| Thursday, 14th August 2025, 10:18 pm

പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിക്കെതിരായ പരാതി; ഖേദം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി, നടപടിയെടുക്കുമെന്ന് അറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിലെ ഡോക്ടേഴ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ പരാതിയില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയില്‍ ഖേദം പ്രകടിപ്പിച്ച ആരോഗ്യമന്ത്രി നടപടിയെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഷെഫീന കുന്നക്കാവ് എന്ന യുവതി പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രയില്‍ നിന്ന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

നിലത്തുവീണതിനെ തുടര്‍ന്ന് മകള്‍ ആമിയുടെ കവിളിലുണ്ടായ മുറിവ് കാണിക്കുന്നതിനായാണ് ഷെഫീനയും പങ്കാളിയും ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയതുമുതല്‍ കുഞ്ഞിന്റെ കവിളില്‍ ഡോക്ടര്‍ സ്റ്റിച്ചിടുന്നത് വരെയുണ്ടായ അനുഭവമാണ് ഷെഫീന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

തിരക്കില്ലാതിരുന്ന സമയമായിരുന്നിട്ട് കൂടി കുഞ്ഞിനൊപ്പം ഒരാള്‍ മാത്രം നിന്നാല്‍ മതിയെന്ന് കണിശത്തോടെ വന്നുപറഞ്ഞ ഒരു യുവതിയെയും ചോദിക്കുന്ന കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ നല്‍കാതിരുന്ന ഡോക്ടറെയും കുഞ്ഞിന്റെ കവിളില്‍ പിടിച്ചുഞെക്കിയ ഡോക്ടറുടെ പെരുമാറ്റത്തെയും അറിയാതെ നിലത്ത് വീണ പഞ്ഞിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടിമാറ്റിയ നഴ്‌സിനെ കുറിച്ചുമെല്ലാമാണ് ഷെഫീനയുടെ കുറിപ്പ്.

ആരോഗ്യപ്രവര്‍ത്തകരുടെ പേരുകള്‍ ഉള്‍പ്പെടെ ഷെഫീന പരാമര്‍ശിച്ചിട്ടുണ്ട്. ഒരുപാട് സൗകര്യങ്ങളും ബില്‍ഡിങ്ങുകളുമുള്ള ആശുപത്രിയാണെങ്കില്‍ കൂടി വിഷം നിറഞ്ഞ മനസുകളാണ് ആ കെട്ടിടത്തിനുള്ളിലുള്ളതെന്നും ഷെഫീന പറയുന്നു.

ആരോഗ്യ വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതല്ല. നല്ലവരുമുണ്ട്, പേഴ്‌സണല്‍ ലൈഫ് വരെ മാറ്റിവെച്ച് ത്യാഗം ചെയ്യുന്നവര്‍. ഒരാളുടെ സമാധാനം കളയുക എന്നതിലപ്പുറം മറ്റൊരു ദ്രോഹവും മറ്റൊരാളോടും ചെയ്യാനില്ലെന്നും ഷെഫീന പ്രതികരിച്ചിരുന്നു.

പ്രസ്തുത പോസ്റ്റ് പിന്നീട് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയും പരാതിയിന്മേല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. നിലവില്‍ ആശുപത്രിയിലെ ദുരനുഭവത്തില്‍ ഷെഫീന ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

എന്നാല്‍ ഇതിനിടെയാണ് ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. ക്രൂരവും വേദനാജനകവുമായ അനുഭവമാണ് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഉണ്ടായതെന്നും സംഭവം അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കമന്റ് ചെയ്യുകയായിരുന്നു. ജീവനക്കാര്‍ക്ക് എതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Complaint against Perinthalmanna Taluk Hospital; Health Minister expresses regret

We use cookies to give you the best possible experience. Learn more