| Thursday, 13th August 2026, 2:13 pm

ഹോര്‍മുസില്‍ നിയന്ത്രണമുണ്ടെന്ന യു.എസ് വാദം തള്ളി പി.ജി.എസ്.എ; ഇറാന്റെ നിബന്ധന അംഗീകരിക്കുന്നത് വരെ ഹോര്‍മുസ് തുറക്കില്ല

കെ.എസ് ഷാബിന

ടെഹ്‌റാൻ: ഹോർമുസ് കടലിടുകിന്മേൽ പൂർണ നിയന്ത്രണമുണ്ടെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളി ഇറാൻ. തന്ത്രപ്രധാനമായ ജലപാത ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെന്നും നിബന്ധനകൾ എല്ലാം അമേരിക്ക അംഗീകരിക്കുന്നത് വരെ അടച്ചിടുന്നത് തുടരുമെന്നും ഇറാൻ അറിയിച്ചു.

ഹോർമുസിന്റെ നിയന്ത്രണം വാഷിങ്ടണ്ണിന് ഉണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയായിരുന്നു പേർഷ്യൻ ഗൾഫ് കടലിടുക്ക് അതോറിറ്റിയുടെ (പി.ജി.എസ്.എ) പ്രതികരണം.

‘ഹോർമുസ് കടലിടുക്ക് മറ്റാരുമല്ല, ഞങ്ങൾ മാത്രമാണ് പൂർണമായും നിയന്ത്രിക്കുന്നത്’ എന്ന് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയിരുന്നു ട്രംപിന്റെ പ്രതികരണം.

ഹോർമുസ് കടലിടുക്ക് തടഞ്ഞിട്ടില്ലെന്ന യു.എസ് ഉദ്യോഗസ്ഥരുടെ അവകാശവാദങ്ങൾക്കും ആവർത്തിച്ചുള്ള പോസ്റ്റുകൾക്കും യാഥാർഥ്യത്തെ മാറ്റാനാവില്ല. ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ് എന്നും ട്രംപിന്റെ നിയന്ത്രണ അവകാശവാദങ്ങൾ ഇറാൻ തള്ളിക്കളയുന്നു എന്നും പേർഷ്യൻ ഗൾഫ് കടലിടുക് അതോറിറ്റി (പി.ജി.എസ്.എ) എക്സിൽ കുറിച്ചു.

ഫെബ്രുവരി 28 മുതൽ ഏപ്രിൽ 7 വരെ ഇറാനെ ലക്ഷ്യമിട്ട് നടന്ന യു.എസ് -ഇസ്രഈൽ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചത്.

അതേസമയം, ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടയക്കുക, ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ അമേരിക്ക നിറവേറ്റുന്നില്ലെങ്കിൽ ഹോർമുസ് വീണ്ടും തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.

ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെങ്കിൽ സംഘർഷം അവസാനിപ്പിക്കുന്നതിനും കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ഇനിയും സാധ്യതയുണ്ടെന്ന് സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി വക്താവ് മൊർട്ടസാവി അൽ ജസീറയോട് പറഞ്ഞു.

Content Highlight: PGSA rejects US claim of control over Strait of Hormuz, says it won’t reopen until Iran’s conditions are met

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more