| Friday, 21st August 2026, 5:35 pm

ബെത്‌ലഹേമിലെ ജസ്റ്റിനും ആഷ്‌ലിയും പൊളിയാ... കുടുംബത്തോടൊപ്പം കാണാന്‍ പറ്റിയ കലക്കന്‍ യൂണിറ്റ്‌

നന്ദന. ടി

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി നായികാനായകന്മാരായി ഒന്നിക്കുന്ന ചിത്രം, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി.–മമിത കൂട്ടുകെട്ട് വീണ്ടും എത്തുന്ന ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളോടെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലെത്തിയത്.

ഗിരീഷ് എ.ഡി ആദ്യമായി ഒരു വലിയ താരത്തെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയ്‌ക്കൊപ്പം, അദ്ദേഹത്തിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ കാൻവാസിലുള്ള ചിത്രമെന്ന പ്രതീക്ഷയും തന്റെ സേഫ് സോണിലേക്ക്
നിവിൻ പോളി തിരിച്ചെത്തുമോ എന്ന ആകാംക്ഷയും ചേർന്നതോടെ ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസുകളിൽ ഏറെ പ്രതീക്ഷയുണർത്തിയ ഒന്നായി മാറുകയായിരുന്നു. ആ പ്രതീക്ഷകൾക്കൊന്നും കോട്ടം തട്ടാതെ തന്നെ റൊമാന്റിക് കോമഡി ഴോനറിനോട് പൂർണമായി നീതി പുലർത്തിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ബത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District

കാറ്ററിംഗ് സർവീസ് നടത്തുന്ന ജസ്റ്റിൻ എന്ന കഥാപാത്രമായി നിവിൻ പോളിയും കോളേജ് വിദ്യാർത്ഥിയായ ആഷ്‌ലിനായി മമിത ബൈജുവും എത്തുന്ന ചിത്രം അങ്കമാലിയിലുള്ള ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. അങ്കമാലിയിലെ ഒരു ക്രിസ്ത്യൻ കമ്മ്യൂണിറ്റി റെസിഡൻസിയിൽ നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ട കാറ്ററിംഗ് ബിസിനസ്സുകാരനായ ജസ്റ്റിന്റെ ജീവിതത്തിലേക്ക്, അയൽവീട്ടിലേക്ക് പുതിയ താമസക്കാരിയായി എത്തുന്ന കോളേജ് വിദ്യാർത്ഥിയായ ആഷ്‌ലിൻ കടന്നുവരുന്നതോടെയാണ് കഥയുടെ പ്രധാന വഴിത്തിരിവുണ്ടാകുന്നത്.

തുടർന്ന് സൗഹൃദത്തിൽ നിന്നും ഇരുവരുടെയും ബന്ധം പ്രണയത്തിലേക്ക് വഴിമാറുന്നു. നായികയും നായകനും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയാണ് സിനിമയിലെ പ്രധാന ഘടകം. ഇത് ഇരുവരുടെയും കുടുംബങ്ങളിൽ ഉണ്ടാകുന്ന സങ്കീർണ്ണതകളും പ്രശ്നങ്ങളും, പിന്നീട് ഇരുവരും ഒന്നിക്കുന്നതുമെല്ലാമാണ് സിനിമയുടെ പ്ലോട്ട്.

വലിയ ട്വിസ്റ്റുകളോ സംഭവബഹുലമായ ക്ലൈമാക്സോ ഇല്ലാതെ, എന്നാൽ ഗിരീഷ് എ.ഡി.യുടെ മുൻചിത്രങ്ങളിൽ പരിചിതമായ ഫീൽ-ഗുഡ്, ഹ്യൂമർ ഘടകങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഒരു പക്കാ ഫീൽ-ഗുഡ് ഹ്യൂമർ സിനിമയാണിത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ സീനിലും പുഞ്ചിരി പടർത്തിക്കൊണ്ട് കോമഡി വർക്ക് ഔട്ട് ചെയ്യുന്നതിലുള്ള പ്രഗത്ഭ്യം ഗിരീഷ് എ.ഡി. വീണ്ടും തെളിയിച്ചിരിക്കുന്നു. ഒരു സീനിലും വർക്ക് ഔട്ട് ആവാത്ത കോമഡി ഇല്ലെന്നു തന്നെ പറയാം.

