| Tuesday, 17th November 2026, 11:39 am

മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം: അനുമതി നൽകിയത് ശ്രദ്ധക്കുറവ് മൂലം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയില്‍പ്പീലി’ മാസിക സംഘടിപ്പിക്കുന്ന യങ് സ്‌കോളര്‍ എക്‌സാം എന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വെച്ച് നടത്താന്‍ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകില്ല എന്ന് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്‍.

ബോധപൂർവമായ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.

കാര്യങ്ങൾ പഠിക്കാതെ അനുമതി നൽകിയതിൽ ശ്രദ്ധക്കുറവ് ഉണ്ടായതായും, ഇത്തരം നടപടി സ്വീകരിക്കുന്നതിന് മുൻപ് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യസ ഡയറക്റ്ററുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

വിദ്യാഭ്യാസ ജോയിന്റ് ഡയറക്റ്റർ ആണ് മയിൽ‌പ്പീലി സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നതിനുള്ള അനുമതി നൽകിയത്. ഈ മാസിക ബാലഗോകുലത്തിന്റെയോ ആർ.എസ്.എസ് ന്റെയോ പ്രസിദ്ധീകരണമാണ് എന്ന ധാരണ ഇല്ലാതെയാണ് അനുമതി നൽകിയത് എന്നതാണ് മന്ത്രിയുടെ പ്രാഥമിക വിലയിരുത്തൽ.

രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിലാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയതെന്ന് കരുതാനാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഇനി ഇത്തരം അപേക്ഷകൾ ലഭിക്കുമ്പോൾ അവ കൃത്യമായി പരിശോധിക്കുകയും ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുകയും വേണം. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ മന്ത്രിയുമായി നേരിട്ട് കൂടിയാലോചിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക നിർദേശം നൽകും.

ബുധനാഴ്ച നടക്കാൻ ഇരിക്കുന്ന ക്യാബിനറ്റ് യോഗത്തിന് ശേഷമായിരിക്കും പൊതുവിദ്യാഭ്യസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിയ്ക്ക് കൈമാറുക. ആ അന്വേഷണ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തുക.

Content Highlight:Permission was granted due to an oversight; Education Minister says no action will be taken against the officials.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more