| Wednesday, 21st September 2011, 9:30 am

‘ദയയല്ല, ഞങ്ങള്‍ക്ക് വേണ്ടത് നീതി്’

ഡൂള്‍ന്യൂസ് ഡെസ്‌ക്

2011 സെപ്റ്റംബര്‍ 22ന് പ്രസിദ്ധീകരിച്ചത്

രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന അറിവ്, ശാന്തന്‍, മുരുകന്‍ എന്നിവരുമായി ഓപണ്‍ മാഗസിന്‍ റിപ്പോര്‍ട്ടര്‍ കെ.കെ.ഷാഹിന നടത്തിയ അഭിമുഖം:

മൊഴിമാറ്റം: റഫീഖ് മൊയ്തീന്‍

വെല്ലൂര്‍ ജയില്‍ പത്തു ദിവസത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ജയില്‍ ഗേറ്റിനപ്പുറം മൂന്ന് മനുഷ്യരെ കാണാന്‍ ജനം കാത്തു നില്‍ക്കുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അറിവ്, ശാന്തന്‍, മുരുകന്‍ എന്നിവരാണ് ആ മുന്നു പേര്‍. ഒത്തുകൂടിയ ജനങ്ങളില്‍ ഭൂരിഭാഗവും മെയ് 17 മൂവ്‌മെന്റ് (May 17th Movemetn), വധശിക്ഷയ്‌ക്കെതിരെയുള്ള ജനകീയ മുന്നേറ്റം (People’s Movement Against Death Pen-atly) തുടങ്ങിയ വ്യത്യസ്തമായ മനുഷ്യാവകാശ സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു. നാം തമിഴര്‍ എന്ന സംഘടന വെല്ലൂര്‍ മുതല്‍ ചെന്നൈ വരെ വധശിക്ഷയ്‌ക്കെതിരെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തിരഞെടുത്തത് അതേ ദിവസം തന്നെ ആയിരുന്നു. കാത്തു നിന്നവരില്‍ പലരും തടവുകാരെ കാണാന്‍ അനുമതിക്കായി പ്രതീക്ഷിക്കുന്നവരായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അറിവിന്റെ അമ്മയായ അര്‍പുതം അമ്മാള്‍ തന്റെ മകന് ബിസ്‌ക്കറ്റും ഫ്രൂട്ട്‌സും പുസ്തകങ്ങളുമായി എത്തി. അവിടെ കൂടിയ എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. സന്ദര്‍ശകര്‍ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അവര്‍ തന്റെ ഊഴത്തിനായി കാത്തു നില്‍ക്കാന്‍ തുടങ്ങി. എന്നെ കണ്ടതും അവരുടെ മുഖം ഉയര്‍ന്നു: ”കേരളത്തില്‍ നിന്നും ഒരു സ്ത്രീ എന്റെ മകനെ കാണാന്‍ വന്നതില്‍ ഞാന്‍ സന്തോഷവതിയാണ്”. കേരളം ജസ്റ്റിസ് കൃഷ്ണയ്യരുടെ നാടാണെന്ന് അവര്‍ പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുടെ വധശിക്ഷയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ പ്രതികളായ മൂന്നു പേരുടെയും വധശിക്ഷ സ്‌റ്റേ ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേണലിസ്റ്റായ അനുശ്രീയും ഞാനും കാത്തിരുന്നു. നാലു മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് 1.30ഓടെ ഞങ്ങള്‍ അകത്തേക്ക് വിളിക്കപ്പെട്ടു. ദേഹപരിശോധനക്ക് ശേഷം ഒരു ചെറിയ ഗേറ്റിന്റെ മുന്‍പില്‍ ഞങ്ങള്‍ എത്തി. മറ്റൊരു 15 മിനുട്ടിന്റെ കാത്തിരിപ്പിനു ശേഷം കുറച്ച് കസേരകളുള്ള ചെറിയ ശുഷ്‌കിച്ച ഒരു മുറിയിലേക്ക് ഗേറ്റിന്റെ വാതില്‍ തുറക്കപ്പെട്ടു. അവിടെ ഒരു ടേബിള്‍ ഉണ്ടായിരുന്നു, പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ സമയം ശ്രദ്ധിക്കാനായി മൂന്ന് പോലീസുകാര്‍ അവിടെ നില്‍പുണ്ടായിരുന്നു.

