| Tuesday, 17th February 2026, 3:32 pm

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

രാഗേന്ദു. പി.ആര്‍

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ വിമര്‍ശനവുമായി ഫലസ്തീന്‍ ഫോറം ഇന്‍ ബ്രിട്ടന്‍ (പി.എഫ്.ബി).

ഫലസ്തീനെതിരായ വിവേചനത്തില്‍ പ്രതിഷേധിച്ച് പി.എഫ്.ബി ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ട്രസ്റ്റി ബോര്‍ഡിന് കത്തെഴുതി.

മ്യൂസിയത്തിന്റെ പ്രൊഫഷണല്‍, ധാര്‍മിക ഉത്തരവാദിത്തങ്ങള്‍ക്ക് എതിരായ നീക്കമാണ് ഉണ്ടായതെന്നും പി.എഫ്.ബി പറഞ്ഞു. ചരിത്രത്തെ കീറിമുറിക്കുന്ന ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.എഫ്.ബി വ്യക്തമാക്കി.

ചരിത്രത്തെ വ്യക്തമായും കൃത്യമായും അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം ഒരു മ്യൂസിയത്തിനുണ്ട്. രാഷ്ട്രീയ സമ്മര്‍ദം വകവെക്കാതെ മ്യൂസിയങ്ങള്‍ സമഗ്രതയോടെ സ്വതന്ത്രമായി തങ്ങളുടെ കടമ നിര്‍വഹിക്കണമെന്നും പി.എഫ്.ബി പറഞ്ഞു.

യു.കെ ലോയേര്‍സ് ഫോര്‍ ഇസ്രഈല്‍ എന്ന (UKLFI) സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ നടപടി. പുരാതന കാലഘട്ടത്തെ വിവരിക്കാന്‍ ഫലസ്തീന്‍ എന്ന പദം ഉപയോഗിക്കുന്നത് ചരിത്രപരമായി തെറ്റാണെന്നായിരുന്നു ഇവരുടെ വാദം.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും പി.എഫ്.ബി പറഞ്ഞു. രാഷ്ട്രീയ ലോബിയുടെ ഭീഷണിക്ക് വഴങ്ങി സാംസ്‌കാരിക സ്ഥാപനങ്ങള്‍ ചരിത്രപരമായ ഭാഷകളും പൊതുവ്യഖ്യാനങ്ങളും മാറ്റരുതെന്നും സംഘടന നിര്‍ദേശിച്ചു.

ഇതിനകം പുറത്താക്കപ്പെട്ട ഒരു ജനതയെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നത് കാണുമ്പോള്‍ ദുഖമുണ്ടെന്നും പി.എഫ്.ബി കൂട്ടിച്ചേര്‍ത്തു.

‘ഫലസ്തീന്‍ എന്ന പേര് നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യുന്നത് നിഷ്പക്ഷമായ ഒരു നീക്കമല്ല. ഫലസ്തീന്‍ ഐഡന്റിറ്റിയും ചരിത്രവും മായ്ച്ചുകളയുന്നത് ഇത്തരം നിഷ്പക്ഷതയ്ക്കുള്ള കൂടുതല്‍ സംഭാവനകളാണ്. ഫലസ്തീനികളെ സംബന്ധിച്ച് ‘ഫലസ്തീന്‍’ എന്ന പേര് ഭൂമിശാസ്ത്രപരമായ ലേബലിനേക്കാള്‍ വലതുതാണ്. അതവരുടെ സംസ്‌കാരമാണ്. ഓര്‍മയാണ്, ഭൂമിയുമായുള്ള ബന്ധമാണ്,’ എന്നും പി.എഫ്.ബി കത്തില്‍ പറയുന്നു.

മ്യൂസിയത്തില്‍ ഫലസ്തീന്‍ എന്ന വാക്ക് ഉടനടി പുനസ്ഥാപിക്കണമെന്നും പി.എഫ്.ബി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഗവേഷകരുടെയും ചരിത്രകാരന്മാരുടെയും ഇടപെടലും പി.എഫ്.ബി ആവശ്യപ്പെടുന്നുണ്ട്.

ഫലസ്തീന്‍ എന്ന പദം ചരിത്ര രേഖകളില്‍ ഉപയോഗിക്കുന്നത് ഇസ്രഈലിന്റെയും ജൂത ജനതയുടെയും ചരിത്രം മറയ്ക്കപ്പെടുന്നതിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെ.എല്‍.എഫ്.ഐ നടപടി ആവശ്യപ്പെട്ടത്.

സംഭവം വിവാദമായതോടെ, സന്ദര്‍ശകര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ ഫലസ്തീന്‍ എന്ന പദം ചില ചരിത്ര സന്ദര്‍ഭങ്ങളില്‍ വ്യക്തത കുറയ്ക്കുന്നതായി കണ്ടെത്തിയെന്നും അതിനാല്‍ കൂടൂതല്‍ വ്യക്തമായ പദങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും ബ്രിട്ടീഷ് മ്യൂസിയം പ്രതികരിച്ചിരുന്നു.

Content Highlight: PFB slams British Museum for marginalizing Palestinians again

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more