യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടിരുന്നു. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെതിരെ എതിരാളികളുടെ തട്ടകമായ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റിസണ്‍സ് പരാജയപ്പെട്ടത്.
ഫെഡ്രികോ വാല്‍വെര്‍ദെയുടെ ഹാട്രിക്കിന്റെ ബലത്തിലാണ് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും സിറ്റി ബോസ് പെപ് ഗ്വാര്‍ഡിയോളയുടെ പേരില്‍ ഒരു നേട്ടവും കുറിക്കപ്പെട്ടിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ മാനേജ് ചെയ്യുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയാണ് ഗ്വാര്‍ഡിയോള റെക്കോഡിട്ടത്.
ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ നേട്ടത്തിനൊപ്പമാണ് പെപ് നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി മാത്രമാണ് ഈ നേട്ടത്തില്‍ പെപ്പിന് മുമ്പിലുള്ളത്.
പെപ് ഗ്വാര്‍ഡിയോള
(മാനേജര്‍ – മത്സരം എന്നീ ക്രമത്തില്‍)
കാര്‍ലോ ആന്‍സലോട്ടി – 218
സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ – 190
പെപ് ഗ്വാര്‍ഡിയോള – 190*
ആഴ്‌സണ്‍ വെങ്ങര്‍ – 178
ഹോസെ മൗറീന്യോ – 154
പെപ് ഗ്വാര്‍ഡിയോള
ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് ടീമുകളെയാണ് പെപ് പരിശീലിപ്പിച്ചത്. 2008 മുതല്‍ 2012 വരെ ബാഴ്‌സയുടെ മാനേജറായിരുന്ന അദ്ദേഹം, 2013-2016 സീസണുകളില്‍ ബയേണ്‍ മ്യൂണിക്കിനെയും 2016 മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും പരിശീലിപ്പിച്ചിരുന്നു. ബാഴ്‌സയെയും സിറ്റിയെയും കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിച്ചു.
അതേസമയം, സിറ്റിക്കെതിരായ മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനാണ് റയല്‍ അവലംബിച്ചത്. മറുവശത്ത് സിറ്റിസണ്‍സ് 4-2-3-1 എന്ന ഫോര്‍മേഷനിലും കളത്തിലിറങ്ങി.
ആദ്യ മിനിട്ടുകളില്‍ തന്നെ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി എതിര്‍ ഗോള്‍മുഖം വിറപ്പിച്ചു. 20ാം മിനിട്ടില്‍ ഗോള്‍ കീപ്പര്‍ തിബൗട് കോര്‍ട്വോ നീട്ടി നല്‍കിയ പന്ത് സ്വീകരിച്ച വാല്‍വെര്‍ദെ സിറ്റി ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡൊണാറൂമ്മയെ പരാജയപ്പെടുത്തി വലകുലുക്കി.
ആദ്യ ഗോള്‍ പിറന്ന് ഏഴാം മിനിട്ടില്‍ വാല്‍വെര്‍ദെ രണ്ടാം ഗോളും അടിച്ചെടുത്തു. ഇത്തവണ വിനീഷ്യസാണ് ഗോളടിക്കാന്‍ അവസരമൊരുക്കിയത്. 43ാം മിനിട്ടില്‍ തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി വാല്‍വെര്‍ദെ കരുത്ത് കാട്ടി. തുടര്‍ന്നും ഇരുവരും ആക്രമിച്ചുകളിച്ചെങ്കിലും ഗോളടിക്കാന്‍ സാധിക്കാതെ പോയതോടെ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ വിജയം ആഘോഷിച്ചു.
മാര്‍ച്ച് 18നാണ് രണ്ടാം പാദ മത്സരം. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയമാണ് വേദി. ഈ മത്സരത്തില്‍ കളത്തിലിറങ്ങുന്നതോടെ ഫെര്‍ഗൂസനെ മറികടക്കാനും പെപ്പിന് സാധിക്കും.
Content highlight: Pep Guardiola equals Sir Alex Ferguson’s record of second most matches managed in UCL