| Sunday, 18th January 2026, 2:18 pm

മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ പിണറായിക്ക് അര്‍ഹതയില്ല: വി.ഡി സതീശന്‍

നിഷാന. വി.വി

തിരുവനന്തപുരം: ബി.ജെ.പിയും സഘപരിവാരും സി.പി.ഐ.എമ്മും തെരഞ്ഞെടുപ്പ് വരുമ്പോള്‍ വ്യാപകമായി വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ശ്രീനാരായണീയ പ്രസ്താനത്തിന്റെ നേതാവായ വെള്ളാപ്പള്ളി അവരുടെ ഉപകരണമായി മാറുന്നുണ്ടെന്നും അങ്ങനെ മാറരുതെന്നും അദ്ദേഹം പറഞ്ഞു.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയെ കുറിച്ചല്ല താന്‍ തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെതിരായിട്ടാണ്. മുഖ്യമന്ത്രിക്ക് മതേതരത്വത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു അവകാശവുമല്ലെന്നും എ.കെ. ബാലന്‍ നടത്തിയ പ്രസ്താവന മതസ്പര്‍ദ്ധ ഉണ്ടാക്കാനുള്ള സഘപരിവാര്‍ രീതിയാണ് . എം.വി ഗോവിന്ദന്‍ തള്ളിക്കളഞ്ഞെങ്കിലും അതിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. സംഘപരിവാറിന്റെ അതേ പാതയിലാണ് പിണറായിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘ആര് വര്‍ഗീയത സംസാരിച്ചാലും അവര്‍ക്കെതിരായി ഞങ്ങള്‍ നിലപാടെടുക്കും അത് ന്യൂനപക്ഷ വര്‍ഗീയതയായാലും ഭൂരിപക്ഷ വര്‍ഗീയതയായാലും. വര്‍ഗീയത പ്രചരിപ്പിച്ച് വിദ്വേഷ പ്രചരണം കേരളത്തില്‍ ആര് നടത്തിയാലും അതിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫും നിലപാടെടുക്കും,’ അദ്ദേഹം പറഞ്ഞു.

ഒരാളെയും അധിക്ഷേപിച്ചിട്ടില്ലന്നും വെള്ളാപ്പള്ളി തന്നെയാണ് അധിക്ഷേപിച്ചതെന്നും സതീശന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ഗുരുനിന്ദയാണെന്നാണ് താന്‍ പറഞ്ഞതെന്നും ശ്രീനാരായണ ഗുരു എന്ത് പറയരുതെന്ന് പറഞ്ഞോ അത് അദ്ദേഹം പറഞ്ഞുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ,സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് വര്‍ഗീയതയുണ്ടാക്കി ഭിന്നിപ്പുണ്ടാക്കുകയെന്നത്‌ അതിന്റെ ഉപകരണമായി വെള്ളാപ്പള്ളി മാറരുതെന്ന് ഇനിയും പറയും. ശ്രീ നാരായണീയരായിട്ടുള്ള ആളുകള്‍ കൂടി വോട്ട് ചെയ്തിട്ടാണല്ലൊ നമ്മളെല്ലാം ജയിച്ചിരിക്കുന്നത്. ഗുരുദേവന്റെ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായി സംസാരിക്കുന്നത് വെളളാപ്പള്ളിയാണെന്നും വി.ഡി സതീഷന്‍ പറഞ്ഞു. പലരുടെയും ഉപകരണമായി വെള്ളാപ്പള്ളി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കേരളത്തിലെ പ്രതിപക്ഷ നേതാവിനെ ഊളം പാറയ്ക്ക് അയയ്ക്കണം എന്നതടക്കം ഒരു സമുദായ നേതാവ് പറയുമ്പോള്‍ ഞാന്‍ അതിന് മറുപടി പറയുന്നില്ല,’ വി.ഡി സതീശന്‍ പറഞ്ഞു

വെളളാപ്പള്ളിയെ കുറിച്ചെന്നല്ല ഒരു സമുദായ നേതാക്കളെ കുറിച്ചും രാഷ്ട്രീയ നേതാക്കളെ കുറിച്ചും വ്യക്തിപരമയി ഒന്നും പറയായിറില്ലെന്നും അവര്‍ പറയുന്ന കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം പറയുമെന്നും അത് പറയാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് തര്‍ക്കത്തില്‍ ലീഗിന് എന്ത് റോളാണുള്ളതെന്നും എന്തിനാണ് ലീഗിനെ അതിലേക്ക് വലിച്ചിഴക്കുന്നതെന്നും വി.ഡി സതീഷന്‍ ചോദിച്ചു.
മുസ്‌ലിം ലീഗ് യു.ഡി.എഫിലെ ഒരു പ്രധാന ഘടക കക്ഷിയാണ്. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ലീഗിനെങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ശബ്ദം ഒന്നാണ്. ടീം യു.ഡി.എഫാണ്. എല്ലാവരും ഒന്നിക്കട്ടെ ആരും വഴക്കിട്ട് ചേരി തിരിഞ്ഞ് നില്‍ക്കേണ്ടതില്ല അത് നല്ല സന്ദേശമല്ലെയെന്നും സതീശന്‍ പറഞ്ഞു.

മതേതര കേരളത്തിനുള്ള വെല്ലുവിളിയാണ് സി.പി.ഐ.എമ്മും ബി.ജെ.പിയും. അവരുട ഉപകരണമായി അദ്ദേഹം മാറരുത്.

വിദ്വേഷ പ്രചാരണം നടത്തുന്ന എല്ലാവര്‍ക്കും കേരളം ചുട്ട മറുപടി കൊടുക്കും. ജനം സെക്യൂലറാണെന്നും വര്‍ഗീയതയ്‌ക്കെതിരായി വെള്ളം ചേര്‍ക്കാത്ത നിലപാടില്‍ യു.ഡി.എഫ് ഉറച്ച് നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വര്‍ഗീയതയ്‌ക്കെതിരായാണ് രാഹുല്‍ ഗാന്ധി ധീരമായി പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pinarayi has no right to talk about secularism: V.D. Satheesan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more