| Friday, 3rd April 2026, 4:38 pm

ആരോഗ്യമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല; യു.എസ്-ഇസ്രഈല്‍ ആക്രമണങ്ങളില്‍ ആഗോള സംഘടകളുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പെസസ്‌കിയാന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ഇറാനിലെ ആശുപത്രികള്‍ക്കും മെഡിക്കല്‍ ഗവേഷണ കേന്ദ്രങ്ങള്‍ക്കും നേരെയുളള അമേരിക്കന്‍ ആക്രമണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.

ലോകാരോഗ്യ സംഘടനയോടും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസിനോടുമാണ് നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിച്ചത്.

ആശുപത്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, മെഡിക്കല്‍ ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ ആക്രമിക്കുന്നതിലൂടെ അമേരിക്ക എന്ത് സന്ദേശമാണ് നല്‍കുന്നതെന്നതും പെസസ്‌കിയാന്‍ ചോദിച്ചു.

‘ലോകാരോഗ്യ സംഘടന, റെഡ് ക്രോസ്, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേസ്, ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ എന്നിവരോട് മനുഷ്യരാശിക്കെതിരായ ഈ കുറ്റകൃത്യത്തിനെതിരെ പ്രതികരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഇറാനിലെ ഏറ്റവും പഴക്കം ചെന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളിലൊന്നായ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം യു.എസ് ഇസ്രഈല്‍ ആക്രമണത്തിന് ഇരയായ സാഹചര്യത്തിലാണ് പെസസ്‌കിയാന്റെ പരാമര്‍ശം.

പൊതുജനാരോഗ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒരു ഗവേഷണ, ഉത്പാദന, സേവന, വിദ്യാഭ്യാസ സ്ഥാപനമായിരുന്നു ഇത്.

ഒരു നൂറ്റാണ്ട് നീണ്ട ചരിത്രത്തിലുടനീളം, രാജ്യത്തും ലോകമെമ്പാടുമുള്ള നിരവധി പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുന്നതില്‍ സ്ഥാപനം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 1920 മുതല്‍, ഈ സ്ഥാപനം ഈ മേഖലയിലെ വാക്‌സിന്‍ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.

ചൊവ്വാഴ്ച ടെഹ്റാനില്‍ മറ്റൊരു പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ടോഫിഗ് ദാരുവില്‍ യു.എസ്-ഇസ്രായേല്‍ മിസൈലുകള്‍ പതിക്കുകയും അതിന്റെ അസംസ്‌കൃത വസ്തുക്കളുടെ ഉത്പാദന യൂണിറ്റുകളും ഗവേഷണ വികസന യൂണിറ്റും പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ നിബന്ധനകള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുത കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഇത് യുദ്ധ കുറ്റമാണെന്ന് കാണിച്ച് അമേരിക്കയിലെ ഡസന്‍കണക്കിന് നിയമ വിദഗ്ധര്‍ തുറന്ന കത്തുമായും രംഗത്തെത്തിയിരുന്നു.

Content Highlight: Peshevsky calls for global organizations to intervene in US-Israeli attacks; will not allow health sector to be destroyed

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more