സാധാരണ സിനിമകളിൽ നമ്മൾ കാണുന്നത് മക്കൾ വഴിതെറ്റുമ്പോൾ അവരെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന അച്ഛന്മാരെയാണ്. എന്നാൽ ‘അവറാച്ചൻ ആൻഡ് സൺസ്’ ആ പതിവ് കാഴ്ചയെ ഇല്ലാതാക്കുന്നുണ്ട്. ഇവിടെ പ്രശ്നക്കാരായ മക്കളല്ല, മറിച്ച് മക്കൾക്ക് തലവേദനയാകുന്ന അപ്പനാണ്. അപ്പനെ നന്നാക്കേണ്ടി വരുന്ന രണ്ട് മക്കളുടെയും ഒരു ചെറിയ കുടുംബത്തിന്റെയും കഥയാണ് നവാഗതനായ തമ്പി സംവിധാനം ചെയ്ത അവറാച്ചൻ ആൻഡ് സൺസ് പറയുന്നത്.
ചെല്ലാനത്തെ ഒരു ചെറിയ കുടുംബത്തിലാണ് കഥ നടക്കുന്നത്. ബിജു മേനോൻ അവതരിപ്പിക്കുന്ന അവറാച്ചൻ ഉത്തരവാദിത്തബോധമൊന്നുമില്ലാതെ ജീവിതം ആഘോഷിച്ച് നടക്കുന്ന ആളാണ്. കള്ളുകുടിയും നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെടലുമൊക്കെയായി നടക്കുന്ന അവറാച്ചൻ പലപ്പോഴും സ്വന്തം മക്കൾക്ക് തന്നെ വലിയ തലവേദനയാകുന്നുണ്ട്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന ജെയ്‌സണും ഗണപതി അവതരിപ്പിക്കുന്ന ജോയ് മോനും അച്ഛന്റെ പ്രശ്നങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്ന ഉത്തരവാദിത്തമുള്ള മക്കളാണ്.
അവറാച്ചൻ ആൻഡ് സൺസ്. Photo. IMDb. Screen Grab/ Youtube
ഒരു പ്രശ്നത്തിന്റെ പേരിൽ നാട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്ന അവറാച്ചൻ പിന്നീട് പെങ്ങളുടെ വീട്ടിലേക്ക് പോകുന്നതോടെയാണ് കഥ മറ്റൊരു വഴിയിലേക്ക് നീങ്ങുന്നത്. അവിടെ നടക്കുന്ന സംഭവങ്ങളിലൂടെ അവറാച്ചന്റെ ജീവിതത്തിലും കുടുംബവുമായുള്ള ബന്ധത്തിലും വരുന്ന മാറ്റങ്ങളാണ് സിനിമ മുന്നോട്ട് കൊണ്ടുപോകുന്നത്. മക്കളോട് സ്നേഹമുണ്ടെങ്കിലും അത് തുറന്ന് പ്രകടിപ്പിക്കാൻ അറിയാത്ത അച്ഛനാണ് അവറാച്ചൻ. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട മക്കൾക്ക് അച്ഛന്റെ സ്നേഹം വേണ്ട രീതിയിൽ ലഭിച്ചിട്ടില്ലെന്ന വേദനയും സിനിമയ്ക്കുള്ളിലുണ്ട്. അതുകൊണ്ടുതന്നെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധം സിനിമയുടെ വൈകാരികമായ ഭാഗമാകുന്നു.
അഭിനയത്തിന്റെ കാര്യത്തിൽ ബിജു മേനോൻ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. കുറച്ചുകാലത്തിന് ശേഷം ബിജു മേനോനെ ഇത്തരമൊരു കോമഡി കഥാപാത്രത്തിൽ കാണുന്നത് രസകരമാണ്. അവറാച്ചന്റെ കള്ളുകുടിയും കുഴപ്പങ്ങളുമൊക്കെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. അതേസമയം കഥാപാത്രത്തിന്റെ ഉള്ളിലുള്ള സ്നേഹവും നിസ്സഹായതയും ചില രംഗങ്ങളിൽ പ്രകടമാകുകയും ചെയ്യുന്നുണ്ട്. വൈലന്റായും തമാശ രൂപേണയും തന്റെ കഥാപാത്രത്തെ വളരെ സ്വാഭാവികമായി തന്നെ മികച്ച രീതിയിൽ ബിജുമേനോൻ അവതരിപ്പിച്ചതിട്ടുണ്ട്.