ബത്‌ലഹേം കുടുംബ യൂണിറ്റ്. Photo. District

ഇനി അഭിനയത്തിലേക്ക് വരികയാണെങ്കിൽ, പ്രേക്ഷകർക്ക് ഏറെ പരിചിതമായ നിവിൻ പോളിയുടെ ഒരു പഴയ സ്ക്രീൻ പ്രസൻസ് തന്നെയാണ് ജസ്റ്റിനിലൂടെ വീണ്ടും കാണാനാവുന്നത്. കുറച്ചുകാലമായി നിവിൻ പോളിയിൽ പ്രേക്ഷകർ മിസ്സ് ചെയ്ത ചില ക്യൂട്ട് മാനറിസങ്ങളും കുസൃതി നിറഞ്ഞ അഭിനയവുമൊക്കെ കാണാൻ സാധിച്ചു. നിവിന്റെ മുൻ ചിത്രങ്ങളിലെ ചില കഥാപാത്രങ്ങളെയും ഇത് ഓർമ്മിപ്പിക്കുന്നതായിരുന്നു. നർമ്മരംഗങ്ങൾക്കൊപ്പം കൂടുതൽ ഗൗരവമുള്ള സന്ദർഭങ്ങളിൽ ആ പ്രാധാന്യത്തോടെ അഭിനയിക്കാനും നിവിന് സാധിച്ചു.

പ്രേമലുവിൽ കണ്ടിരുന്ന ക്യൂട്ട് ബബ്ലി കഥാപാത്രത്തിൽ നിന്നും മാറി കുറച്ചുകൂടി പക്വതയുള്ള ആഷ്‌ലിനെ അവതരിപ്പിച്ച മമിത ബൈജുവും തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. മിതമായ മേക്കപ്പിലും ഭാഷയിലും ഒരു ഗ്രാമീണ ക്രിസ്ത്യൻ പെൺകുട്ടിയെ ഏറെ സ്വാഭാവികതയോടെയാണ് മമിത അവതരിപ്പിച്ചിരിക്കുന്നത്. നിവിൻ-മമിത ബൈജു കെമിസ്ട്രി കൃത്യമായി തന്നെ സിനിമയിൽ വർക്ക് ആയിട്ടുണ്ടെന്നതിൽ സംശയമില്ല.

ഗിരീഷ് എ.ഡി.യുടെ ചിത്രങ്ങൾ കേന്ദ്ര കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നവയല്ല. അത് അക്ഷര തെറ്റില്ലാതെ ശരിവെക്കുന്നതായിരുന്നു ചിത്രത്തിലെ ആവേശം ഫെയിം റോഷൻ ഷാനവാസ്, സുരേഷ് കൃഷ്ണ, ഷമീർ ഖാൻ, സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, ശ്രീന്ത, മീനാക്ഷി എന്നിവരുടെ അഭിനയം. ഇവരിൽ ആഷ്‌ലിന്റെ പുറകെ നടക്കുന്ന ഗ്ലിക്സൺ എന്ന കോഴി കഥാപാത്രമായി വന്നു റോഷൻ ഷാനവാസ് തിയേറ്ററുകളിൽ വലിയ രീതിയിലുള്ള ചിരി പടർത്തിയിട്ടുണ്ട്. കൂടാതെ നിവിൻ പോളിയുടെ സുഹൃത്തായ ബൈജു എന്ന കഥാപാത്രത്തെ നമ്മുടെ കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണ കോമഡിയിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ ഒരു സീനിലെ മോഹൻലാൽ റഫറൻസ് തിയേറ്ററിൽ വലിയ ചിരി പടർത്തിയിരുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റ്. Photo. X.com

