| Wednesday, 2nd July 2025, 10:49 pm

സാധാരണ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ രഹസ്യമായി ഫോണ്‍ ചോര്‍ത്തേണ്ട; ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സാധാരണ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ രഹസ്യമായി ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്തുന്നത് നിയമവിധേയമല്ലെന്ന് മദ്രാസ് ഹൈക്കോടതി.

അടിയന്തരമായ സാഹചര്യങ്ങളിലും പൊതുസുരക്ഷയ്ക്ക് ഹാനികരമാകുന്ന സന്ദര്‍ഭങ്ങളിലുമാണ് ഫോണ്‍ ചോര്‍ത്തല്‍ നിയമം അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും കോടതി പറഞ്ഞു. ചെന്നൈയിലെ എവറോണ്‍ എഡ്യൂക്കേഷന്‍ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ പി. കിഷോര്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഫോണ്‍ ചോര്‍ത്തല്‍ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2011ല്‍ ആദായ നികുതി ഉദ്യോഗസ്ഥനായ ആദാസു രവീന്ദര്‍, കിഷോര്‍ എന്നിവരടക്കം മൂന്ന് പേര്‍ക്കെതിരെ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി തീര്‍പ്പാക്കിയത്. ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷാണ് കേസ് പരിഗണിച്ചത്.

നികുതി വെട്ടിക്കാന്‍ സ്ഥാപനമേധാവിയില്‍ നിന്ന് ആദാസു രവീന്ദര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് കിഷോര്‍ 50 ലക്ഷം കൈമാറിയെന്നുമാണ് സി.ബി.ഐയുടെ വാദം. ആരോപണം തെളിയിക്കാന്‍ കേന്ദ്രത്തെ സമീപിച്ച സി.ബി.ഐക്ക്, കിഷോറിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിലെ സെക്ഷന്‍ 5(2) പ്രകാരമാണ് മന്ത്രാലയം അനുമതി നല്‍കിയത്.

എന്നാല്‍ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കിഷോര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച കോടതി ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കികൊണ്ടുള്ള കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

തുടര്‍ന്ന് ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, സംസ്ഥാന സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം, പൊതു ക്രമസമാധാനം എന്നിവ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ നിയമത്തിന് സാധുതയുണ്ടെന്നും കോടതി വ്യക്തമാക്കി.

ഫോണ്‍ ചോര്‍ത്തലിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കോടതി പരാമര്‍ശിച്ചു. 1996ല്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പരാമര്‍ശിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

2017ല്‍ ‘പുട്ടസ്വാമി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ’ കേസില്‍ സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനാ പ്രകാരം സംരക്ഷിക്കപ്പെട്ട ഒരു മാലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

Content Highlight: Phones cannot be tapped as part of covert operations aimed at detecting crime, says Madras HC

We use cookies to give you the best possible experience. Learn more