വെളുത്ത ഷര്‍ട്ടും പാന്റും അണിഞ്ഞ രണ്ട് ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ശാന്തനും മുരുകനുമാണ് അവരെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളില്‍ കാണുന്ന അവരുടെ പഴയ ഫോട്ടോഗ്രാഫില്‍ നിന്നും ചെറിയ വ്യത്യാസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അറിവ് എവിടെയെന്ന് ഞാന്‍ ചോദിച്ചു. മുറിയുടെ മറ്റൊരു കോണില്‍ ഒരു സന്ദര്‍ശകനോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന അറിവിനെ അവര്‍ എനിക്ക് കാണിച്ചു തന്നു. അറിവ് വന്ന് എന്നെ ഹസ്തദാനം ചെയ്തു.

[] എങ്ങിനെ തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ പതിമൂന്ന് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്‍ബലം ഉണ്ടായിട്ടു പോലും ആ സമയത്ത് എല്ലാ ചോദ്യങ്ങളും ഞാന്‍ മറന്നു പോയി. മരണത്തെ പ്രതീക്ഷിച്ച് ജീവിക്കുന്ന മനുഷ്യര്‍. ‘എങ്ങിനെ പോകുന്നു?’ ഞാന്‍ അവരോട് വെറുതെ ചോദിച്ചു. മറ്റു ചില സന്ദര്‍ശകര്‍ കൂടി അങ്ങോട്ട് വന്നപ്പോള്‍ ശാന്തനും മുരുകനും അവരെ കാണാന്‍ വേണ്ടി പോയി. അറിവ് വന്ന് എന്റെ അടുത്ത് ഒരു കസേരയില്‍ ഇരുന്നു. മൃദുവായ ശബ്ദത്തില്‍ സംസാരിച്ച് തുടങ്ങി. ഇംഗ്ലീഷും തമിഴും ഇടകലര്‍ത്തിയായിരുന്നു സംസാരിച്ചത്. അറിവ് എന്ന 13906ാം നമ്പര്‍ തടവുകാരന്‍ മരണം കാത്ത് ഏകാന്തമായി ജീവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിനെതിരെയുള്ള നടപടികളിലെ പഴുതുകളെക്കുറിച്ചും ഒറ്റപ്പെടല്‍ എങ്ങിനെ ചിലപ്പോള്‍ കരുത്തു പകരുന്നുവെന്നും പറഞ്ഞു.

