| Wednesday, 6th July 2016, 2:39 pm

സാഹിത്യ ജീവിതത്തിലേക്ക് തിരിച്ച് വരും; പെരുമാള്‍ മുരുകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹൈക്കോടതി വിധി വളരെ സന്തോഷകരമാണെന്നും സാഹിത്യ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍. മാതൊരുഭാഗന്‍ (അര്‍ധനാരീശ്വരന്‍) എന്ന തന്റെ പുസ്തകം പിന്‍വലിക്കേണ്ടതില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനസ്സിന് അതീവ ആശ്വാസം പകരുന്ന വിധിയാണ് വന്നിരിക്കുന്നതെന്നും തന്റെ കഴിവിനും പ്രാഗല്‍ഭ്യത്തിനും അനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ എഴുത്തുകാരനെ അനുവദിക്കണമെന്ന കോടതി വിധി മനസ്സിന് കുറച്ചൊന്നുമല്ല ആശ്വാസമായതെന്നും അദ്ദേഹം പറഞ്ഞു.

ഇനി താന്‍ വീണ്ടും എഴുത്തില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും തനിക്കെതിരെ നിന്നവര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാതൊരുഭാഗന്‍ എന്ന പുസ്തകം പിന്‍വലിച്ച് പെരുമാള്‍ മുരുകന്‍ മാപ്പ് പറയണമെന്ന് നാമക്കല്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. പിന്നീട് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

ഇതിന് ശേഷം താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുകന്‍ പ്രഖ്യാപിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഒത്തുതീര്‍പ്പ് ഫോര്‍മുലയെ ചോദ്യം ചെയ്ത് തമിഴ്‌നാട്ടിലെ പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയാണ് പെരുമാള്‍ മുരുകനു വേണ്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

തുടര്‍ന്നാണ് പുസ്തകം പിന്‍വലിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെരുമാള്‍ മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു.

സാഹിത്യവും കലയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസോ ഭരണാധികാരികളോ അല്ല തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തില്‍ അവഗാഹമുള്ള വിദഗ്ധസമിതിക്ക് മൂന്ന് മാസത്തിനുള്ളില്‍ രൂപം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more