| Saturday, 11th October 2025, 8:17 am

പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന 692 കോൺ​ഗ്രസ് പ്രവർത്തകർക്കും സി.പി.ഐ.എം പ്രവർത്തകർക്കുമെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം.പിക്കെതിരെ കേസ്. ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ ഉൾപ്പെടെയുള്ള എട്ട് യു.ഡി.എഫ് നേതാക്കൾക്ക് നേരെയും കണ്ടാലറിയാവുന്ന 692 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സി.പി.ഐ.എം പ്രവർത്തകർക്ക് നേരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്.ഐ.ആർ. ഷാഫിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധിക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമങ്ങളും നടത്തും. മൂന്ന് മണിക്ക് പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടത്തും.

അതേസമയം, സംഭവത്തിൽ ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചു. എം.പിക്ക് സുരക്ഷ നൽകുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കോൺഗ്രസ് പറഞ്ഞു.

യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിലാണ് ഷാഫി പറമ്പിൽ എം.പിക്ക് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഘർഷത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് പ്രവീൺ എന്നിവരെക്കൂടാതെ കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. കൂടാതെ, ഡി.വൈ.എസ്.പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

മൂക്കിന് പരിക്കേറ്റ ഷാഫിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തുടരുകയാണ്. മൂക്കിന് പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ കഴിഞ്ഞതായും കോൺഗ്രസ് അറിയിച്ചു.

അതേസമയം, എം.പിക്ക് ലാത്തിച്ചാർജിനിടെയല്ല ഷാഫിക്ക് പരിക്കേറ്റതെന്ന് റൂറൽ എസ്.പി കെ.ജി. ബിജു അവകാശപ്പെട്ടു.

സി.കെ.ജി.എം ഗവ. കോളേജ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വെള്ളിയാഴ്ച യു.ഡി.എഫ് ഹർത്താൽ സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രതിഷേധ പ്രകടനം ബസ് സ്റ്റാൻഡിന് സമീപം വെച്ച് പൊലീസ് തടയുകയായിരുന്നു. ഷാഫിയും പ്രവീൺ കുമാറും എത്തിയതോടെ പ്രതിഷേധം എത്തുകയും പ്രകടനം ബസ് സ്റ്റാൻഡ് വരെ പോകാൻ അനുവദിക്കണമെന്ന ആവശ്യം യു.ഡി.എഫ് മുന്നോട്ട് വെക്കുകയായിരുന്നു. റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്നായിരുന്നു പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്.

Content hIghlight: Perambra clash; Case filed against 692 Congress workers including Shafi Parambil

We use cookies to give you the best possible experience. Learn more