അടുത്തപേജില്‍ തുടരുന്നു

മുരുകന്‍ പോലീസ് വാഹനത്തില്‍

? രാജീവ് ഗാന്ധി വധക്കേസില്‍ എങ്ങിനെയാണ് നിങ്ങള്‍ ഉള്‍പ്പെടുന്നത്
എനിക്ക് പത്തൊന്‍പത് വയസ്സുള്ളപ്പോള്‍ ചെന്നൈയില്‍ ഇലക്ട്രോണിക്‌സ് പഠിക്കാന്‍ പോയി. ശിവരശന് ബാറ്ററി കൈമാറിയത് ഞാനാണെന്നത് സത്യമാണ്. (ഒരു കൊലപാതക സംഘത്തിലെ ഒരംഗമായിരുന്ന ശിവരശന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗൂഢാലോചനക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്ന നളിനിയുടെ സഹോദരന്‍ ഭാഗ്യനാഥനിലൂടെയാണ് അറിവ് ശിവരശനെ പരിചയപ്പെട്ടത്. അറിവിന്റെ അഛന്‍ എഴുതിയിരുന്ന കവിതകള്‍ ഭാഗ്യനാഥന്റെ പ്രസ്സിലാണ് അച്ചടിച്ചിരുന്നത്.) പ്രധാന സംഭവങ്ങളുടെ ടെലിവിഷനില്‍ വരുന്ന വാര്‍ത്തകള്‍ എഡിറ്റ് ചെയ്ത് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വെയ്ക്കാറുണ്ടായിരുന്നു. കാരക്ടര്‍ ജനറേറ്റര്‍ എന്ന ഉപകരണമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. (പ്രേസിക്യൂഷന്‍ പറഞ്ഞത് എല്‍.ടി.ടി.ഇ ക്ക് വേണ്ടിയാണ് അറിവ് അത് ചെയ്തതെന്നാണ്. പക്ഷേ, ഓര്‍ക്കുക, അന്ന് ആ ഉപകരണം നിരോധിച്ചിട്ടില്ലായിരുന്നു.) ആ ഉപകരണത്തിന് 9 വോള്‍ട്ടിന്റെ ബാറ്ററി ഉപയാഗിച്ചിരുന്നു.

അത്‌കൊണ്ട് തന്നെ ബാറ്ററികളുടെ ഒരു ശേഖരം തന്നെ എന്റെ പക്കലുണ്ടായിരുന്നു. അന്ന് എല്‍.ടി.ടി.ഇ നിരോധിക്കപ്പെട്ടിരുന്നില്ല. ഒരിക്കല്‍ ശിവരശന്‍ ഒരു ബാറ്ററി ചോദിച്ചപ്പോള്‍ ഞാന്‍ നല്‍കി. അതിലെന്താണ് തെറ്റ്? ഇതായിരുന്നു ഞാന്‍ ചെയ്ത തെറ്റ്. അതെന്റെ ജീവിതം കീഴ്‌മേല്‍ മറിയ്ക്കുമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ തുടക്കം മുതല്‍ അനുഭവിച്ച വേദനയും പേടിയും വാക്കുകള്‍ക്കതീതമാണ്. അവസാനം സത്യം തന്നെ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മനസ്സ് തളരുമ്പോഴെല്ലാം ഞാന്‍ എന്റെ അമ്മയെ ഓര്‍ക്കും. പോരാടാനുള്ള ഉര്‍ജ്ജത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് അവര്‍. എന്റെ നിരപരാധിത്വം ഒരു ദിവസം തെളിയിക്കാനാകുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

? ജയിലിലെ ജീവിതത്തെക്കുറിച്ച് പറയൂ. എങ്ങിനെയാണ് ഇതുമായി പൊരുത്തപ്പെടുന്നത്
മരണത്തെ മുഖാമുഖം കണ്ട് 11 വര്‍ഷം ജീവിക്കുമ്പോള്‍ മരണത്തിനും മേലെയുള്ള ഒരു പേടി നിങ്ങള്‍ക്കുണ്ടാകും. കുറേ കാലം മുന്‍പ് തന്നെ ആ പേടി എനിക്ക് പോയി. പക്ഷേ ഞാന്‍ തളരില്ല, കാരണം ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ലോകത്തോടുള്ള എന്റെ ദയാഹര്‍ജി കേവലമായ ദയക്ക് വേണ്ടിയല്ല, നീതിക്ക് വേണ്ടിയാണ്. മരണത്തിന്റെ വക്കില്‍ ജീവിക്കുമ്പോഴേ ജീവിതം എത്ര വിലപ്പെട്ടതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകൂ. ഓരോ ദിവസവും ഞാന്‍ ലോകത്തെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുന്നു.

