| Thursday, 3rd April 2014, 4:52 pm

ഡി.സി ബുക്‌സിന് നേരെയുള്ള ആക്രമണം: നടപടിയാവശ്യപ്പെട്ട് സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കോട്ടയം: അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖം പുസ്തകമായി പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഡി.സി ബുക്‌സിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നടപടിയാവശ്യപ്പെട്ട് സാംസ്‌കാരിക നായകര്‍. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കണമെന്ന ആവശ്യം ഉന്നയിച്ച് അമ്പതോളം സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും നിവേദനം നല്‍കി.

പ്രമുഖ സാഹിത്യകാരന്‍മാരായ എം.ടി വാസുദേവന്‍ നായര്‍, സേതു, ഒ.എന്‍.വി കുറിപ്പ് എന്നിവരുള്‍പ്പെടെ അമ്പതോളം പ്രമുഖര്‍ ഒപ്പിട്ട നിവേദനം സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും സമര്‍പ്പിച്ചിട്ടുണ്ട്. ആക്രമണം ജനാധിപത്യലംഘനവും ആവിഷ്‌കാരലംഘനത്തിന് മേലുള്ള കടന്നുകയറ്റമാണ്. കുറ്റക്കാരെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ കൊണ്ടുവരണം-നിവേദനത്തില്‍ പറയുന്നു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് ഗെയ്ല്‍ ട്രഡ്‌വെലുമായി നടത്തിയ അഭിമുഖം, അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു ഡി.സി ബുക്‌സ് ശാഖയ്ക്കും പ്രസാധകന്‍ രവി ഡി സിയുടെ വീടിന് നേരെ ആക്രമണം. ഏപ്രില്‍ ഒന്നിന് കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

ഡി.സി ബുക്‌സിന്റെ ശാഖയിലെത്തിയ സംഘം പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തു. ഇവര്‍ സംഭവസ്ഥലത്ത് കാവിക്കൊടി ഇടുകയും ചെയ്തു. പുസ്തക ഷെല്‍ഫുകള്‍ തട്ടിമറിച്ച സംഘം ഡി.സി ബുക്‌സ് ജീവക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more