| Thursday, 26th March 2026, 7:15 pm

കാശുണ്ടെങ്കില്‍ കാശി ഹൈദരബാദിലുമുണ്ടാക്കാം, സിനിമാലോകത്തെ വീണ്ടും ഞെട്ടിച്ച് രാജമൗലി

അമര്‍നാഥ് എം.

ഓരോ സീനിനെയും വളരെ പെര്‍ഫക്ടായി ചിത്രീകരിക്കുന്നതില്‍ കണിശതയുള്ള സംവിധായകനെന്നാണ് രാജമൗലിയെക്കുറിച്ച് പലരും പറയാറുള്ളത്. തന്റെ വിഷന്‍ എന്താണോ അതിനെ കൃത്യമായി സ്‌ക്രീനിലേക്ക് പകര്‍ത്താന്‍ എത്ര വലിയ റിസ്‌കും എടുക്കുമെന്ന് പലകുറി അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ആര്‍.ആര്‍.ആറിലൂടെ ലഭിച്ച ഗ്ലോബല്‍ റീച്ച് രാജമൗലി കൃത്യമായി ഉപയോഗിക്കുന്ന ചിത്രമാണ് വാരണാസി.

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന വാരണാസി തെലുങ്കിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ വമ്പന്‍ ടൈറ്റില്‍ ലോഞ്ചായിരുന്നു ചിത്രത്തിനായി ഒരുക്കിയത്. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന കഥയാണ് വാരണാസിയുടേത്. ചിത്രത്തിനായി രാജമൗലി ഒരുക്കിയ സെറ്റിന്റെ ഫോട്ടോസാണ് സിനിമാപ്രേമികള്‍ക്കിടയില്‍ വൈറല്‍.

യഥാര്‍ത്ഥ വാരണാസിയില്‍ ഷൂട്ട് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്നും എന്നാല്‍ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതുകൊണ്ട് വാരണാസിയുടെ സെറ്റ് നിര്‍മിക്കേണ്ടി വന്നെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രത്തിനായി ഒരുക്കിയ സെറ്റിന്റെ ഫോട്ടോസ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ കാശിയാണെന്ന് ആര്‍ക്കും തോന്നുന്ന തരത്തിലാണ് സെറ്റ് നിര്‍മിച്ചിരിക്കുന്നത്. വിശ്വനാഥ ക്ഷേത്രവും ഘാട്ടുകളും ഹൈദരബാദിലെ വലിയ സെറ്റില്‍ പുനസൃഷ്ടിച്ചത് കണ്ട് പലരും അമ്പരന്നിരിക്കുകയാണ്. കണ്ടാല്‍ ഒറിജിനലാണെന്ന് തോന്നുന്ന തരത്തിലാണ് രാജമൗലി സെറ്റിന് പെര്‍ഫക്ഷന്‍ നല്‍കിയത്.

48 കോടിക്കാണ് വാരണാസിയെ ഹൈദരബാദില്‍ പുനസൃഷ്ടിച്ചത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ആര്‍ട്ട് ഡയറക്ടര്‍മാരിലൊരാളായ സാബു സിറിളാണ് വാരണാസിയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മഹിഷ്മതി സാമ്രാജ്യവും കൊളോണിയല്‍ ഇന്ത്യയും ഒരിക്കല്‍ കൂടി സ്‌ക്രീനിലെത്തിച്ച രാജമൗലി ഇത്തവണ വാരണാസിയെയാണ് പുനസൃഷ്ടിച്ചിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നാണ് വാരണാസി. ബി.സി. 2700ല്‍ ആരംഭിച്ച് ഒരുപാട് കാലങ്ങളിലൂടെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഗംഭീര വിഷ്വല്‍ ട്രീറ്റാകുമെന്ന് ഉറപ്പാണ്. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം പൃഥ്വിരാജാണ് വില്ലന്‍. പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അധികം വൈകാതെ ആരംഭിക്കും.

ഐമാക്‌സ് ക്യാമറയിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ ലോകസിനിമക്ക് മുന്നില്‍ വെളിവാക്കുന്ന പ്രൊജക്ട് തന്നെയാകും വാരണാസി. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Photos of set build by Rajamouli for Varanasi movie viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more