ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നവംബര്‍ അഞ്ചിന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 23 വര്‍ഷം നീണ്ട സ്വപ്നതുല്യമായി കരിയര്‍ അവസാനിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് ഒരു വിടവാങ്ങല്‍ മത്സരം പോര്‍ച്ചുഗല്‍ നല്‍കുമെന്ന് ഫുട്ബോള്‍ ലോകം പ്രതീക്ഷിച്ചിരുന്നു.
പോര്‍ച്ചുഗല്‍ നാഷണല്‍ ടീം പരിശീലകനും റൊണാള്‍ഡോയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാമ്പ് വിട്ടതും ആരാധകര്‍ക്കിടയില്‍ ഏറെ നിരാശ ഉണ്ടാക്കിയിരുന്നു.
പ്ലെയിങ് ടൈമുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന ധാരണ പരിശീലകന് ലംഘിച്ചു എന്ന അമര്‍ഷത്തിലാണ് റൊണാള്‍ഡോ പരിശീലന ക്യാമ്പ് ഉപേക്ഷിച്ചതും പോര്‍ച്ചുഗല്‍ ക്യാമ്പില്‍ നിന്ന് മടങ്ങിയതും. എന്നാല്‍ പിന്നീട് റൊണാള്‍ഡോയും പോര്‍ച്ചുഗല്‍ ക്യാമ്പും തമ്മില്‍ തകര്‍ക്കങ്ങള്‍ ഇല്ലെന്ന് ജോര്‍ജ് ജീസസ് പറഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നാലെയാണ് റൊണാള്‍ഡോ തന്റെ 23 വര്‍ഷം നീണ്ട കരിയറിന് ഫുള്‍ സ്റ്റോപ്പിട്ടത്.
ഇപ്പോഴിതാ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ നിന്നും ഈ രീതിയില്‍ വിടവാങ്ങരുതെന്ന് പറയുകയാണ് സ്പാനിഷ് പരിശീലകന് പെപ് ഗാര്‍ഡിയോള. റൊണാള്‍ഡോയ്ക്ക് അര്‍ഹമായ യാത്രയയപ്പ് നല്കാന് പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് തയ്യാറാകണമെന്നാണ് പെപ് പറഞ്ഞത്. പോര്‍ച്ചുഗീസ് ഇതിഹാസം റൊമാരിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തരമൊരു രീതിയില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീം വിടാന്‍ പാടില്ല. അദ്ദേഹത്തെ ഇങ്ങനെ പോകാന്‍ അനുവദിക്കരുത്. റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം മാത്രമല്ല, പോര്‍ച്ചുഗലിനും വരുംതലമുറയിലെ പോര്‍ച്ചുഗീസ് താരങ്ങള്‍ക്കും അദ്ദേഹം ഏറെ പ്രധാനപ്പെട്ട വ്യക്തിയാണ്,’ പെപ് പറഞ്ഞു.
അസാധാരണ പ്രതിഭകളില്‍ ഒരാളായ അദ്ദേഹത്തിന് സ്വന്തം നിബന്ധനകള്‍ക്കനുസരിച്ച് കരിയര്‍ അവസാനിപ്പിക്കാനുള്ള അവസരം റൊണാള്‍ഡോയ്ക്ക് ലഭിക്കണമെന്ന് അവര്‍ മനസ്സിലാക്കണമെന്ന് പെപ് പറഞ്ഞു. നിലവിലെ സാഹചര്യം തിരുത്തേണ്ടത് അനിവാര്യമാണെന്നും പെപ് കൂട്ടിച്ചേര്‍ത്തു.
‘ഫുട്ബോള്‍ ലോകത്ത് അദ്ദേഹം നേടിയ നേട്ടങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായൊരു അവസാനമാണ് അര്‍ഹിക്കുന്നത്. സ്വന്തം നാട്ടുകാരുടെ സ്നേഹവും ആദരവും അനുഭവിക്കാന്‍ കഴിയുന്ന തരത്തിലുള്ള യാത്രയയപ്പ് അദ്ദേഹത്തിന് നല്‍കണം. അതേസമയം, പഴയ കാര്യങ്ങള്‍ മറന്ന് പുതിയൊരു തുടക്കത്തിലേക്ക് പോകാമെന്ന് റൊണാള്‍ഡോയും മുന്‍കൈയെടുത്ത് പറയണം,’ സ്പാനിഷ് പരിശീലകന് പറഞ്ഞു.
ഒന്നോ രണ്ടോ മാസത്തെ സംഭവങ്ങളുടെ പേരിലോ ഒന്നോ രണ്ടോ വ്യക്തികളുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെയോ തെറ്റിദ്ധാരണയുടെയോ പേരിലോ ഒരു വ്യക്തിയുടെ മുഴുവന്‍ കരിയറിനെയും വിലയിരുത്തരുതെന്നും നേട്ടങ്ങള്‍കൊണ്ട് സമ്പന്നമായ കരിയറുകളെ സംരക്ഷിക്കുകയും ആദരിക്കുകയും വേണമെന്നും പെപ് കൂട്ടിച്ചേര്‍ത്തു.
‘കളിയുടെ ഉന്നതിയില്‍ എത്തിയ മഹത്തായ താരങ്ങള്‍ മുന്‍വാതിലിലൂടെ തന്നെ വിടവാങ്ങണം. കായികരംഗത്തിന് നല്കിയ സംഭാവനകളിലൂടെ അവര്‍ അതിന് അര്‍ഹത നേടിയിട്ടുണ്ട്. ഫുട്ബോള്‍ തന്നെ അവര്‍ക്ക് ഈ ആദരം നല്കാന് ബാധ്യസ്ഥമാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Pep Guardiola says The Portuguese Football Federation must ensure a dignified end to Cristiano Ronaldo’s career.