| Wednesday, 11th March 2015, 6:11 pm

ബാലകൃഷ്ണപിള്ള എല്‍.ഡി.എഫിലേക്ക് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപ്പിള്ള എല്‍.ഡി.എഫില്‍ ചേരുമെന്ന് സൂചന. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്നും തുടര്‍ന്നും എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്‍.ഡി.എഫിലേക്ക് പോകുന്നത് തനിക്ക് പുതിയ കാര്യമല്ലെന്നും പിള്ള വ്യക്തമാക്കിയിരുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ആലോചിച്ചതിന് ശേഷമാണ് പിള്ള ഈ തിരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് കാരനായാണ് താന്‍ പൊതു ജീവിതം തുടങ്ങിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

തങ്ങളുടെ വോട്ട് വേണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞ സാഹചര്യത്തിലാണ് ഐഷാ പോറ്റിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ ബാലകൃഷ്ണപിള്ള നീര്‍ക്കോലി  കടിച്ചാല്‍ അത്താഴം മുടങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു.

“ആറ് മാസം കഴിഞ്ഞപ്പോള്‍ തന്നെ അഴിമതി സഹിക്കാന്‍ വയ്യാതായി. ധനസമ്പാദനം മാത്രമായി യു.ഡി.എഫ് മാറി. യു.ഡി.എഫിന്റെ യോഗങ്ങളില്‍ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.” പിള്ള പറഞ്ഞു.

പിള്ളയുടെ വാക്കുകളെല്ലാം വിരില്‍ ചൂണ്ടുന്നത് അദ്ദേഹം എല്‍.ഡി.എഫിലേക്ക് പോകുമെന്ന് തന്നെയാണ്. അതേസമയം പിള്ള യു.ഡി.എഫില്‍ നിന്ന് പുറത്തായെന്നും ഇനി പാര്‍ട്ടിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കികൊണ്ടുള്ള ഔദ്യോഗിക തീരുമാനം മാത്രമേ വരാനുള്ളുവെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more