ഐ.പി.എല്‍ 2026ലും കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലില്‍ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ക്യാപ്റ്റന്‍ രജത് പാടിദാറും സംഘവും ഗുജറാത്തിനെ വീഴ്ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ബെംഗളൂരു ഒരിക്കല്‍ കൂടി കിരീടം സ്വന്തമാക്കിയതോടെ ഐ.പി.എല്ലില്‍ ഒരു വമ്പന്‍ നേട്ടം കൊയ്തിരിക്കുകയാണ് സൂപ്പര്‍ താരം ഫില്‍ സാള്‍ട്ട്. തുടര്‍ച്ചയായ മൂന്ന് ഐ.പി.എല്‍ സീസണില്‍ കിരീടം നേടുന്ന ആദ്യ വിദേശ താരമാകാനാണ് ഫില്‍ സാള്‍ട്ടിന് സാധിച്ചത്.
2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കിരീടം നേടിയ സാള്‍ട്ടിന് പിന്നീടുള്ള രണ്ട് സീസണിലും ബെംഗളൂരുവിനൊപ്പം കരീടത്തില്‍ മുത്തമിടാന്‍ സാധിച്ചു. മറ്റൊരു വിദേശ താരത്തിനും ഐ.പി.എല്‍ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ടാണ്.
സീസണില്‍ ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമായിരുന്നു സാള്‍ട്ട് നല്‍കിയത്. പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും തുടക്കത്തില്‍ ആറ് മത്സരത്തില്‍ നിന്ന് 78 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 202 റണ്‍സാണ് സാള്‍ട്ട് ബെംഗളൂരുവിന് വേണ്ടി നേടിയത്. ഐ.പി.എല്‍ കരിയറില്‍ 40 മത്സരങ്ങളില്‍ നിന്ന് 1258 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ ആദ്യ കിരീട നേട്ടം.
Content Highlight: Phil Salt In Great Record Achievement In IPL History