| Monday, 6th October 2025, 1:58 pm

ഇപ്പോള്‍ രാജഭരണമല്ല; 'മഹാരാജ' ഒഴിവാക്കിയില്ലെങ്കില്‍ ഹരജി റദ്ദാക്കും: രാജകുടുംബത്തോട് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പുര്‍: കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജികളില്‍ നിന്നും ‘മഹാരാജ’, ‘പ്രിന്‍സസ്’ തുടങ്ങിയ വിശേഷണങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ജയ്പൂര്‍ രാജകുടുംബം നല്‍കിയിരിക്കുന്ന കേസ് റദ്ദാക്കുമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

ഒക്ടോബര്‍ 13ന് മുമ്പ് ഈ വിശേഷണങ്ങള്‍ ഒഴിവാക്കി പെറ്റീഷന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 24 വര്‍ഷമായി കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്.

രാജഭരണം മാറി ജനാധിപത്യം വന്നിട്ടും രാജകീയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയായിരുന്നു ഹൈക്കോടതി.

ഒരാഴ്ചയ്ക്കുള്ളില്‍ പെറ്റീഷനിലെ രാജകീയ വിശേഷണങ്ങള്‍ ഒഴിവാക്കി വീണ്ടും സമര്‍പ്പിക്കുകയാണെങ്കില്‍ മാത്രം കേസ് പരിഗണിക്കും.

അല്ലെങ്കില്‍ കേസ് കോടതി ഇടപെടലില്ലാതെ തന്നെ റദ്ദാക്കപ്പെടുമെന്ന് ജസ്റ്റിസ് മഹേന്ദ്ര കുമാര്‍ രാജസ്ഥാനിലെ ജയ്പൂരിലെ രാജകുടുംബാംഗങ്ങളോട് പറഞ്ഞു.

മുന്‍സിപ്പല്‍ അധികൃതര്‍ തങ്ങള്‍ താമസിക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. 2001ലാണ് ആദ്യമായി ഈ വിഷയത്തില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്.

 ജയ്പൂര്‍ രാജകുടുംബത്തിലെ നിയമപരമായ പിന്‍ഗാമികളായിരുന്ന ജഗദ് സിങ്ങും പൃഥ്വിരാജ് സിങ്ങുമാണ് ഹരജി സര്‍പ്പിച്ചത്.

സ്വതന്ത്ര്യ റിപബ്ലിക് രാജ്യത്ത് ‘മഹാരാജ’ പോലുള്ള രാജകീയ വിശേഷണങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രസക്തി എന്താണ് എന്ന് കോടതി ചോദിച്ചു.

രാജകീയമായ അവകാശങ്ങളെല്ലാം ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അവസാനിച്ചെന്നും എന്നിട്ടും ഇപ്പോഴുമെന്തിനാണ് കോടതി കാര്യങ്ങള്‍ക്ക് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും ഹരജിക്കാരനെ വിമര്‍ശിച്ചു.

2022 ജനുവരിയിലും ജയ്പുര്‍ കോടതി സമാനമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാരിനോടും രാജസ്ഥാന്‍ സര്‍ക്കാരിനോടും ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായം കോടതി ചോദിച്ചിരുന്നു.

വിവിധ ഹരജികള്‍ പരിഗണിക്കുന്നതിനിടെ ജോധ്പുര്‍ കോടതിയും സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു.

Content Highlight: It is no longer a princely state; petition will be dismissed if ‘Maharaja’ is not removed: High Court to royal family

We use cookies to give you the best possible experience. Learn more