| Thursday, 14th August 2025, 10:46 pm

ഐ.പി.എല്ലില്‍ പോലും ഒരു ഇന്ത്യന്‍ താരമില്ല; ഹണ്‍ഡ്രഡില്‍ ആയിരമടിച്ച് തകര്‍പ്പന്‍ നേട്ടത്തിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കുട്ടിക്രിക്കറ്റായ ടി-20 ഫോര്‍മാറ്റിനെ വീണ്ടും കുട്ടിയാക്കിയാണ് ദി ഹണ്‍ഡ്രഡ് പിറവിയെടുത്തത്. നൂറ് പന്തുകള്‍ മാത്രമുള്ള ഇന്നിങ്‌സുകളടങ്ങിയ മാച്ചിനെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വൈറ്റാലിറ്റി ബ്ലാസ്റ്റ് പടര്‍ന്നുപന്തലിച്ച അതേ ഇംഗ്ലീഷ് മണ്ണില്‍ ദി ഹണ്‍ഡ്രഡും വേരോട്ടമുണ്ടാക്കി.

2021ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റിന്റെ അഞ്ചാം എഡിഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ബെര്‍മിങ്ഹാം ഫീനിക്‌സ്, ലണ്ടന്‍ സ്പിരിറ്റ്, മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ്, നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ്, ഓവല്‍ ഇന്‍വിന്‍സിബിള്‍സ്, സതേണ്‍ ബ്രേവ്, ട്രെന്റ് റോക്കെറ്റ്‌സ്, വെല്‍ഷ് ഫയര്‍ എന്നിങ്ങനെ എട്ട് ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഒരേ സമയം പുരുഷ-വനിതാ ടൂര്‍ണമെന്റുകള്‍ നടക്കുന്നു എന്നത് ദി ഹണ്‍ഡ്രഡിന്റെ മാത്രം പ്രത്യേകതയാണ്.

ടൂര്‍ണമെന്റിന്റെ അഞ്ചാം എഡിഷനിലാണ് ഒരു താരം ആയിരം റണ്‍സ് മാര്‍ക് പിന്നിടുന്നത്. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിന്റെ ഫില്‍ സാള്‍ട്ടാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ഓവല്‍ ഇന്‍വിന്‍സിബിള്‍സിനെതിരായ മത്സരത്തിലാണ് ഫില്‍ സാള്‍ട്ട് ഈ ചരിത്രം കുറിച്ചത്.

തൊട്ടടുത്ത ദിവസം ജെയിംസ് വീന്‍സും ദി ഹണ്‍ഡ്രഡില്‍ ആയിരം റണ്‍സ് പൂര്‍ത്തിയാക്കി. സീസണില്‍ സതേണ്‍ ബ്രേവിന് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്.

മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനൊപ്പം ആയിരം റണ്‍സ് പൂര്‍ത്തിയാക്കിയതോടെ ഒരു എലീറ്റ് ലിസ്റ്റിലും സാള്‍ട്ട് ഇടം നേടി. ലോകമെമ്പാടുമുള്ള വിവിധ ടി-20 ലീഗുകളില്‍ ആദ്യം ആയിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ ലിസ്റ്റിലാണ് സാള്‍ട്ടും ഇടം നേടിയത്.

വിവിധ അന്താരാഷ്ട്ര ടി-20 ലീഗുകളില്‍ ആദ്യം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(ലീഗ് – രാജ്യം – താരം – വര്‍ഷം എന്നീ ക്രമത്തില്‍)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) – ഇന്ത്യ – ആദം ഗില്‍ക്രിസ്റ്റ് -2010

ബിഗ് ബാഷ് ലീഗ് (ബി.ബി.എല്‍) – ഓസ്‌ട്രേലിയ – ആരോണ്‍ ഫിഞ്ച് – 2015

കരിബീയന്‍ പ്രീമിയര്‍ ലീഗ് (സി.പി.എല്‍) – വെസ്റ്റ് ഇന്‍ഡീസ് – ക്രിസ് ഗെയ്ല്‍ – 2015

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (ബി.പി.എല്‍) – ബംഗ്ലാദേശ് – മുഷ്ഫിഖര്‍ റഹീം – 2016

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) – കമ്രാന്‍ അക്മല്‍ – 2019

ലങ്ക പ്രീമിയര്‍ ലീഗ് (എല്‍.പി.എല്‍) – ശ്രീലങ്ക – അവിഷ്‌ക ഫെര്‍ണാണ്ടോ – 2023

എസ്.എ 20 – സൗത്ത് ആഫ്രിക്ക – ഹെന്‌റിക് ക്ലാസന്‍ – 2025

ദി ഹണ്‍ഡ്രഡ് – ഇംഗ്ലണ്ട് – ഫില്‍ സാള്‍ട്ട് – 2025*

ഇതിന് പുറമെ ഐ.എല്‍. ടി-20, മേജര്‍ ലീഗ് ക്രിക്കറ്റ് അടക്കമുള്ള ലീഗുകളിലെ താരങ്ങളും ഈ ലിസ്റ്റില്‍ ഇടം നേടാന്‍ മത്സരിക്കുന്നുണ്ട്. അധികം വൈകാതെ കൂടുതല്‍ ലീഗുകളും കൂടുതല്‍ താരങ്ങളും ഈ ലിസ്റ്റില്‍ ഇടം നേടുമെന്നുറപ്പാണ്.

Content highlight: Phil Salt becomes the first batter to complete 1000 runs in The Hundred

We use cookies to give you the best possible experience. Learn more