? ഞാന്‍ കേട്ടത് താങ്കള്‍ ഒരു നിരീശ്വരവാദിയാണെന്നാണ്…
എന്റെ ചെറുപ്പകാലം മുതല്‍ ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എന്റെ മാതാപിതാക്കള്‍ പെരിയാറിന്റെ അനുയായികളായിരുന്നു. (പെരിയാര്‍ ഇ.വി. രാമസ്വാമി തമിഴ്‌നാട്ടിലെ ആന്റി ബ്രാഹ്മിണ്‍ ദ്രാവിഡ മൂവ്‌മെന്റ്.) ഞാനും അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടരുന്നു. മനുഷ്യത്വത്തിലും സമത്വത്തിലും സ്‌നേഹത്തിലും അദ്ദേഹം വിശ്വസിച്ചു. ജാതിവര്‍ഗ്ഗ വ്യത്യാസങ്ങളെ തകര്‍ത്തു. ഞാന്‍ ഒരു മതത്തിന്റെയും നിയമാവലികള്‍ ഇപ്പോഴും പിന്തുടരുന്നില്ല. എന്റെ മനസ്സാക്ഷിയാണ് എന്റെ ദൈവം. എല്ലാ മതത്തിന്റെയും പുരോഹിതന്മാരും ഇവിടെ കൂടെ പാര്‍ക്കുന്നവരും പലപ്പോഴും എന്റടുത്ത് വന്ന് പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാന്‍ അവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. ശാന്തനും മുരുകനും സായി ബാബയുടെ വലിയ ഭക്തരാണ്. ദൈവത്തിലേക്ക് തിരിയാനുള്ള അവരുടെ ആവശ്യം എനിക്ക് മനസ്സിലാകും

.അടുത്തപേജില്‍ തുടരുന്നു


കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നളിനി

? എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ നിരപരാധിത്വം തെളിയിക്കാന്‍ പോകുന്നത്
ഇലക്ട്രോണിക്‌സില്‍ എനിക്ക് ബിരുദമുണ്ട് എന്നത് വസ്തുതയാണ്. അതാണ് ഈ സംഭവിച്ചതിനെല്ലാം ഹേതുവായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് ഞാന്‍ ഒരു ബെല്‍റ്റ് ബോംബ് അണിഞ്ഞിരുന്നു എന്നാണ്. ബോംബുണ്ടാക്കാന്‍ എനിക്കറിയാം എന്ന് അവര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ ഒരു ചെറിയ തെളിവ് പോലും അവരുടെ കയ്യില്‍ ഇല്ല. ബോംബ് നിര്‍മിച്ചതാരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ച കാര്യം ചിലപ്പോള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും. ശിവരശന് ഒരു ബാറ്ററി നല്‍കിയതാണ് എന്റെ തെറ്റ്. പിന്നീട് ഡികോഡ് ചെയ്യപ്പെട്ട വയര്‍ലസ്സ സന്ദേശങ്ങള്‍ തന്നെ തെളിയിക്കുന്നത് സുഭ, ധനു, ശിവരശന്‍ എന്നിവര്‍ക്കു മാത്രമേ രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനുള്ള തീരുമാനം അറിയാമായിരുന്നുള്ളു എന്നാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ എന്റെ പങ്ക് തെളിയിക്കുന്ന ഒന്നും ഹാജരാക്കിയിട്ടില്ല. എന്റെ പുസ്തകം വായിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും എങ്ങിനെയാണ് മൊഴി ഉണ്ടാക്കിയെടുത്തതെന്ന്.

