[]ന്യൂദല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ താമസിയാതെ കുറവു വരാന്‍ സാധ്യത.
ഇന്നലെ ഇറാനുമായി ആറു മുന്‍നിര ലോകരാഷ്ട്രങ്ങള്‍ ആണവകരാറിന് ധാരണയായതോടെ ആഗോളക്രൂഡ് വിലകളില്‍ ഗണ്യമായ കുറവ് കണ്ടു.
ആണവ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ സുപ്രധാന ധാരണയിലാണ് എത്തിയിരിക്കുന്നത്.
ഇറാനും അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും തമ്മില്‍ നാലുദിവസത്തിലേറെ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതിന് ധാരണയായത്.
ഇറാനില്‍ നിന്നും കൂടി ഇനി മുതല്‍ ആഗോളവിപണിയിലേക്ക് ക്രൂഡ് വരുമെന്നതാണ് വില കുറയാന്‍ കാരണം. ബാരലൊന്നിന് രണ്ടു ഡോളറിന്റെ കുറവോടെ 93 ഡോളറിലേക്കാണ് വില താഴ്ന്നത്.
ഡിസംബറോടെ ഇനിയും വില കുറഞ്ഞേക്കും. ഇന്ത്യയെ സംബന്ധിച്ച് നാണ്യപെരുപ്പവും വിലക്കയറ്റവും കുറയ്ക്കാന്‍ ഇത് വലിയ രീതിയില്‍ സഹായകരമാവും.
അതേസമയം ആറുമാസത്തിനുള്ളില്‍ ഡീസല്‍ വിലനിയന്ത്രണം പൂര്‍ണമായി എടുത്തുമാറ്റുമെന്ന് പെട്രോളിയം മന്ത്രി എം. വീരപ്പ മൊയ്‌ലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
രാജ്യാന്തര വിപണിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് ഡീസല്‍ വില നിര്‍ണയം എണ്ണക്കമ്പനികള്‍ക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
രൂപയുടെ മൂല്യം കൂടുകയും രാജ്യാന്തര അസംസ്‌കൃത എണ്ണവിലയില്‍ കുറവുണ്ടാകുകയും ചെയ്യുന്നതിനെ ആശ്രയിച്ചായിരിക്കും വിലനിയന്ത്രണം നീക്കല്‍ പ്രാബല്യത്തില്‍ വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.