| Tuesday, 10th June 2025, 3:03 pm

ഗസയിലെ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് ഞാന്‍ എന്റെ കുഞ്ഞുങ്ങളെയാണ് ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത്: പെപ് ഗാര്‍ഡിയോള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയിലെ വംശഹത്യയെക്കുറിച്ച് വൈകാരിക പ്രതികരണവുമായി ലോക പ്രശസ്ത ഫുട്‌ബോള്‍ താരവും മാഞ്ചസ്റ്റര്‍ സിറ്റി മാനേജറുമായ പെപ് ഗാര്‍ഡിയോള. ഗസയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടക്കുന്ന ആക്രമങ്ങള്‍ കാണുമ്പോള്‍ തനിക്ക് വേദനയുണ്ടെന്ന് ഗാര്‍ഡിയോള പറഞ്ഞു. മാഞ്ചസ്റ്റര്‍ സര്‍വകലാശാല അദ്ദേഹത്തിന് സമ്മാനിച്ച ഹോണററി ഡോക്ടറേറ്റ് സീകരിക്കവെയാണ് അദ്ദേഹം ഗസയ്ക്ക് വേണ്ടി സംസാരിച്ചത്.

ഗസയില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ തന്റെ ശരീരം മുഴുവനായും വേദനിക്കുന്നതായും ഈ വിഷയത്തില്‍ ശരി തെറ്റുകള്‍ അല്ല പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് സ്വന്തം മക്കളെയാണ് പലപ്പോഴും ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗസയില്‍ കാണുന്ന കാഴ്ച്ചകള്‍ നമ്മളെ വേദനിപ്പിക്കുന്നതാണ്. അതെന്റെ മുഴുവന്‍ ശരീരത്തേയും വേദനിപ്പിക്കുന്നു. ഇതൊരിക്കലും ഒരു പ്രത്യയശാസ്‌ത്രത്തെ സംബന്ധിച്ചുള്ളതല്ല. ഇത് ജീവിതത്തോടുള്ള സ്‌നേഹത്തെപ്പറ്റിയുള്ളതാണ്.

നമ്മുടെ അയല്‍ക്കാരനോടുള്ള കരുതലിനെപ്പറ്റിയുള്ളതാണ്. ചിലപ്പോള്‍ നമ്മള്‍ നാല് വയസുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബോംബാക്രമണത്തില്‍ മരിക്കുന്നതായി കാണുകയും ഹോസ്പിറ്റലില്‍വെച്ച് മരിക്കുന്നതായും കാണുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ ഹോസ്പിറ്റലുകളെ ഇല്ല.

നമുക്ക് അതിനെപ്പറ്റി ആലോചിക്കാം. ഇത് നമ്മുടെ കാര്യമില്ല. അടുത്തത് നമ്മുടേതായിരിക്കാം. ആ നാല് വയസുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ നമ്മുടെ കുട്ടികളാവാം. ഗസയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരായ അക്രമം ആരംഭിച്ചത് മുതല്‍ ഞാന്‍ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് എന്റെ കുഞ്ഞുങ്ങളെയാണ്. നമ്മള്‍ താമസിക്കുന്നത് വളരെ ദൂരത്തിലായിരുന്നിട്ടും,’ ഗാര്‍ഡിയോള പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഗാര്‍ഡിയോളയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ന് ഗസയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം ഗസയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ലോട്ടില്ലയുടെ മാഡ്‌ലീന്‍ എന്ന കപ്പലിനെ ഇസ്രഈല്‍ തടഞ്ഞതില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ നിന്ന്‌ ഇസ്രഈല്‍ സൈന്യം കപ്പല്‍ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്ന് ഗ്രീന്‍പീസ് പറഞ്ഞു. കപ്പലിലെ ആക്ടിവിസ്റ്റുകളെ ഉടന്‍ മോചിപ്പിക്കണമെന്നും ഗ്രീന്‍പീസ് ആവശ്യപ്പെട്ടു. ഗസയിലേക്ക് തടസമില്ലാതെ സഹായം എത്തിക്കണമെന്നും ഫലസ്തീനിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കാനും ഗ്രീന്‍പീസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Content Highlight: Pep Guardiola’s powerful speech on Gaza 

Latest Stories

We use cookies to give you the best possible experience. Learn more