? ഞാന്‍ പുസ്തകം വായിച്ചിട്ടുണ്ട്.
അങ്ങിനെയെങ്കില്‍ എത്രത്തോളം കസ്റ്റഡിയില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും (അറിവ് തന്റെ പുസ്തകത്തില്‍ പറയുന്നു: അവര്‍ എന്റെ വൃഷ്ണത്തില്‍ തൊഴിച്ചു. ഭക്ഷണവും വെള്ളവും നിഷേധിച്ചു. മൂത്രമൊഴിക്കാനോ ഉറങ്ങാനോ സമ്മതിച്ചില്ല. എന്റെ ശരീരത്തിലേക്ക് വെള്ളം തളിച്ചു കൊണ്ടിരുന്നു. ഒരു കസേരയില്‍ ഇരുത്തി സിമന്റ് നിറച്ച പി.വി.സി പൈപ്പിനാല്‍ അടിച്ചു.) ഇങ്ങിനെയെല്ലാം ഉണ്ടാക്കിയ കുറ്റസമ്മതമൊഴിയാണ് അവര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ കീഴില്‍ ഈ കേസ് കേട്ടിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ മോചിപ്പിക്കപ്പെടുമായിരുന്നു. സി.ബി.ഐയുടെ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സി ഇപ്പോഴും കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നുണ്ട്. ശരിയായ വിധത്തില്‍ അന്വേഷണം നടക്കുകയാണെങ്കില്‍ എന്റെ നിരപരാധിത്വം തെളിയിക്കപ്പെടും. പക്ഷേ, എന്റെ ജീവിതം തിരികെ നല്‍കാന്‍ ആര്‍ക്കാണ് സാധിക്കുക….?

തൂക്കുമരത്തിന്റെ താഴെ നില്‍ക്കുമ്പോഴും എനിക്കാരോടും ദേഷ്യമില്ല. ഞാന്‍ നിങ്ങളെപ്പോലെയുള്ള ആളുകളോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ നിങ്ങളെ ആശ്രയിക്കുന്നു. ഞാന്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിനാളുകള്‍ പുറത്തുണ്ടെന്നെനിക്കറിയാം. ഞാന്‍ ദയക്കു വേണ്ടിയല്ല, നീതിക്ക് വേണ്ടിയാണ് വാദിക്കുന്നതെന്ന് ദയവായി മനസ്സിലാക്കുക. ഞാന്‍ എന്റെ അമ്മയെക്കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നത്. എന്നെ തൂക്കിക്കൊന്നാല്‍ അമ്മ തകര്‍ന്ന് പോകും. എന്റെ വ്യാകുലതയുടെ കാരണം അതു മാത്രമാണ്.

അടുത്തപേജില്‍ തുടരുന്നു

തടവുകാരെ സന്ദര്‍ശിക്കാനെത്തിയ ഗീലാനി പ്രതികള്‍ നല്‍കിയ പുസ്തകവുമായി

? മരണത്തിന്റെ നിഴലില്‍ ഇത്രയും വര്‍ഷങ്ങള്‍ നില്‍ക്കാന്‍ എന്താണ് നിങ്ങളെ സഹായിച്ചത്
എന്റെ അമ്മകുടുംബം, ഞങ്ങളെല്ലാവരും തന്നെ ഈ യുദ്ധത്തില്‍ ഒറ്റയ്ക്കായിരുന്നു. ഞങ്ങളെ പിന്തുണക്കാന്‍ ആരുമില്ലായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഞങ്ങളോട് അകലം പാലിച്ചു. ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. ഈ യുദ്ധത്തില്‍ ഞാന്‍ ഒറ്റയ്ക്കാണെന്ന് ബോധ്യമായപ്പോള്‍ അത് വല്ലാത്ത ശക്തിയായി എനിക്ക് ലഭിച്ചു.

ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറേ കാലത്തിന് ശേഷം പല രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളെ പിന്തുണച്ചു കൊണ്ട് പരസ്യമായി മുന്നോട്ട് വന്നു. അത് ഞങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. നിങ്ങള്‍ക്കു ചുറ്റം എന്തു സംഭവിക്കുന്നോ, അതില്‍ നിന്നും ശക്തി സംഭരിക്കുക ഇതാണ് ഞാന്‍ ജയില്‍ ജീവിതം കൊണ്ട് പഠിച്ചത്. മരണത്തിന്റെ നിഴല്‍ എന്റെ മുന്നില്‍ എപ്പോഴും ഉണ്ടെന്ന് എനിക്കറിയാം. എന്റെ ചിന്തകളെ ഞാന്‍ പുസ്തകത്തില്‍ മുഴുക്കി. വായനയാണ് എല്ലാത്തില്‍ നിന്നും പുറത്തു കടക്കാനുള്ള ഏക മാര്‍ഗ്ഗം. ഞാന്‍ ബി.സി.എ, എം.സി.എ തുടങ്ങിയ കോഴ്‌സുകളും ആറ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പൂര്‍ത്തിയാക്കി. ജയിലില്‍ ഞാന്‍ സഹതടവുകാര്‍ക്ക് കംപ്യൂട്ടര്‍ പരിശീലിപ്പിക്കുന്നു. നൂറോളം സഹതടവുകാര്‍ക്ക് 10ാം ക്ലാസ്സ്, പ്ലസ് ടു, ബി.എ തുടങ്ങിയ കോഴ്‌സുകളില്‍ ക്ലാസ്സെടുക്കുന്നു….

