| Thursday, 28th May 2026, 5:03 pm

മാസുണ്ട്, സ്‌റ്റൈലുണ്ട്, മ്യൂസിക്കുണ്ട് പക്ഷേ പഞ്ചില്ല; നിരാശ പകര്‍ന്ന് കാട്ടാളന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഉണ്ണി മുകുന്ദന്‍ നായകനായി തിയേറ്ററുകളില്‍ വലിയ ഓളം സൃഷ്ടിച്ച മാര്‍ക്കോയ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമദ് സംവിധാനം ചെയ്ത് ഇന്ന്(വ്യാഴം) തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കാട്ടാളന്‍. നവാഗതനായ പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആന്റണി വര്‍ഗീസ് നായകനായ ചിത്രത്തില്‍ പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡത്തിലേക്കുയര്‍ന്ന സുനില്‍, മാര്‍ക്കോയിലൂടെ ശ്രദ്ധിക്കപ്പെട്ട കബീര്‍ ദുഹാന്‍ സിങ്, ജഗദീഷ്, ഹനാന്‍ ഷാ, ദുഷാര വിജയന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

മാര്‍ക്കോയെ പോലെ തന്നെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം റിലീസിന് മുമ്പ് തന്നെ മലയാളത്തില്‍ നിന്നുമുള്ള മറ്റൊരു വമ്പന്‍ ആക്ഷന്‍ വയലന്‍സ് ചിത്രം എന്ന തരത്തില്‍ ഹൈപ്പ് പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഒരു ഘട്ടത്തിലും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കാത്ത ‘ത്രില്ലില്ലാത്ത’ മറ്റൊരു ആക്ഷന്‍ ചിത്രമായി കാട്ടാളന്‍ ഒതുങ്ങി പോകുന്ന കാഴ്ചയ്ക്കായിരുന്നു തിയേറ്റര്‍ സാക്ഷ്യം വഹിച്ചത്.

കാട്ടാളന്‍. Photo: District

കാട്ടാനയുടെ ആക്രമണത്തില്‍ തങ്ങളുടെ ഊരിലെ ഓരോരുത്തരായി മരിച്ചുവീഴുമ്പോള്‍ സഹായം ചോദിക്കാനായി സുനില്‍ അവതരിപ്പിച്ച മാരി എന്ന ആനക്കൊമ്പ് വേട്ടക്കാരനടുത്തേക്ക് സഹായം ചോദിച്ചെത്തുന്നവരില്‍ നിന്നുമാണ് കാട്ടാളന്‍ ആരംഭിക്കുന്നത്. ആനകൊല്ലി എന്ന സ്ഥലത്തെത്തി ആനയെ കൊന്ന് കൊമ്പെടുക്കുന്ന മാരി വര്‍ഷങ്ങള്‍ കൊണ്ട് തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയും കോടികളുടെ ബിസിനിസ് നടക്കുന്ന ആനക്കൊമ്പ് കാര്‍ട്ടലിന്റെ തലവനായി മാറുകയും ചെയ്യുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തുള്ള ആനയെ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു തരത്തിലും ഈ രംഗങ്ങള്‍ക്ക് പ്രേക്ഷകരിലൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണാം.

രാമേശ്വരം വഴി ജാഫ്‌നയിലേക്ക് ആനക്കൊമ്പ് കടത്തുന്ന മാരിയുടെ കാര്‍ട്ടലിന് കബീര്‍ ദുഹാന്‍ സിങ് അവതരിപ്പിച്ച എഡ്ഡിയെന്ന മറ്റൊരു വില്ലന്‍ കഥാപാത്രം ചെക്ക് വെക്കുമ്പോള്‍ രക്ഷനായെത്തുകയാണ് ആന്റണി വര്‍ഗീസ് പെപെ അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രം. സിദ്ദിഖ് അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രം വഴിയാണ് ആന്റണിയിലേക്ക് മാരി എത്തുന്നതെന്ന് കാണാം. എന്നാല്‍ പിന്നീടങ്ങോട്ട് ജോഷി ചിത്രം റണ്‍വേ മുതല്‍ മലയാളികള്‍ കണ്ടുശീലിച്ച ക്ലീഷേ കള്ളക്കടത്ത് സീനുകള്‍ മാത്രമായി ചിത്രം ഒതുങ്ങി പോകുകയായിരുന്നു. റണ്‍വേയില്‍ ഐസിനുള്ളില്‍ സ്പിരിറ്റാണ് നായകന്‍ കടത്തിയതെങ്കില്‍ കാട്ടാളനില്‍ മറ്റെന്തോ ഒന്നിനുള്ളില്‍ ആനക്കൊമ്പാണ് കടത്തുന്നതെന്ന വ്യത്യാസം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.

