| Friday, 15th February 2013, 8:03 pm

വീണ്ടും വിലവര്‍ധന: പെട്രോളിന് 1.50 രൂപയും ഡീസലിന് 45 പൈസയും കൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിനു 1.50 രൂപയും ഡീസലിന് ലിറ്ററിനു 45 പൈസയാണ് വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്നതിനാലാണ് പെട്രോള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരായെന്നാണ് എണ്ണക്കമ്പനികളുടെ വാദം. പുതുക്കിയ വില അര്‍ധ രാത്രി മുതല്‍ പ്രബല്യത്തില്‍ വരും.[]

പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് എണ്ണ കമ്പനികള്‍ വില വര്‍ധന പ്രഖ്യാപിച്ചത്. പൊതുമേഖലാ എണ്ണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേധാവികള്‍ യോഗം ചേര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 1 രൂപ 32 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്.

പെട്രോളിന് പുറമെ ഡീസല്‍ വില നിയന്ത്രണാധികാരവും കമ്പനികള്‍ക്കു കൈമാറിയിരുന്നു. വിലനിയന്ത്രണാധികാരം കമ്പനികളില്‍ നിക്ഷിപ്തമായതോടെ ഡീസലിനു പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ മന്ത്രാലയവുമായി ധാരണയിലെത്തിയിരുന്നു. നഷ്ടം നികത്താനാണ് പ്രതിമാസം വിലവര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനികള്‍ പറയുന്നത്. സബ്‌സിഡി നല്‍കുന്നതു മൂലം ലിറ്ററിനു 9.22 രൂപയുടെ നഷ്ടം കമ്പനികള്‍ സഹിക്കുന്നുണ്ടെന്നാണ് വാദം.

Latest Stories

We use cookies to give you the best possible experience. Learn more