തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍ സമരത്തില്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സും കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തത്.[]
ശിവഗിരി തീര്‍ഥാടനം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയെ സമരത്തില്‍ നിന്ന് ഒഴിവാക്കി. കൊല്ലം മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ ഇന്ന് അര്‍ധരാത്രിവരെ പമ്പുകള്‍ അടച്ചിടും. 24 മണിക്കൂറാണ് സമരം.
പുതിയ ബങ്കുകള്‍ അനുവദിക്കാനുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുക, പമ്പുകള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുക, പെട്രോളിന്റെ വിലനിര്‍ണയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അതേസമയം, എറണാകുളം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍, ആലപ്പി ജില്ലാ പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ എന്നിവയില്‍ അംഗങ്ങളായ പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ ഏതാനും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിത കാലസമരം നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.