തിരുവനന്തപുരം: സി.ബി.ഐ ബി.ജെ.പിയുടെ പാവയാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന ഏജന്‍സിയാണ് സി.ബി.ഐ. ഇതേ സി.ബി.ഐയാണ് സി.പി.എം തലശേരിയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് കൊടുത്തത്. ഇപ്പോള്‍ അവര്‍ ബി.ജെ.പിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്.
ഒരു നേതാവിനെ തടവിലിട്ട് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കാനാവില്ല, എല്ലാ നേതാക്കളേയും അറസ്റ്റ് ചെയ്ത ജയിലിലടച്ചപ്പോളും തിരഞ്ഞെടുപ്പ് നേരിട്ടവരാണ് ഞങ്ങള്‍. അങ്ങനെ ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട.അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല. നീതി നിഷേധമാണ് ഇവിടുത്തെ പ്രശ്‌നമെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ അറസ്റ്റ് ചെയ്യുന്നത് നിര്‍ബന്ധമാണെന്ന സി.ബി.ഐയുടെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.
കതിരൂര്‍ കേസില്‍ പാര്‍ട്ടിയുടെ സ്വാധീനം ഉപയോഗിച്ച് ജയരാജന്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ജയരാജന്റെ അറസ്റ്റ് അനിവാര്യമാണെന്നും സി.ബി.ഐ ഹൈക്കോടതിയുടെ ജാമ്യാപേക്ഷക്കെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.