| Monday, 30th June 2025, 7:37 pm

പി.വി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ്; അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകമെന്നും കോടതി ചൂണ്ടിക്കാട്ടി. പി.വി. അന്‍വറിനെതിരെ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

കേസ് അന്വേഷണം തൃപ്തികരമല്ലെന്നും കോടതി അറിയിച്ചു. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് കൊല്ലം സ്വദേശിയായ മുരുഗേഷാണ് അന്‍വറിനെതിരെ പരാതി നല്‍കിയത്.

ഡി.ജി.പിയ്ക്ക് അടക്കമാണ് മുരുഗേഷ് പരാതി കൈമാറിയത്. എന്നാല്‍ പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ച് മുരുഗേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ പരാതി നല്‍കിയത്. പക്ഷെ അന്‍വറിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്.

നിലവില്‍ സംസ്ഥാനം നല്‍കിയ മറുപടിക്കെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. തെളിവുകള്‍ കണ്ടെത്തേണ്ടത് പരാതിക്കാരനല്ലെന്നും സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. ഹരജിയിലുള്ളത് ഗുരുതരമായ ആരോപണങ്ങളാണെന്നും സംസ്ഥാന പൊലീസ് മേധാവി ഇത് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പരാതിയില്‍ നിയമാനുസൃതമായ നടപടിയാണ് ഡി.ജി.പി സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു.

നേരത്തെ കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെയും എസ്.ഒ.ജി കമാന്‍ഡിന്റെയും പരാതിയില്‍ അന്‍വറിനെതിരെ ഫോണ്‍ ചോര്‍ത്തലില്‍ കേസെടുത്തിരുന്നു.

അരീക്കോട് എം.എസ്.പി ക്യാമ്പില്‍ വെച്ചാണ് അന്‍വര്‍ ഫോണ്‍ കോള്‍ ചോര്‍ത്തിയത്. വിവരങ്ങള്‍ ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുകയായിരുന്നു.

മലപ്പുറം എസ്.പിയായിരുന്ന സുജിത്ത് ദാസിന്റെയും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെയും അറിവയോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതേസമയം പി.വി. അന്‍വര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlight: Phone tapping case against PV Anvar; High Court expresses dissatisfaction with investigation

We use cookies to give you the best possible experience. Learn more