പ്രേമലുവിലെ ജസ്റ്റ് കിഡിങ് മച്ചാൻ ഈ പ്രാവശ്യം ഒരു സ്പൂഫ് ക്യാരക്ടർ ആയിട്ട് വളരെ വ്യത്യസ്ത കഥാപാത്രമായിട്ടാണ് എത്തിയത് ,സ്പോയിലർ ആവാൻ സാധ്യതയുള്ളതുകൊണ്ട് സ്പൂഫ് വെളിപ്പെടുത്തുന്നില്ല. പിന്നെ ചൊറിയാൻ അമ്മാവനായി വിനയ് ഫോർട്ടും മികച്ച പ്രകടനമായിരുന്നു. പ്രേമലുവിൽ വലിയ ആവശ്യമില്ലാത്ത ഒരു കഥാപാത്രമായാണ് മീനാക്ഷി എത്തിയതെങ്കിൽ, ഇതിൽ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഒപ്പം ശ്രീന്തയും മികച്ച പിന്തുണ നൽകി.

ചിത്രത്തിന്റെ സാങ്കേതിക തലത്തിലേക്ക് വരികയാണെങ്കിൽ, സിനിമയുടെ ഓരോ സന്ദർഭത്തിനോടും ബ്ലെൻഡ് ആവുന്ന രീതിയിലാണ് വിഷ്ണു വിജയ് സംഗീതം ഒരുക്കിയത്. സിനിമയിലെ ചില ഇടങ്ങളിലെ ട്രാൻസിഷനും അവസാന ഭാഗത്ത് മമിതയുടെ ചില സീനുകൾ ഒറ്റ സീനിൽ പകർത്തുന്ന ആകാശ് ജോസഫിന്റെ എഡിറ്റിംഗും എടുത്തുപറയേണ്ടതാണ്. നിവിൻ ഉപയോഗിക്കുന്ന ഫോർഡ് ഐക്കൺ കാർ, മമിതയുടെ ഫ്ലോറൽ പ്രിന്റഡ് കോസ്റ്റ്യൂം, പഴയകാല കാസറ്റുകൾ അടക്കം ഒരു നൊസ്റ്റാൾജിക് ഫീലും സിനിമയിലുടനീളം കാണാം. സിനിമാറ്റോഗ്രാഫി, സൗണ്ട്, മ്യൂസിക്, പ്രൊഡക്ഷൻ തുടങ്ങി സാങ്കേതിക തലങ്ങളിൽ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് സിനിമ നൽകുന്നത്.

ബത്‌ലഹേം കുടുംബ യൂണിറ്റ്. Photo. X.com

ചില ജെൻ സി കോമഡികളും മറ്റ് സിനിമകളുടെ റഫറൻസുകൾ വഴി അവതരിപ്പിച്ച ഹ്യൂമറുകളും എടുത്തുപറയേണ്ടതാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽത്തു ജാൻവർ ,തങ്കം, പ്രേമലു തുടങ്ങിയ സിനിമകൾക്ക് ശേഷം പ്രൊഡക്ഷൻ നിർവ്വഹിച്ച ഭാവന സ്റ്റുഡിയോസിന് ബെത്‌ലഹേമിന്റെ വിജയത്തോടെ നല്ല സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്ന് പറയാം.

സങ്കീർണ്ണതകൾ ഒന്നുമില്ലാതെ കുടുംബത്തോടൊപ്പം ആസ്വദിച്ചു കണ്ടിരിക്കാൻ പറ്റിയ, ഒരു എസ്‌തെറ്റിക്കലി പ്ലീസിംഗ് ലൈറ്റ് ഹാർട്ടഡ് റോം-കോം സിനിമാ അനുഭവമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

Content Highlight: Personal Review of Nivin Pauly Starring bethlehem Kudumbha Unit

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more