| Wednesday, 18th March 2026, 5:23 pm

തോല്‍വി മാത്രമല്ല, നാണക്കേടും; റയലിന് മുന്നില്‍ കാലിടറുന്ന പെപ്!

ഫസീഹ പി.സി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനോട് തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി പുറത്തായിരുന്നു. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ടീമിന്റെ തോല്‍വി. 5-1 എന്ന അഗ്രഗേറ്റ് സ്‌കോറിലായിരുന്നു റയല്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.

ആദ്യ പാദത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു റയലിന്റെ വിജയം. ക്യാപ്റ്റന്‍ ഫെഡറിക്കോ വാര്‍വെര്‍ദെയുടെ ഹാട്രിക്കില്‍ നേടിയ വിജയം രണ്ടാം പാദത്തിലും തുടര്‍ന്നപ്പോള്‍ ലോസ് ബ്ലാങ്കോസ് ക്വാര്‍ട്ടര്‍ ഫൈനലിലേക്കും പ്രവേശിച്ചു.

ഈ തോല്‍വിയോടെ ഒരു നാണക്കേടും സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള തന്റെ പേരില്‍ എഴുതി ചേര്‍ത്തു. റയല്‍ മാഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ തോല്‍വി വഴങ്ങുന്ന പരിശീലകന്‍ എന്ന അനാവശ്യ നേട്ടമാണ് പെപ് സ്വന്തമാക്കിയത്. ഈ ‘നേട്ട’ത്തിലെത്തിയതാകട്ടെ തന്റെ തന്നെ റെക്കോഡ് തിരുത്തിയാണ്.

പെപ് ഗ്വാര്‍ഡിയോള. Photo: 433/x.com

യു.സി.എല്‍ ചരിത്രത്തില്‍ പെപ് റയല്‍ മാഡ്രിഡിനോട് ഏഴ് തവണ തോല്‍വി നേരിട്ടിട്ടുണ്ട്. 17 മത്സരങ്ങളിലാണ് അദ്ദേഹം വിവിധ ടീമുകള്‍ക്കൊപ്പം റയലിനെതിരെ പരിശീലകകുപ്പായമണിഞ്ഞത്. ആറ് തവണ സ്പാനിഷ് പരിശീലകന്‍ വിജയിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളില്‍ സമനിലയായിരുന്നു പെപ്പിന്റെ ടീമിന്റെ ഫലം.

സിറ്റിയ്ക്ക് പുറമെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കൊപ്പവും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനൊപ്പവും പെപ് റയലിനെ നേരിട്ടിട്ടുണ്ട്. ഇതില്‍ ബാഴ്‌സ മാനേജരായിരിക്കെ യു.സി.എല്ലില്‍ റയലിനെതിരെ ഒരിക്കല്‍ പോലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല. ആകെ നേരിട്ട രണ്ട് മത്സരങ്ങളില്‍ ഒരു ജയം നേടിയപ്പോള്‍ മറ്റൊന്നില്‍ സമനില വഴങ്ങി.

പെപ് ഗ്വാര്‍ഡിയോള. Photo: 433/x.com

എന്നാല്‍, പെപ്പിന് ബയേണില്‍ നിരാശയായിരുന്നു ഫലം. യു.സി.എല്ലില്‍ രണ്ട് മത്സരങ്ങളിലാണ് ബയേണ്‍ പരിശീലകനായി റയലിനെ നേരിട്ടത്. ഇതില്‍ രണ്ടിലും പെപ്പിനും സംഘത്തിനും പരാജയപ്പെട്ട മടങ്ങേണ്ടി വന്നു.

യു.സി.എല്ലില്‍ 12 മത്സരങ്ങളിലാണ് സിറ്റിക്കൊപ്പം പെപ് റയലിനെതിരെ ഇറങ്ങിയത്. അതില്‍ അഞ്ച് തവണ അദ്ദേഹത്തിന്റെ സംഘം മുട്ടുമടക്കി. തോല്‍വിയുടെ അത്ര തന്നെ പെപ് വിജയവും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ സമനിലയിലും മത്സരം അവസാനിച്ചു.

Content Highlight: Pep Guradiola became the coach with most UEFA Champions League loss against Real Madrid by the defeat in second leg

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more