| Thursday, 19th November 2026, 5:00 pm

മാസും സ്വാഗും നിറച്ച് ഒരു അമൽ നീരദ് പടം

അജ്മല്‍ കെ

മലയാള സിനിമയിൽ സ്റ്റൈലിഷ് മേക്കിങ്ങും വേറിട്ട ദൃശ്യാവിഷ്‌കാരവും കൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് അമൽ നീരദ്. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതീക്ഷിക്കുന്ന സ്ലോ മോഷൻ ഷോട്ടുകളും മാസ് ഡയലോഗുകളും സ്റ്റൈലിഷ് ഫ്രെയിമുകളും സംഗീതവുമെല്ലാം ‘ബാച്ച്‌ലർ പാർട്ടി ഡ്യൂലുണ്ട്. 2012ൽ പുറത്തിറങ്ങിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ തുടർച്ചയായി എത്തുന്ന ചിത്രമാണെങ്കിലും ആദ്യഭാഗത്തിലെ കഥാപാത്രങ്ങളെയോ കഥയെയോ നേരിട്ട് പിന്തുടരുന്ന സിനിമയല്ല ഇത്. മറിച്ച്, ആ സിനിമയുടെ ആത്മാവും അന്തരീക്ഷവും നിലനിർത്തി പുതിയൊരു കഥയും കഥാപാത്രങ്ങളുമായി എത്തുകയാണ് അമൽ നീരദ്.

കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരു ഗ്യാങ്സ്റ്റർ കഥയാണ് സിനിമ പറയുന്നത്. അനാഥാലയത്തിൽനിന്ന് ഒരുമിച്ച് ഇറങ്ങിപ്പോന്ന അഞ്ച് ആൺകുട്ടികൾ വളർന്ന് നഗരത്തിലെ ശക്തരായ ഗ്യാങ്സ്റ്റർമാരായി മാറുന്നു. പിന്നീട് ഇവർക്കിടയിൽ ഉടലെടുക്കുന്ന സംഘർഷങ്ങളും അതിനെ തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Facebook.com

കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിനാണ് ആദ്യപകുതിയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്. അതിനാൽ ചില ഭാഗങ്ങളിൽ കഥയുടെ വേഗത കുറയുന്നുണ്ടെങ്കിലും കോമഡിയും മാസ് രംഗങ്ങളും കഥാപാത്രങ്ങൾക്കിടയിലെ സംഭാഷണങ്ങളും സിനിമയെ രസകരമായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. കൊച്ചിയുടെ പ്രത്യേകമായൊരു ലോകവും അവിടെയുള്ള മനുഷ്യരുടെ ജീവിതരീതിയും സിനിമയിൽ വ്യക്തമായി നമുക്ക് കാണാം. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ കഥ കൂടുതൽ സംഘർഷങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമ പരാജയപെടുന്നുണ്ട്. വലിയ കഥാവഴിത്തിരിവുകളോ അപ്രതീക്ഷിത സംഭവങ്ങളോ പ്രതീക്ഷിക്കേണ്ട സിനിമയല്ല ഇത്. പരിചിതമായ ഗ്യാങ്സ്റ്റർ കഥാപരിസരത്തിനുള്ളിൽ കഥാപാത്രങ്ങളെയും അവരുടെ സംഘർഷങ്ങളെയും അവതരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്.

സിനിമയിലെ പ്രധാന ആകർഷണം അഞ്ച് ബാച്ചിലേഴ്സായി എത്തുന്ന സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, നസ്‌ലെൻ എന്നിവരുടെ പ്രകടനങ്ങളാണ്. ഓരോരുത്തർക്കും അവരുടേതായൊരു സ്റ്റൈലും സ്ക്രീൻ പ്രസൻസുമുണ്ട്. സൗബിന്റെ സ്വാഗും ചന്തുവിന്റെ കൗണ്ടറുകളും ശ്രീനാഥ് ഭാസിയുടെയും ഷറഫുദ്ദീന്റെയും പ്രകടനങ്ങളും സിനിമയുടെ മൂഡ് കളയാതെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. എന്നാൽ പ്രത്യേകിച്ച് എടുത്തുപറയേണ്ടത് നസ്‌ലെന്റെ പ്രകടനമാണ്.

