| Tuesday, 27th November 2018, 10:48 am

ക്രിക്കറ്റ് പിച്ചിലെ കണ്ണീരോര്‍മ്മ; ഫിലിപ്പ് ഹ്യൂഗ്‌സ് വിടപറഞ്ഞിട്ട് നാല് വര്‍ഷം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തിലെ കണ്ണീരോര്‍മ്മയാണ് നവംബര്‍ 27. കളിക്കിടെ ബൗണ്‍സര്‍ തലയിലേറ്റ് ഗുരുതര പരിക്കേറ്റ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂഗ്‌സ് 2014 നവംബര്‍ 27 നാണ് ക്രിക്കറ്റ് പിച്ചിനോടും ജീവിതത്തോടും വിടപറഞ്ഞത്.

സിഡ്‌നിയില്‍ ന്യൂസൗത്ത് വെയ്ല്‍സിനെതിരായ മത്സരത്തിനിടെയാണ് 25 കാരനായ ഹ്യൂഗ്‌സിന് തലയില്‍ പന്ത് കൊണ്ടത്. സൗത്ത് ആസ്‌ട്രേലിയയ്ക്കായാണ് ഹ്യൂഗ്‌സ് അന്ന് കളിക്കാനിറങ്ങിയിരുന്നത്.

സീന്‍ അബോട്ടിന്റെ ബൗണ്‍സറായിരുന്നു ഹ്യൂഗ്‌സിന്റെ ജീവനെടുത്തത്.

തലയില്‍ പന്തുകൊണ്ട ശേഷം ഏതാനും നിമിഷങ്ങള്‍ പിച്ചില്‍ നിന്ന ഹ്യൂഗ്സ് ഉടന്‍ തന്നെ ക്രീസിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ബൗളര്‍ അബോട്ടടക്കം കളിക്കാരെല്ലാം ശുശ്രൂഷക്കെത്തിയെങ്കിലും ബോധരഹിതനായി കിടന്ന ഹ്യൂഗ്സിനെ ഉടന്‍ തന്നെ വൈദ്യപരിശോധനക്ക് വിധേയനാക്കി.

പ്രാഥമിക പരിശോധനയില്‍ തന്നെ ഹ്യൂഗ്സിന്റെ നില മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഹെലികോപ്ടര്‍ മാര്‍ഗം സിഡ്നിയിലെ ആശുപത്രിയില്‍ എത്തിച്ചു. വിശദമായ സ്‌കാനിംഗിന് ശേഷം അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.

വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ഹ്യൂഗ്സിന്റെ ജീവന്‍ മൂന്ന ദിവസം നിലനിര്‍ത്തിയത്. ഓസ്ട്രേലിയക്ക് വേണ്ടി 26 ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ഹ്യൂഗ്സ് നാലായിരത്തിനടുത്ത് അന്താരാഷ്ട്ര റണ്ണുകള്‍ നേടിയിട്ടുണ്ട്.


ഓസീസ് ടെസ്റ്റ് ടീമിലേക്ക് ഹ്യൂഗ്സ് മടങ്ങിയെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് അപകടമുണ്ടായത്.

നാല് വര്‍ഷത്തിനിപ്പുറവും ഹ്യൂഗ്‌സ് ക്രിക്കറ്റ് പ്രേമികള്‍ക്ക് വിങ്ങുന്ന ഓര്‍മ്മയാണ്. കുറഞ്ഞ കാലയളവില്‍ തന്നെ പ്രതിഭ കാണിച്ച താരമായിരുന്നു ഹ്യൂഗ്‌സ്.

ആഭ്യന്തര ക്രിക്കറ്റില്‍ 26 സെഞ്ച്വറി എന്ന പകിട്ടോടെയാണ് ഹ്യൂഗ്‌സ് ഓസീസ് ടീമിലേക്ക് എത്തുന്നത്. ടെസ്റ്റില്‍ 3 സെഞ്ച്വറിയും ഏകദിനത്തില്‍ 2 സെഞ്ച്വറിയും ഹ്യൂഗ്‌സ് നേടിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more