| Tuesday, 30th June 2026, 2:04 pm

കെ. സുധാകരന്റെ തൂഫാന്‍ യോഗത്തില്‍ പങ്കെടുത്തയാള്‍ ബാറില്‍ മദ്യപിച്ച് തല്ലുണ്ടാക്കിയതിന് പൊലീസ് പിടിയില്‍

സിജൊ

കൊച്ചി: കൊച്ചിയില്‍ ഓപ്പറേഷന്‍ തൂഫാനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തയാളെ ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കിയതിന് പൊലീസ് പിടികൂടി. മട്ടാഞ്ചേരി സ്വദേശി ഷിബുവിനെയാണ് പിടി കൂടിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷിബു ഇന്നലെ ബാറില്‍ ഒരു വയോധികന് നേര്‍ക്ക് ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആയുധങ്ങളുപയോഗിച്ച് ഷിബു വയോധികനെ അക്രമിക്കുന്നതും തലക്കടിക്കുന്നതും വീഡിയോയിലുണ്ട്. ഗുരുതരമായി പരിക്കേറ്റ വയോധികന്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ചയായിരുന്നു ഓപറേഷന്‍ തൂഫാനെ പിന്തുണച്ചുകൊണ്ടുള്ള യോഗം കെ. സുധാകരന്‍ വിളിച്ചു ചേര്‍ത്തത്. ഓപ്പറേഷന്‍ തൂഫാന്‍ വളണ്ടിയര്‍മാരെ കണ്ടെത്താനാണ് യോഗമെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുത്തവര്‍ ഗുണ്ടകളും ക്രിമിനല്‍ കേസ് പ്രതികളുമാണെന്ന് പിന്നീട് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. യോഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു യോഗത്തില്‍ ക്രിമിനല്‍ കേസ് പ്രതികളാണ് പങ്കെടുത്തതെന്ന വിമര്‍ശനം ഉന്നയിച്ചത്.

ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാകണമെന്ന് യോഗത്തില്‍ പങ്കെടുത്തവരോട് കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. ബ്യുട്ടീപാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി ബിലാല്‍ അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. കെ. സുധാകരന്‍ യോഗം വിളിച്ചു ചേര്‍ത്തത് പാര്‍ട്ടിയുടെ അറിവോടെ അല്ലെന്ന് എറണാകുളം ഡി.സി.സിയുടെ വിശദീകരണവും ഇന്നലെ പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യോഗത്തില്‍ പങ്കെടുത്തയാളെ ബാറില്‍ അക്രമം നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

അതേസമയം, പത്തനംതിട്ട ജില്ലയില്‍ ഓപ്പറേഷന്‍ തൂഫാന്‍ വളണ്ടിയറായി ലഹരി വിരുദ്ധ പ്രചാരണം നടത്തിയിരുന്ന യുവാവിനെ ലഹരി കേസില്‍ പൊലീസ് പിടികൂടി. എഴുമറ്റൂര്‍ സ്വദേശി ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍(25)നെയാണ് പൊലീസ് പിടികൂടിയത്.

ഷര്‍ഫിനില്‍നിന്ന് 1.590 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റാണെന്നായിരുന്നു ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഈ സംഘടനയുടെ ഐഡന്റിറ്റി കാര്‍ഡും ഷര്‍ഫിന്റെ റൂമില്‍ നിന്ന് കണ്ടെത്തിയതായി മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നെന്നും മാധ്യമങ്ങള്‍ പറയുന്നു.

Content Highlight: Person who attended Operation Thoofan Volunteer Meet Conducted by K Sudhakaran nabbed in bar fight case

 
സിജൊ

We use cookies to give you the best possible experience. Learn more