| Tuesday, 21st October 2025, 12:16 pm

മൂന്ന് പന്തിനിടെ നഷ്ടമായത് രണ്ട് ചരിത്ര ടി-20 സെഞ്ച്വറികള്‍; ജയിച്ച് ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍. ഹേഗ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ 65 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 18 ഓവറില്‍ 171 റണ്‍സിന് പുറത്തായി.

ഫില്‍ സാള്‍ട്ടിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ടിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോറിലെത്തിയത്. സാള്‍ട്ട് 56 പന്തില്‍ 85 റണ്‍സും ബ്രൂക് 35 പന്തില്‍ 78 റണ്‍സും നേടി.

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കൈല്‍ ജാമൈസണാണ് ഇരുവരെയും പുറത്താക്കിയത്. അതും ഒറ്റ ഓവറില്‍ തന്നെ.

ഓവറിലെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിനെ മടക്കിയാണ് ജാമൈസണ്‍ കൂട്ടുകെട്ട് പൊളിച്ചത്. അഞ്ച് സിക്‌സറും ആറ് ഫോറും അടക്കം 222.86 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശവെ ടിം റോബിന്‍സണിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

ഓവറിലെ നാലാം പന്തില്‍ സാള്‍ട്ടും മടങ്ങി. മൈക്കല്‍ ബ്രേസ്വെല്ലിന് ക്യാച്ച് നല്‍കിയായിരുന്നു ഓപ്പണറുടെ മടക്കം. ഇതോടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രണ്ട് ഇംഗ്ലീഷ് താരങ്ങളെ ഒറ്റ ഓവറില്‍ മടക്കിയ ജാമൈസണ്‍ ഒരുപക്ഷേ ടോട്ടല്‍ 250 കടന്നേക്കാവുന്ന സാധ്യതയും ഇല്ലാതാക്കി.

ഇവരില്‍ ആര് തന്നെ സെഞ്ച്വറി നേടിയാലും ചരിത്ര നേട്ടങ്ങള്‍ പിറക്കുകയും ചെയ്യുമായിരുന്നു. സെഞ്ച്വറിക്ക് 15 റണ്‍സകലെ വീണ സാള്‍ട്ടിന്റെ പേരിലാണ് നൂറ് പിറക്കുന്നതെങ്കില്‍ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാകും സാള്‍ട്ടിന്റെ പേരില്‍ കുറിക്കപ്പെടുക.

ഫില്‍ സാള്‍ട്ട്

അതേസമയം, ബ്രൂക്കാണ് സെഞ്ച്വറി നേടിയതെങ്കില്‍ അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇംഗ്ലീഷ് ക്യാപ്റ്റനെന്ന റെക്കോഡും പിറവിയെടുക്കുമായിരുന്നു.

ഹാരി ബ്രൂക്

നേരത്തെ പരമ്പരയിലെ ആദ്യ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടാമത് ടി-20 വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്.

ഒക്ടോബര്‍ 23നാണ് പരമ്പരയിലെ അവസാന മത്സരം. ഓക് ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കാണ് വേദി. പരമ്പര സമനിലയില്‍ അവസാനിപ്പിക്കണമെങ്കില്‍ ആതിഥേയര്‍ക്ക് വിജയം അനിവാര്യമാണ്.

Content Highlight: Phil Salt and Harry Brook missed century against New Zealand

We use cookies to give you the best possible experience. Learn more