| Tuesday, 6th March 2018, 11:40 pm

നേതാവ് പറഞ്ഞു, അണികള്‍ ചെയ്തു; ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തു (ചിത്രങ്ങള്‍)

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലൂര്‍: തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനു മണിക്കൂറുകള്‍ക്കുള്ളില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) പ്രതിമ തകര്‍ത്തു. “ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക.” എന്നായിരുന്നു രാജയുടെ ട്വീറ്റ്.

ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്‌ളാദിമിര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയാണ് എച്ച്. രാജ വിവാദമായ ട്വീറ്റ് ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് ട്വീറ്റ് രാജ പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ് പ്രചരിച്ചിരുന്നു. നേരത്തേ ബി.ജെ.പി യുവജന വിഭാഗം വൈസ് പ്രസിഡന്റ് എസ്.ജി സൂര്യയും സമാനമായ ട്വീറ്റ് ചെയ്തിരുന്നു.

“ത്രിപുരയില്‍ ലെനിനിന്റെ വീഴ്ച ബി.ജെ.പി വിജയകരമായി നടപ്പാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസ്വാമി പ്രതിമ വീഴുന്ന നാളിനായി കാത്തിരിക്കുന്നു” എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്. ട്വീറ്റ് വിവാദമായെങ്കിലും തന്റെ നിലപാടുറപ്പിച്ച് സൂര്യ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂരിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന പെരിയാറിന്റെ പ്രതിമയാണ് രണ്ടുപേര്‍ തകര്‍ത്തത്. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. ചില്ലുകള്‍ പൊട്ടുകയും പ്രതിമയിലെ മൂക്ക് തകരാറിലാകുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മദ്യപിച്ചിരുന്നുവന്ന് പൊലീസ് പറയുന്നു.

പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കുമെന്നു പറഞ്ഞ യുവമോര്‍ച്ച നേതാവ് എച്ച്.ജി സൂര്യയെ അറസ്റ്റുചെയ്യണമെന്ന് നേരത്തേ ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. പെരിയാറിന്റെ പ്രതിമ ഒന്നു തൊടാന്‍ പോലും ആരെയും അനുവദിക്കില്ല. അത്തരം ഗൂഢശ്രമങ്ങളെ സംഘടിതമായി എതിര്‍ക്കും. ഈ പ്രസ്താവന നടത്തിയ സൂര്യക്കെതിരെ ഗുണ്ട ആക്ട് പ്രകാരം കേസെടുക്കണമെന്നുമാണ് സ്റ്റാലിന്‍ പറഞ്ഞത്.

ചിത്രങ്ങള്‍:




ചിത്രങ്ങള്‍ക്ക് കടപ്പാട്: “ദി ന്യൂസ് മിനുറ്റ്”

Latest Stories

We use cookies to give you the best possible experience. Learn more