| Wednesday, 19th November 2025, 11:38 am

പെരിങ്ങമല ബാങ്ക് അഴിമതി; കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പണമെല്ലാം പുല്ലുപോലെ ബി.ജെ.പി നേതാക്കള്‍ അടയ്ക്കും; പരിഹസിച്ച് സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പെരിങ്ങമല സഹകരണ ബാങ്കിലെ അഴിമതിയില്‍ ബി.ജെ.പി നേതാക്കളെ ലക്ഷ്യമിട്ട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തട്ടിച്ച പണമെല്ലാം പുല്ലുപോലെ നേതാക്കള്‍ അടച്ചിരിക്കുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

ഭരണസമിതിയിലെ അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്നും വായ്പയെടുക്കരുതെന്ന ചട്ടം ലംഘിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി എസ്. സുരേഷ് അടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് സന്ദീപിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ ബി.ജെ.പിയെ പരിഹസിച്ചത്.

‘പെരിങ്ങമല സഹകരണ സംഘത്തില്‍ നടത്തിയ അഴിമതിയെ തുടര്‍ന്ന് ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് അടക്കമുള്ള നേതാക്കള്‍ കോടിക്കണക്കിന് രൂപ പിഴയടയ്ക്കാന്‍ വിധി വന്നതായി വാര്‍ത്ത കണ്ടു. ആരും ടെന്‍ഷനടിക്കേണ്ട. കോര്‍പ്പറേഷന്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ അതൊക്കെ പുല്ലുപോലെ നേതാക്കള്‍ അടച്ചിരിക്കും,’ എന്നാണ് സന്ദീപിന്റെ പോസ്റ്റ്.

അതേസമയം ബാങ്ക് അഴിമതിയില്‍ എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണമെന്നാണ് ഉത്തരവ്. സഹകരണ വകുപ്പിന്റേതാണ് നിര്‍ദേശം. ഭരണസമിതി അംഗങ്ങള്‍ നിയമം ലംഘിച്ച് ബാങ്കില്‍ നിന്ന് വായ്പയെടുത്തത് ഏകദേശം 4.16 കോടിയുടെ നഷ്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.

ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖ് ജി. പത്മകുമാര്‍ മാത്രം 46 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ട്. 16 അംഗങ്ങളുള്ള ഭരണസമിതിയിലെ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും ഒമ്പത് പേര്‍ 16 ലക്ഷം വീതവുമാണ് തിരിച്ചടയ്ക്കേണ്ടത്.

Content Highlight: Peringamala Bank scam; After the corporation elections, the leaders will pay all the money like grass; Sandeep Varier mocks

We use cookies to give you the best possible experience. Learn more