ന്യൂദൽഹി: ഓൾ ഇന്ത്യ മുസ്‌ലീം പേഴ്സണൽ ലോ ബോർഡ് പ്രഖ്യാപിച്ച ഭരണഘടന, ശരീഅത്ത് സംരക്ഷണ പ്രസ്ഥാനത്തെ എതിർത്ത് വിശ്വഹിന്ദു പരിഷത്ത്. രാജ്യത്ത് ഒരു വ്യക്തിനിയമവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഭരണഘടനയെയും ഇസ്‌ലാമിക നിയമത്തെയും ഒരുപോലെ കാണുന്നത് രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള നീക്കമാണെന്നും വി.എച്ച്.പി പറഞ്ഞു.
‘ഭരണഘടന അംഗീകരിക്കുക, നിയമം അനുസരിക്കുക, രാജ്യത്തെ ബഹുമാനിക്കുക. ഇതാണ് യഥാർത്ഥ സംരക്ഷണം’ എന്ന് വി.എച്ച്.പി കേന്ദ്ര ജോയിന്റ് സെക്രട്ടറി വിജയ് ശങ്കർ തിവാരി പറഞ്ഞു. ഭരണഘടന നൽകുന്ന അവകാശങ്ങൾക്കൊപ്പം രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കാനും ദേശീയ ചിഹ്നങ്ങളെ ബഹുമാനിക്കാനും ഏകീകൃത സിവിൽ കോഡിന്റെ മാഹാത്മ്യം മനസിലാക്കാനുമുള്ള കടമയും പൗരന്മാർക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പൊതുയോഗങ്ങളും പ്രതിഷേധങ്ങളും നടത്തുമെന്നും, മുസ്‌ലീങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഭരണഘടനാ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ധവള പത്രം ഇറക്കുമെന്നുമാണ് എ.ഐ.എം.പി.എൽ.ബി (ഓൾ ഇന്ത്യ മുസ്‌ലീം പേഴ്സണൽ ലോ ബോർഡ്) കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നത്. എന്നാൽ, ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാകില്ലെന്നും രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഗൂഢാലോചനകൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
മുസ്‌ലീം സമൂഹം വേട്ടയാടപ്പെടുന്നു എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിജയ് ശങ്കർ തിവാരി പറഞ്ഞു. നിയമവിരുദ്ധ നിർമ്മാണങ്ങൾ പൊളിച്ചുനീക്കുമ്പോൾ ഇരവാദം ഉന്നയിക്കുന്നത് ശരിയല്ല. കൂടാതെ വന്ദേമാതരത്തെ ആദരിക്കുന്നത് ഒരു മതത്തിനും എതിരല്ലെന്നും ഭരണഘടനയും ശരീഅത്തും തമ്മിൽ തർക്കമുണ്ടായാൽ ഇതിൽ ഏതിനെയാണ് പിന്തുണയ്ക്കുകയെന്ന് സമരം നയിക്കുന്ന നേതാക്കൾ വ്യക്തമാക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു.
Content Highlight:Personal laws are not above the Constitution: VHP opposes the ‘Constitution and Sharia Protection Movement’