| Sunday, 22nd June 2025, 1:37 pm

റൊണാള്‍ഡോയുണ്ട്, മെസി ഒരിക്കലും എന്റെ വേള്‍ഡ് ഇലവനില്‍ ഉണ്ടാകില്ല, കാരണം ഇതെന്റെ ഗോട്ട് ടീമാണ്; തുറന്നടിച്ച് മോര്‍ഗന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇതിഹാസ താരം ലയണല്‍ മെസി ഒരിക്കലും തന്റെ വേള്‍ഡ് ഇലവനില്‍ ഇടം നേടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്‍. ഗോട്ട് ഡിബേറ്റില്‍ എല്ലായ്‌പ്പോഴും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുക്കുകയും പോര്‍ച്ചുഗല്‍ ലെജന്‍ഡിനെ പുകഴ്ത്തുകയും ചെയ്യുന്ന മോര്‍ഗന്‍ തന്റെ വേള്‍ഡ് ഇലവനില്‍ ഏഴാം നമ്പര്‍ താരത്തിന് ഇടം നല്‍കിയിട്ടുണ്ട്.

എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പിയേഴ്‌സ് മോര്‍ഗന്‍ തന്റെ ഗോട്ട് ടീമിനെ തെരഞ്ഞെടുത്തത്. മറഡോണയും കഫുവും പെലെയും അടക്കമുള്ള ഇതിഹാസ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മോര്‍ഗന്‍ തന്റെ വേള്‍ഡ് ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്.

‘മെസി ഒരിക്കലും എന്റെ വേള്‍ഡ് ഇലവന്റെ ഭാഗമാകില്ല. താരങ്ങളുടെ പീക്ക് പ്രകടനം കണക്കിലെടുക്കുമ്പോള്‍, ഇതാണ് എന്റെ ഗോട്ട് ഇലവന്‍;

ബാങ്ക്‌സ് (ഗോര്‍ഡന്‍ ബാങ്ക്‌സ്), കഫു, ബെരാസി (ഫ്രാങ്കോ ബെരാസി), മാല്‍ഡീനി (പൗലോ മാല്‍ഡീനി), കാര്‍ലോസ് (റോബര്‍ട്ടോ കാര്‍ലോസ്), സിദാന്‍ (സിനദില്‍ സിദാന്‍), മഥൗസ് (ലോഥര്‍ മഥൗസ്), റൊണാള്‍ഡീന്യോ, ക്രിസ്റ്റിയാനോ (ക്രിസ്റ്റിയാനോ റൊണാള്‍ഡോ), റൊണാള്‍ഡോ (റൊണാള്‍ഡോ നസാരിയോ),’ മോര്‍ഗന്‍ എക്‌സില്‍ കുറിച്ചു.

റൊണാള്‍ഡോയെ പുകഴ്ത്താന്‍ ലഭിക്കുന്ന ഒറ്റ അവസരം പോലും പാഴാക്കാത്ത മോര്‍ഗന്‍ മെസിയെ ഇകഴ്ത്താനും പലപ്പോഴും ശ്രമിക്കാറുണ്ട്.

നേരത്തെ മെസി മാര്‍ക്കയുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ മോര്‍ഗന്‍ അര്‍ജന്റൈന്‍ ഇതിഹാസത്തെയും മാര്‍ക്കയെയും പരിഹസിച്ച് രംഗത്തുവന്നിരുന്നു. മെസി അര്‍ജന്റീനയിലെ മികച്ച താരം പോലുമല്ല, പിന്നെ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമാകുന്നത് എന്നായിരുന്നു മോര്‍ഗന്റെ ചോദ്യം.

‘മെസി അര്‍ജന്റീനയിലെ മികച്ച താരം പോലുമല്ല’ എന്നാണ് ഈ വാര്‍ത്ത പങ്കുവെച്ച മോര്‍ഗന്‍ എക്സില്‍ കുറിച്ചത്.

തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് മാര്‍ക്കയെ മോര്‍ഗന്‍ വിമര്‍ശിച്ചത്. ലയണല്‍ മെസിയെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്ത മാര്‍ക്ക, രണ്ടാം സ്ഥാനക്കാരനായി റൊണാള്‍ഡോയെയും തെരഞ്ഞെടുത്തു. ഇതിഹാസ താരം പെലെ ആണ് മൂന്നാമന്‍.

പിന്നാലെ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളെ മോര്‍ഗന്‍ തെരഞ്ഞെടുക്കുന്നുമുണ്ട്. പെലെയും മെസിയും മോര്‍ഗന്റെ ടോപ് ത്രീയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

എക്കാലത്തെയും മികച്ച താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തെരഞ്ഞെടുത്ത മോര്‍ഗന്‍ രണ്ടാമതായി ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെയും തെരഞ്ഞെടുത്തു. ഡിഗോ മറഡോണയാണ് മോര്‍ഗന്റെ ടോപ് ത്രീയിലെ മൂന്നാമന്‍.

Content Highlight: Piers Morgan snubs Lionel Messi in his World Eleven

We use cookies to give you the best possible experience. Learn more