കാട്ടാളനില്‍ സുനില്‍. Photo: M9 News

ആന്റണിയുടെ ഇന്‍ട്രൊഡക്ഷന്‍ സീനിന് മുമ്പ് മാരിയോട് ജോര്‍ജ് കഥാപാത്രത്തെ കുറിച്ച് വലിയ ബില്‍ഡപ്പെല്ലാം നല്‍കുന്നുണ്ടെങ്കിലും സ്‌ക്രീനില്‍ എത്തുന്ന നായകന് ഇത് പ്രേക്ഷകരിലേക്ക് കൃത്യമായി കൈമാറാന്‍ സാധിക്കുന്നില്ലെന്നത് പെപെയുടെ പോരായ്മയണെന്ന് കാണാം. അങ്കമാലി ഡയറീസ്, ആര്‍.ഡി.എക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആക്ഷന്‍ ഹീറോയായി പേരുകേട്ട താരത്തിന് പക്ഷേ കാട്ടാളനിലെ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്ക് എത്തിപ്പിടിക്കാന്‍ സാധിക്കുന്നില്ലെന്ന് കാണാം. മാസ് ആക്ഷന്‍ ചിത്രമെന്ന രീതിയില്‍ കൊട്ടിഘോഷിച്ച ചിത്രത്തിന്റെ ആസ്വാദനത്തെ ഇത് കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.

ആനക്കൊമ്പ് കാര്‍ട്ടലിനെ പശ്ചാത്തലമാക്കി ഒരു ചിത്രം എന്ന് സംവിധായകന്റെ മനസില്‍ ഉരുത്തിരിഞ്ഞ ആശയത്തെ കെട്ടുറുപ്പുള്ള തിരക്കഥയാക്കി മാറ്റുന്നതിലുണ്ടായ പരാജയം കൃത്യമായി തന്നെ എല്ലാ കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ യൂട്യബറും ഗായകനുമായ ഹനാന്‍ ഷായുടെ റോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയല്‍ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ആക്ഷന്‍ രംഗങ്ങളെയും എക്‌സ്‌പ്രെഷനെയും പരിഹസിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ചിത്രമിറങ്ങുമ്പോള്‍ ഹനാന്‍ ഷാ, വിമര്‍ശിച്ചവരുടെ വായടപ്പിക്കുമെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. പക്ഷേ പ്രതീക്ഷകള്‍ക്ക് വിപരീതമായി സംവിധായകന്‍ ചിത്രത്തിലുടനീളം ഹനാന്‍ ഷായുടെ കഥാപാത്രത്തിന്റെ വായടപ്പിക്കുന്ന സ്ഥിതിവിശേഷമാണുണ്ടായത്. ആവശ്യത്തിലധികം സ്‌ക്രീന്‍ സ്‌പേസ് ഉണ്ടായിരുന്നെങ്കിലും ഹനാന്‍ ഷായടക്കം ആന്റണിയുടെ ഇടവും വലവുമായി വന്ന രണ്ട് പേര്‍ക്കും ഒരു ഡയലോഗ് പോലും കാട്ടാളനിലില്ല.

രണ്ടാം പകുതി കഴിയുന്നതോടെ വില്ലന്മാര്‍ എത്ര ഇടി ഇടിച്ചാലും വെടി വെച്ചാലും നായകന് കൊള്ളില്ലെന്നും അതേ സമയം നായകന്റെ ആക്ഷനുകളൊന്നും പാഴാകുകയില്ലെന്നുമുള്ള രീതിയിലാണ് കഥ പോകുന്നതെന്ന് ഉറപ്പാകുന്നു. ആനക്കൊമ്പ് വില്‍ക്കാനായി ശ്രീലങ്കയിലേക്ക് ആന്റണി നടത്തുന്ന കടല്‍ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഘട്ടന രംഗങ്ങളുമെല്ലാം ഇതിന് ഉത്തമ ഉദാഹരണമാണ്. ശ്രീലങ്കയിലെ വലിയ ഗ്യാങ്സ്റ്ററായ മെന്‍ഡിസായി അല്‍ഫോണ്‍സ് പുത്രന്‍ വരുന്നതും അനുചരനായി ഹിപ്സ്റ്റര്‍ എത്തുന്നതുമെല്ലാം ഭാവവ്യത്യാസമില്ലാതെ കണ്ടിരിക്കാം.

ഹനാന്‍ ഷാ. Photo: X.com

മറുവശത്ത് പ്രായത്തെ വെല്ലുന്ന പ്രകടനമായിരുന്നു ജഗദീഷ് കാഴ്ച്ചവെച്ചത്. രണ്ടാം പകുതിയിലെ ആനവേട്ടയിലും മറ്റും കഥാപാത്രത്തെ സംവിധായകന്‍ ആവശ്യപ്പെടുന്ന പൂര്‍ണതയില്‍ എത്തിക്കാന്‍ ജഗദീഷിന് സാധിക്കുന്നുണ്ട്. രവി ബാസുറിന്റെ പശ്ചാത്തല സംഗീതം നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട്. കെച്ച കെംപഗ്‌ദെയുടെ ആക്ഷന്‍ കൊറിയോഗ്രാഫി ശരാശരിയിലും ഉയര്‍ന്നു നില്‍ക്കുന്നവയാണ്.

ചിത്രം കഴിഞ്ഞ് പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ക്ക് ശേഷമുള്ള രംഗവും അതിലെ അഭിനേതാവും വലിയ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നുണ്ടെങ്കിലും കാട്ടാളനിലാകെയുണ്ടായ നിര്‍വികാരത ഈ എക്‌സൈറ്റ്‌മെന്റിനെ കാര്യമായി ബാധിക്കുന്നുണ്ട്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന വിജയത്തെ അടിസ്ഥാനമാക്കിയാകും തമിഴിലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് പോലെ ഒരു കാട്ടാളന്‍ യൂണിവേഴ്‌സുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക.

Content Highlight: Personal Opinion about Antony Varghese starrer Kattalan Movie directed by Paul George

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more