| Thursday, 8th May 2025, 12:39 pm

മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കണം; കേന്ദ്രത്തോട് എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനുഷ്യജീവന് ആപത്തുണ്ടാക്കുന്ന തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മന്ത്രി എം.ബി. രാജേഷ്.

എ.ബി.സി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കേരളത്തിലെ തെരുവുനായ നിയന്ത്രണത്തെ കാര്യമായി ബാധിച്ചുവെന്നും എം.ബി. രാജേഷ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരുവുനായ പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരമുണ്ടാകണമെങ്കില്‍ എ.ബി.സി ചട്ടങ്ങളില്‍ കേന്ദ്രം കാര്യമായ ഇളവുകള്‍ വരുത്തണമെന്നും മന്ത്രി പറഞ്ഞു. എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സമീപനം മാറേണ്ടതുണ്ടെന്നും എം.ബി. രാജേഷ് സംസാരിച്ചു.

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന സ്വഭാവരീതിയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തണമെന്നും എം.ബി. രാജേഷ് പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തില്‍ 2017 മുതല്‍ തെരുവുനായ നിയന്ത്രണപദ്ധതി നടപ്പാക്കിയിരുന്നു. എണ്ണൂറിലധികം എ.ബി.സി കേന്ദ്രങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് കുടുംബശ്രീ നടത്തിയിരുന്ന എ.ബി.സി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയാതെവന്നു. എ.ബി.സി കേന്ദ്രങ്ങള്‍ക്ക് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലെന്ന കാരണത്താലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എയര്‍കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തിയറ്റര്‍, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍, ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള ഡോക്ടര്‍ തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയുള്ളുവെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

എന്നാല്‍ ഈ ചട്ടങ്ങളനുസരിച്ച് ആകെ ചെയ്യാന്‍ കഴിയുന്നത് വന്ധ്യംകരണം മാത്രമാണെന്നും ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അവകാശമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങുന്നതില്‍ പ്രാദേശികമായ എതിര്‍പ്പുകളുണ്ടെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുക എന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് നടപ്പിലാവില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ തുടര്‍ച്ചയായി പേവിഷബാധയേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇക്കഴിഞ്ഞ രണ്ട് മാസങ്ങളിലായി കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ പേവിഷബാധയേറ്റ് കുട്ടികള്‍ മരണപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നാണ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റേതായിരുന്നു നിര്‍ദേശം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഒരു മാസത്തിനകം നിര്‍ദേശങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Content Highlight: Permission should be given to kill stray dogs that pose a threat to human life; M.B. Rajesh to the Center

We use cookies to give you the best possible experience. Learn more