| Wednesday, 11th January 2023, 10:56 pm

സൂപ്പര്‍ താരം വീണ്ടും ബാഴ്‌സലോണയുമായി സൈന്‍ ചെയ്യുന്നു; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ചെല്‍സി താരം പിയറി എമറിക്ക് ഒബമെയാങ്ങിനെ വീണ്ടും ക്ലബ്ബിലെത്തിക്കാനൊരുങ്ങി ബാഴ്‌സലോണ. ഡിസംബറില്‍ ബാഴ്‌സലോണ ഡയറക്ടര്‍ ജോര്‍ദി ക്ര്യുഫ് താരത്തെ ക്ലബ്ബിലെത്തിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ താരത്തെ ബാഴ്‌സയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുമായി ബാഴ്‌സ വീണ്ടും സൈന്‍ ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന മെസിയുടെ നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ അസ്ഥാനത്താവുകയായിരുന്നു.

2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്തു പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിനു വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബാഴ്സയിലേക്ക് മെസി തിരികെ എത്താതിരിക്കാനുള്ള മറ്റൊരു കാരണം ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്. ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മാത്രം സാമ്പത്തിക കെട്ടുറപ്പ് ഇപ്പോള്‍ എഫ്.സി ബാഴ്സലോണക്ക് ഇല്ലെന്നതാണ് വാസ്തവം.

ബാഴ്സലോണ മറക്കാനാഗ്രഹിക്കുന്ന ഫുട്ബോള്‍ സീസണായിരുന്നു 2021-22. സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍മാരായപ്പോള്‍, പതിമൂന്ന് പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്തായിരുന്നു ടീം ബാഴ്‌സ. ഒരു ട്രോഫിയും നേടാന്‍ സാധിക്കാത്ത സീസണായിരുന്നു ബാഴ്‌സക്ക് കഴിഞ്ഞുപോയത്.

പകുതി വരെ റൊണാള്‍ഡ് കോമാനായിരുന്നു കോച്ച്. പിന്നീട് സാവി ഹെര്‍നാണ്ടസ് പരിശീലകനായി എത്തിയതോടെ നാണക്കേട് ഒഴിഞ്ഞുപോവുകയായിരുന്നു.

അല്ലായിരുന്നെങ്കില്‍ ബാഴ്‌സക്ക് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും ടീമിന്റെ പുന:നിര്‍മിതിക്ക് അവശ്യമായ കളിക്കാരെ വാങ്ങിക്കുവാന്‍ ബാഴ്സലോണക്ക് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ റയല്‍ മാഡ്രിഡ് ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും നേടിയത് ബാഴ്സയെ എന്തു വിലകൊടുത്തും തിരിച്ചുവരവിന് പ്രേരിപ്പിക്കുന്നു. സ്പെയ്നില്‍ ബാഴ്സ ലാ ലിഗ കിരീടം വീണ്ടെടുക്കാനുള്ള സാധ്യത ഏറെയാണ്.

Content Highlights: Pierre-Emerick Aubameyang going to sign with Barcelona Fc

Latest Stories

We use cookies to give you the best possible experience. Learn more