പദ്ധതി. ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള ആശങ്കയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയം എല്‍.ഡി.എഫ് നേരത്തെ ചര്‍ച്ചചെയ്തതാണ്. താന്‍ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതാണെന്നും അന്നത്തെ രാഷ്ട്രീയമായ കാരണങ്ങള്‍ കൊണ്ടാണ് ഇത് മുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ അതത് വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് തടയാനാകില്ലെന്നും കാനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടത് അവിടെയും എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യേണ്ടത് അവിടെയും ചര്‍ച്ച ചെയ്യുമെന്നും പിണറായി വ്യക്തമാക്കി.

ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പരിസ്ഥിതി പ്രവര്‍ത്തകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും. പരിസ്ഥിതിയെ ബാധിക്കാത്ത തരത്തിലെ വികസനം നടപ്പാക്കൂവെന്നത് എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയമാണ്.

രണ്ടുതവണ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പ്രകടന പത്രികയില്‍ പറയാത്ത കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യണം. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാര്‍ പ്രതികരിക്കരുതെന്നുമാണ് കാനം പറഞ്ഞത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലപാട് ആവര്‍ത്തിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംഘര്‍ഷമല്ല ചര്‍ച്ചയാണ് വേണ്ടത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം മനസിലാക്കണം. പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തിന് ഒറ്റയ്ക്ക് കഴിയില്ല. നിയമസഭ പാസാക്കിയ പ്രമേയത്തിലും ഇക്കാര്യം വ്യക്തമാണ്. രണ്ട് സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ മാത്രമേ കഴിയൂവെന്നും ഇന്നലെ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more