| Thursday, 1st October 2026, 11:13 am

സൂര്യക്കൊപ്പവും നിവിനൊപ്പവും നസ്‌ലെനൊപ്പവും കെമിസ്ട്രി പക്കാ; മമിതയുടെ 'അഡാപ്റ്റബിലിറ്റി'ക്ക് കയ്യടി

ആര്യ.പി

സിനിമയില്‍ വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ വ്യത്യസ്ത തലമുറകളിലെ നായകന്മാര്‍ക്കൊപ്പം സ്വാഭാവികമായ സ്‌ക്രീന്‍ കെമിസ്ട്രി സൃഷ്ടിക്കാന്‍ കഴിഞ്ഞ നടിയാണ് മമിത ബൈജു. കഥാപാത്രങ്ങള്‍ മാറുന്നതിനനുസരിച്ച് തന്റെ അഭിനയശൈലിയിലും ശരീരഭാഷയിലും പ്രകടനത്തിലുമൊക്കെ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മമിതയ്ക്ക് കഴിയുന്നുണ്ട്.

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പോലൊരു കുടുംബകഥയിലും ആ അഡാപ്റ്റബിലിറ്റിയുടെ മറ്റൊരു തലമാണ് മമിതയുടെ പ്രകടനത്തില്‍ കാണാനാകുന്നത്.

51 വയസ്സുള്ള സൂര്യക്കൊപ്പമോ, 42 വയസ്സുള്ള നിവിന്‍ പോളിക്കൊപ്പമോ, ഇനി 25 വയസ്സുള്ള നസ്‌ലെനൊപ്പമോ അഭിനയിക്കുമ്പോള്‍ പോലും മമിതയുടെ സ്‌ക്രീന്‍ കെമിസ്ട്രി സ്വാഭാവികമായി തോന്നുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

നായകന്റെ പ്രായമോ അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവമോ മാറുമ്പോള്‍ അതിനനുസരിച്ച് തന്റെ പ്രകടനത്തെയും മാറ്റിയെടുക്കാന്‍ സാധിക്കുന്നു എന്നിടത്താണ് മമിത വ്യത്യസ്തയാകുന്നത്.

ഒരു നായകനൊപ്പം അഭിനയിക്കുമ്പോള്‍ കെമിസ്ട്രി വര്‍ക്കാകണമെങ്കില്‍ മികച്ച അഭിനയം മാത്രം പോര. ആ കഥാപാത്രത്തെ കൃത്യമായി മനസിലാക്കണം, അതിനനുസരിച്ചുള്ള ബോഡി ലാംഗ്വേജ് കണ്ടെത്തണം, സീനിന്റെ ടൈമിങ് മനസിലാക്കണം, ഒപ്പം അഭിനയിക്കുന്നയാളുടെ പ്രകടനത്തോട് സ്വാഭാവികമായി പ്രതികരിക്കാനും കഴിയണം.

അപ്പോഴാണ് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം പ്രേക്ഷകന് കൃത്രിമമായി തോന്നാതിരിക്കുക. മമിതയുടെ കാര്യത്തില്‍ എടുത്തുപറയേണ്ടതും ഈ അഡാപ്റ്റബിലിറ്റി തന്നെയാണ്.

തനിക്കൊപ്പം അഭിനയിക്കുന്ന നായകന്റെ പ്രായമോ ഇമേജോ മാത്രം നോക്കി ഒരേ രീതിയില്‍ പെര്‍ഫോം ചെയ്യുകയല്ല മമിത ചെയ്യുന്നത്. മറിച്ച്, താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അനുസരിച്ച് തന്റെ പ്രകടനത്തില്‍ മാറ്റം കൊണ്ടുവരിക കൂടിയാണ്.

വിശ്വനാഥന്‍ ആന്‍ഡ് സണ്‍സില്‍ സൂര്യക്കൊപ്പം ഒരു തരത്തിലുള്ള കെമിസ്ട്രിയും ബെത്‌ലഹേമില്‍ നിവിന്‍ പോളിക്കൊപ്പമുള്ള രംഗങ്ങളില്‍ മറ്റൊരു തരത്തിലുള്ള കെമിസ്ട്രിയും പ്രേമലുവില്‍ നസ്‌ലെനൊപ്പമുള്ള രംഗങ്ങളില്‍ മറ്റൊരു സ്വാഭാവികതയും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു.

നായകനെ തന്റെ പ്രകടനത്തിലേക്ക് ഇണങ്ങിക്കൊണ്ടുവരുന്നതിന് പകരം, ഒപ്പം അഭിനയിക്കുന്ന നടന്റെ പ്രകടനത്തോട് പ്രതികരിച്ച് സ്വന്തം പെര്‍ഫോമന്‍സ് രൂപപ്പെടുത്താന്‍ മമിതയ്ക്ക് കഴിയുന്നുണ്ട്. ഒരു നല്ല ആക്ടറുടെ പ്രധാന കഴിവുകളിലൊന്നും ഇതുതന്നെയാണ്.

ഒറ്റയ്ക്ക് മികച്ച രീതിയില്‍ അഭിനയിക്കുക എന്നതിനപ്പുറം, തനിക്കൊപ്പം നില്‍ക്കുന്ന നടന്റെ പ്രകടനത്തെ കൂടി തന്റെ അഭിനയത്തിന്റെ ഭാഗമാക്കി മാറ്റുക. അതുകൊണ്ടാണ് മമിതയുടെ ഓരോ കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമാകുന്നതും വ്യത്യസ്ത നായകന്മാരുമായുള്ള കെമിസ്ട്രിയില്‍ ഇത്ര സ്വാഭാവികത അനുഭവപ്പെടുന്നതും.

ബെത്ലഹേം കുടുംബ യൂണിറ്റിലും മമിതയുടെ ഈ സ്‌ക്രീന്‍ ക്വാളിറ്റി ഏറെ ശ്രദ്ധേയമാണ്. കഥാപാത്രത്തിന്റെ സ്വഭാവവും കഥ ആവശ്യപ്പെടുന്ന ടോണും മനസിലാക്കി അതിനനുസരിച്ച് തന്റെ പ്രകടനത്തെ ക്രമീകരിക്കാന്‍ കഴിയുന്ന ഒരു നടിയെന്ന നിലയില്‍ മമിത കൂടുതല്‍ ശ്രദ്ധ നേടുകയാണ്. നായകന്‍ മാറുമ്പോള്‍ കെമിസ്ട്രിയും മാറും. പക്ഷേ ആ മാറ്റം പ്രേക്ഷകന് ഒരിക്കലും അഭിനയിച്ചുണ്ടാക്കിയതാണെന്ന് തോന്നില്ല. അതാണ് മമിതയുടെ യഥാര്‍ഥ സ്‌കില്‍.

Content Highlight: Perfect chemistry with Suriya, Nivin and Naslen; Mamitha gets applause for her ‘adaptability’

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more