| Monday, 5th May 2025, 5:13 pm

ജമ്മു കശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. ഹരജി സമര്‍പ്പിച്ച അഭിഭാഷകനെ സുപ്രീം കോടതി ശാസിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വരന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. വിഷയത്തിന്റെ സംവേദനക്ഷമത മനസിലാക്കാതെയാണ് ഹരജിക്കാരന്‍ വാദമുന്നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊതുതാത്പര്യ ഹരജി പബ്ലിസിറ്റിക്ക് വേണ്ടിയാണ് സമര്‍പ്പിച്ചതെന്ന് കാണിച്ച് സുപ്രീം കോടതി അഭിഭാഷകനെ ശകാരിക്കുകയായിരുന്നു. വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് അഭിഭാഷകന്‍ വിശാല്‍ തിവാരി സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ പറയുന്നത്.

ഇത്തരമൊരു ഹരജി ഫയല്‍ ചെയ്തതെന്തിനാണെന്നും ഇതുകൊണ്ടുള്ള യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്നും ചോദിച്ച കോടതി വിഷയത്തിന്റെ സംവേദന ക്ഷമത എന്തുകൊണ്ട് മനസിലാകുന്നില്ലെന്നും ഹരജിക്കാരനോട് പറഞ്ഞു.

തിവാരി തുടര്‍ച്ചയായി പൊതുതാത്പര്യ ഹരജികള്‍ സമര്‍പ്പിക്കുന്നത് പൊതുതാത്പര്യത്തിനല്ലെന്നും ഇതില്‍ തൃപ്തനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സമര്‍പ്പിച്ച ഹരജികള്‍ക്ക് പൊതുതാത്പര്യമില്ലെന്ന് പറഞ്ഞ കോടതി അവ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും വ്യക്തമാക്കി.

അതേസമയം ജമ്മു കശ്മീരില്‍ ആദ്യമായാണ് വിനോദസഞ്ചാരികള്‍ ആക്രമിക്കപ്പെടുന്നതെന്നും അതിനാലാണ് സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യപ്പെടുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. അമര്‍നാഥ് തീര്‍ത്ഥയാത്രയ്ക്ക് സുരക്ഷ ഒരുക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിശാല്‍ തിവാരി ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

Content Highlight: Petition seeking security for tourists in Jammu and Kashmir; Court reprimands lawyer, dismisses petition

We use cookies to give you the best possible experience. Learn more