| Thursday, 19th March 2026, 9:29 am

പഴശ്ശിയും മാക്കവും അന്നും ഇന്നും; ഒന്നുകൂടി ഒരുമിച്ചിരുന്നെങ്കിലെന്ന് ആരാധകർ

നന്ദന എം.സി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കനിഹ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും തന്റെ സാന്നിധ്യം തെളിയിച്ച താരം, 2002ൽ പുറത്തിറങ്ങിയ ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2006ൽ പുറത്തിറങ്ങിയ ‘എന്നിടം’ എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളത്തിലേക്ക് എത്തിയത്. പിന്നാലെ 2009ൽ ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ കനിഹ തന്റെ സ്ഥാനം ഉറപ്പിച്ചു.

കനിഹ നായികയായെത്തി മലയാളി പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രമായിരുന്നു കേരള വർമ പഴശ്ശിരാജ. എം.ടി. വാസുദേവൻ നായർ രചനയും ഹരിഹരൻ സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മമ്മൂട്ടി നായകനായെത്തി.

കനിഹ , Photo: IMDb

ചിത്രത്തിൽ പഴശ്ശിയായി മമ്മൂട്ടിയെത്തിയപ്പോൾ കൈതേരി മാക്കയായി കനിഹ നിറഞ്ഞാടുകയായിരുന്നു. ചിത്രത്തിലെ ‘കുന്നത്തെ കൊന്നയ്ക്കും’ എന്ന ഗാനം ഇന്നും മലയാളി പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നവയാണ്.

ഇപ്പോൾ വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയും കനിഹയും ഒന്നിച്ചുള്ള പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കനിഹ തന്നെയാണ് ചിത്രം പങ്കുവച്ചത്. ‘അടിക്കുറിപ്പ് ആവശ്യമില്ല, ഹൃദയം നിറഞ്ഞാൽ വാക്കുകൾക്ക് അർത്ഥമില്ല. കൈതേരി മാക്കം പഴശ്ശിയെ കണ്ടുമുട്ടുമ്പോൾ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

വർഷങ്ങൾക്ക് ശേഷം ഇരുവരെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ. അന്നും ഇന്നും ഒരുപോലെ, പഴശ്ശിയും മാക്കവും വീണ്ടും ഒന്നിച്ചിരുന്നെങ്കിൽ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്.

പഴശ്ശിരാജ.,Photo: JioHotstar

2009ൽ പുറത്തിറങ്ങിയപ്പോൾ മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള പ്രമോഷനും ഹൈപ്പും നേടിയ ചിത്രമായിരുന്നു പഴശ്ശിരാജ. പ്രാദേശിക മാധ്യമങ്ങളിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ വരെ ഉയർന്ന ചിത്രം, കലാപരമായും വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു.

അന്ന് വരെ ഉണ്ടായിരുന്ന നിരവധി റെക്കോർഡുകൾ മറികടന്ന് പുതിയ ബോക്‌സോഫീസ് നേട്ടങ്ങൾ സ്വന്തമാക്കാനും ചിത്രത്തിന് കഴിഞ്ഞു. ഏകദേശം 50 കോടിയ്ക്ക് സമീപമുള്ള കളക്ഷനാണ് ചിത്രം നേടിയതെന്ന് പിന്നീട് നിർമാതാവ് ഗോകുലം ഗോപാലൻ വ്യക്തമാക്കിയിരുന്നു. 27 കോടി രൂപ ചിലവഴിച്ചാണ് ചിത്രം നിർമിച്ചത്.

Content Highlight: Photo of Mammootty and Kaniha goes viral

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more