സാധാരണയായി ചെറുപ്പക്കാരനായും നിഷ്കളങ്കമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർ കണ്ടിട്ടുള്ള നസ്‌ലെൻ ഇത്രയും മാസ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എങ്ങനെയുണ്ടാകുമെന്ന സംശയം തുടക്കത്തിൽ തോന്നാം. എന്നാൽ ആ സംശയങ്ങളെല്ലാം തന്റെ പ്രകടനത്തിലൂടെ നസ്‌ലെൻ മറികടക്കുന്നുണ്ട്. ഡയലോഗ് ഡെലിവറിയിലും മാസ് രംഗങ്ങളിലുമെല്ലാം നസ്‌ലെൻ മികച്ചു തന്നെ നിൽക്കുന്നുണ്ട്.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Facebook.com

കുഞ്ചാക്കോ ബോബൻ വില്ലനായി വലിയ മാസ് പരിവേഷത്തോടെയാണ് എത്തുന്നതെങ്കിലും ആ കഥാപാത്രത്തിന് വലിയൊരു ഓറ സൃഷ്ടിക്കാൻ സാധിക്കുന്നില്ല. അതേസമയം ഷൈൻ ടോം ചാക്കോ തന്റെ കഥാപാത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നാദിയ മൊയ്തു, ജ്യോതിർമയി, രജിഷ വിജയൻ, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവർ സിനിമയിൽ ഉണ്ടെങ്കിലും പറയാവുന്ന തരത്തിലുള്ള അഭിനയ പ്രകടനങ്ങളൊന്നും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കില്ല. പ്രത്യേകിച്ച് ആദ്യപകുതിയിൽ നാദിയ മൊയ്തുവിന് മാത്രമാണ് കുറച്ചെങ്കിലും സ്ക്രീൻ പ്രെസൻസ് ഉള്ളത്. രണ്ടാം പകുതിയിലെ ടൊവിനോ തോമസിന്റെ അതിഥിവേഷം വലിയ മാസ് ഇംപാക്ട് സൃഷ്ടികാതെ വെറുതെ വന്നു പോവുക മാത്രമാണ് ചെയ്യുന്നത്.

ചിത്രത്തിലെ സംഭാഷണങ്ങളെക്കുറിച്ച് പറയുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീ വിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന പരാമർശങ്ങളും ഡബിൾ മീനിങ് സംഭാഷണങ്ങളും സിനിമയിലുണ്ട്. എന്നാൽ അത്തരം സംഭാഷണങ്ങളെ മാത്രം മാറ്റിനിർത്തി വിലയിരുത്തുന്നതിനോട് യോജിക്കാനാവില്ല. ആദ്യ ‘ബാച്ച്‌ലർ പാർട്ടി’യിലും ഇത്തരം സംഭാഷണങ്ങളും ‘തമാശ’കളുമുണ്ടായിരുന്നു. കൊച്ചിയിലെ ഒരു പ്രത്യേക പശ്ചാത്തലത്തിൽ ജീവിക്കുന്ന ലോക്കൽ കഥാപാത്രങ്ങളുടെ കഥ പറയുമ്പോൾ അവരുടെ സംസാരരീതിയും പെരുമാറ്റവുമെല്ലാം ആ ലോകത്തിന്റെ ഭാഗമാണ്. ഓരോ സംഭാഷണത്തെയും പൊളിറ്റിക്കൽ കറക്ട്നെസിന്റെ അളവുകോൽ വെച്ച് പരിശോധിക്കുന്നതിനേക്കാൾ അത് കഥാപാത്രത്തിനും സാഹചര്യത്തിനും എത്രത്തോളം ചേരുന്നുണ്ട് എന്നതാണ് പ്രധാനം. ആ നിലയിൽ നോക്കുമ്പോൾ ഇത്തരം സംഭാഷണങ്ങൾ സിനിമയിലെ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും കൂടുതൽ രസകരമാകുന്നുണ്ട്.