‘സമയം കഴിഞ്ഞു….’ അക്ഷമരായി പോലീസുകാരന്‍ വിളിച്ചു പറഞ്ഞു. പക്ഷേ, ശാന്തനും മുരുകനും അറിവും ഞങ്ങള്‍ക്ക് കുറച്ചു കൂടി സംസാരിക്കണമെന്ന് ശഠിച്ചു. അറിവിനെപ്പോലെ ഞാനും തൂക്കുമരത്തെ ഭയപ്പെടുന്നില്ല, മുരുകന്‍ പറഞ്ഞു. പക്ഷേ അതിനര്‍ത്ഥം ഞാന്‍ അതിനെ അംഗീകരിക്കുന്നുണ്ടെന്നല്ല. ഞാന്‍ എന്റെ ഭാര്യയുടെയും മകളുടെയും കാര്യത്തിലാണ് ആശങ്കപ്പെടുന്നത്. ആയിരക്കണക്കിന് ജനങ്ങള്‍ ഇപ്പോഴും രാജീവ് ഗാന്ധി വധത്തില്‍ ദുഃഖിക്കുന്നുണ്ടെന്ന് എനിക്കറിയാം. അവരുടെ മാനസികാവസ്ഥയിലൂടെയും കാര്യങ്ങളെ കാണാന്‍ എനിക്കാകും. അതാണ് ജയില്‍ ജീവിതം എന്നിലുണ്ടാക്കിയ മാറ്റം….മുരുകന്‍ പറഞ്ഞു കൊണ്ടിരുന്നു.

‘ഞാന്‍ കവിതകളും ചെറുകഥകളും എഴുതാറുണ്ട്. ഇതെല്ലാം എന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്’ഒരു കെട്ട് പുസ്തകവുമായി വന്നിട്ട് ശാന്തന്‍ പറഞ്ഞു. ശാന്തന്‍ പുസ്തകങ്ങള്‍ എനിക്ക് കാണിച്ചു തന്നു. എനിക്ക് തമിഴ് വായിക്കാനറിയില്ലെന്ന് ഞാന്‍ ശാന്തനോട് പറഞ്ഞു. ഉള്ളോളി എന്ന ജയില്‍ മാഗസിന്റെ എഡിറ്ററാണ് ശാന്തന്‍.

പുറം ലോകത്തിന് എന്തെങ്കിലും സന്ദേശമുണ്ടോയെന്ന് ഞാന്‍ ആ റൂമിന് പുറത്തിറങ്ങുമ്പോള്‍ അറിവിനോട് ചോദിച്ചു. ‘നിങ്ങളുള്‍പ്പടെ എല്ലാവരോടുമായി ഞാന്‍ അപേക്ഷിക്കുകയാണ്, ഞാന്‍ മരിക്കുന്നത് വരെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക. ഞാന്‍ മരിക്കുമോ ജീവിക്കുമോ എന്നതല്ല പ്രശ്‌നം. ഒരുദിവസം നിങ്ങള്‍ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. അവസാനം സത്യം പുറത്തു വരുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു’ അറിവ് എന്നോട് പറഞ്ഞു.

കടപ്പാട്: ഓപ്പണ്‍ മാഗസിന്‍

We use cookies to give you the best possible experience. Learn more