| Monday, 6th April 2026, 9:16 pm

പേരാമ്പ്രയിലെ എല്‍.ഡി.എഫ് അനൗണ്‍സ്‌മെന്റില്‍ ചട്ടലംഘനം നടന്നിട്ടില്ല: ജില്ലാ കളക്ടര്‍

അനിത സി

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന് വേണ്ടി നടത്തിയ മൈക്ക് അനൗണ്‍സ്‌മെന്റില്‍ ചട്ടലംഘനം കണ്ടെത്താനായില്ലെന്ന് ജില്ലാ കളക്ടര്‍. ഫ്‌ളയിങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ പ്രസ്താവന.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ മതം പറഞ്ഞ് വോട്ട് തേടുന്നുവെന്നായിരുന്നു വിവാദ അനൗണ്‍സ്‌മെന്റിലെ വാചകം. ഇതിനെതിരെ യു.ഡി.എഫാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് ഫളയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് നല്‍കിയെന്ന് കളക്ടര്‍ വിശദമാക്കി.

അതേസമയം, മതം പറഞ്ഞ് വോട്ട് തേടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കെതിരായ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ഫ്‌ളയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കളക്ടര്‍ അറിയിച്ചു.

തെഹ്‌ലിയയ്‌ക്കെതിരെ സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭിച്ചിരിക്കുന്നത്.

മതവിദ്വേഷം പരത്തുന്ന രീതിയില്‍ എല്‍.ഡി.എഫ് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയെന്ന് വീഡിയോ സഹിതമായിരുന്നു യു.ഡി.എഫിന്റെ പരാതി. തുടര്‍ന്ന് ടി.പി. രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയായിരുന്നു.

സംഭവത്തില്‍ വിശദീകരണവുമായി ടി.പി. രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി അംഗീകരിച്ച അനൗണ്‍സ്‌മെന്റില്‍ ഇത്തരം വാചകങ്ങളില്ലെന്നും വിവാദ അനൗണ്‍സ്‌മെന്റ് നടന്നത് സ്ഥാനാര്‍ത്ഥിയോ മുന്നണിയോ അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Perambra mic announcement controversy: no violation found says District Collector

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more