സാങ്കേതികമായും മികച്ച അനുഭവമാണ് ചിത്രം നൽകുന്നത്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണം സിനിമയുടെ ഏറ്റവും വലിയ കരുത്തുകളിലൊന്നാണ്. ഓരോ ഫ്രെയിമിലും കാണുന്ന സ്റ്റൈലും കളർ ടോണും ദൃശ്യങ്ങളുടെ ഭംഗിയും എടുത്തുപറയേണ്ടതാണ്. അമൽ നീരദിന്റെ സിനിമകളിൽ പതിവായി കാണുന്ന വിഷ്വൽ ട്രീറ്റ്മെന്റ് ഇവിടെയും ആവർത്തിക്കുന്നുണ്ട്. വിവേക് ഹർഷന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ ഒഴുക്കിന് സഹായിക്കുന്നു. ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ മൂഡിനോട് ചേർന്നുനിൽക്കുന്നതാണ്. ആദ്യ ബാച്ച്ലർ പാർട്ടിയുടെ മ്യൂസിക് എലെമെന്റ്സുകളും ബിജിഎമ്മും എല്ലാം കൃത്യമായി ഉപയോഗിക്കാനും ക്രിസ്റ്റോ സേവ്യറിന് സാധിച്ചിട്ടുണ്ട്. ആക്ഷൻ രംഗങ്ങളും കോസ്റ്റ്യൂമും ഉൾപ്പെടെ സാങ്കേതിക വിഭാഗങ്ങൾ സിനിമയുടെ സ്റ്റൈലിഷ് സ്വഭാവത്തെ കൂടുതൽ ഭംഗിയാക്കുന്നുണ്ട്.

ആദ്യഭാഗമായ ‘ബാച്ച്‌ലർ പാർട്ടി’യുമായി താരതമ്യം ചെയ്യുമ്പോൾ അതേ പഞ്ചും മാസും ഈ ചിത്രത്തിന് നൽകാൻ കഴിയുന്നില്ലെന്നത് സത്യമാണ്. എന്നാൽ രണ്ട് സിനിമകളെയും ഒരേ അളവുകോലിൽ വിലയിരുത്തുന്നതും ശരിയല്ല. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്. ആദ്യ ചിത്രത്തിന്റെ ഓർമകളെ ചില രംഗങ്ങളിലൂടെയും റഫറൻസുകളിലൂടെയും വീണ്ടും കൊണ്ടുവരാൻ സിനിമ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് പഴയ ചിത്രവുമായി ബന്ധിപ്പിക്കുന്ന ചില നൊസ്റ്റാൾജിക് നിമിഷങ്ങൾ ആരാധകർക്ക് ഇഷ്ടപ്പെടും.

ബാച്‌ലർ പാർട്ടി D’eux. Photo. IMDb

വലിയ കഥാപുതുമയോ ശക്തമായ വൈകാരിക മുഹൂർത്തങ്ങളോ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സിനിമയല്ല ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’. എന്നാൽ അമൽ നീരദിന്റെ മേക്കിങ് സ്റ്റൈലും കഥാപാത്രങ്ങളുടെ സ്വാഗും സംഗീതവും ആക്ഷനും ചേർന്ന് ഒരു തിയേറ്റർ അനുഭവം ചിത്രം ഒരുക്കുന്നുണ്ട്. പഴയ ചിത്രത്തിന്റെ അതേ മാജിക് പ്രതീക്ഷിക്കാതെ പുതിയൊരു ഗ്യാങ്സ്റ്റർ കഥയായി ചിത്രത്തെ സമീപിച്ചാൽ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’ ആസ്വദിക്കാം.

Content Highlight: Personal Movie review of Bachelor Party D’eux

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more