ശ്രീനാഥ് ഭാസിയും ഗണപതിയും അവറാച്ചന്റെ മക്കളായി സ്വാഭാവികമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിൽ ഗണപതിയുടെ ജോയ് മോന് കൂടുതൽ സ്ക്രീൻ പ്രസൻസുണ്ട്. കഥാപാത്രത്തിന്റെ പ്രണയവും അതുമായി ബന്ധപ്പെട്ട ചില സങ്കീർണതകളും സിനിമയുടെ മറ്റൊരു പ്രധാന ട്രാക്കായി കടന്നുവരുന്നു. ജെയ്‌സന്റെ ഭാര്യയായി കീർത്തി എന്ന കഥാപാത്രത്തെ അഖില ഭാർഗവനും കുടുംബത്തിലേക്ക് വരുന്ന പുതിയ അതിഥിയായി പാർവതി ബാബുവും ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായ ഗ്രേസ് ആന്റണിയും പോളി വത്സനും തങ്ങളുടെ ഭാഗങ്ങൾ വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്.
എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റുന്ന മറ്റൊരു കഥാപാത്രം വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന അനിയാണ്. രണ്ടാം പകുതിയിൽ അനി എത്തുന്നതോടെ സിനിമയുടെ സ്വഭാവത്തിൽ തന്നെ ചെറിയൊരു മാറ്റം അനുഭവപ്പെടും. സൈക്കോ സ്വഭാവമുള്ള കഥാപാത്രത്തെ ബ്ലാക്ക് ഹ്യൂമറിന്റെ സഹായത്തോടെ അവതരിപ്പിക്കുന്ന വിനയ് ഫോർട്ട് പല രംഗങ്ങളിലും ചിരിപ്പിക്കുകയും അതേ സമയം അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് എത്തുന്ന ഒരു സൂപ്പർസ്റ്റാർ അതിഥി വേഷവും പ്രേക്ഷകർക്ക് ഒരു സർപ്രൈസായി മാറുന്നുണ്ട്.
അവറാച്ചൻ ആൻഡ് സൺസ്. Photo. IMDb
ഒരു കുടുംബത്തിലെ ബന്ധങ്ങളുടെയും അതിനിടയിലെ പ്രശ്നങ്ങളെയും നർമത്തിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഫാമിലി കോമഡി ഡ്രാമയാണ് ‘അവറാച്ചൻ ആൻഡ് സൺസ്’. വലിയ സങ്കീർണതകളൊന്നുമില്ലാതെ വളരെ സാധാരണമായ രീതിയിൽ കഥ പറയാനാണ് ചിത്രം ശ്രമിക്കുന്നത്. എല്ലായിടത്തും ഒരേ രീതിയിൽ ചിരിപ്പിക്കുകയോ വൈകാരികമായി സ്പർശിക്കുകയോ ചെയ്യുന്നില്ലെങ്കിലും, അവറാച്ചനും മക്കളും തമ്മിലുള്ള ബന്ധത്തിലൂടെ സിനിമ മുന്നോട്ടുവയ്ക്കുന്ന കുടുംബത്തിന്റെ ആശയം പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തുന്നുണ്ട്. അവറാച്ചൻ എന്ന കുഴപ്പക്കാരനായ അപ്പനെയും അയാളെ ചുറ്റിപ്പറ്റി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന രണ്ട് മക്കളെയും ഒരു ലളിതമായ രീതിയിൽ അവതരിപ്പിച്ച ഫാമിലി എന്റർടെയ്‌നറാണ് ചിത്രം.
Content Highlight: Personal Movie review avarachan and sons