യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചിരുന്നു. ഗലാറ്റസരെയാണ് ജനുവരി 29ന് നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാര്‍ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം.
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടീമിനായി വല കുലുക്കിയത് ഏര്‍ലിങ് ഹാലണ്ടും റയാന്‍ ചെര്‍ക്കിയുമാണ്. 11ാം മിനിട്ടിലാണ് ഹാലണ്ടിന്റെ ഗോള്‍ പിറന്നത്. ചെര്‍ക്കി സ്‌കോര്‍ ചെയ്തത് 29ാം മിനിട്ടിലാണ്.
ആദ്യ പകുതിയിലെ ഈ ഗോളുകളുടെ കരുത്തിലാണ് സിറ്റി ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ അഞ്ചാം വിജയം സ്വന്തമാക്കിയത്. ടീമിനെ മറ്റൊരു വിജയത്തില്‍ എത്തിച്ചതോടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് സിറ്റിക്കൊപ്പം 400 വിജയങ്ങള്‍ സ്വന്തമാക്കാനായി.
പെപ് ഗ്വാർഡിയോള. Photo: Actu Foot Stats/x.com
ഇതോടെ ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാനും ഗ്വാര്‍ഡിയോളയ്ക്ക് സാധിച്ചു. ഒരു ഇംഗ്ലീഷ് ക്ലബിനൊപ്പം ഏറ്റവും വേഗത്തില്‍ 400 വിജയങ്ങള്‍ സ്വന്തമാക്കിയ പരിശീലകന്‍ എന്ന നേട്ടമാണ് അദ്ദേഹം സ്വന്തം പേരില്‍ ചാര്‍ത്തിയത്.
വെറും 569 മത്സരങ്ങള്‍ സിറ്റി പരിശീലിപ്പിച്ചാണ് ഗ്വാര്‍ഡിയോള 400 വിജയങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ മറ്റ് പരിശീലകരെ ഏറെ പിന്നിലാക്കിയാണ് സ്പാനിഷ് കോച്ച് ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.
ഫ്രഞ്ച് പരിശീലകന്‍ ആഴ്‌സെന്‍ വെങ്ങറെ മറികടന്നാണ് ഗ്വാര്‍ഡിയോളയുടെ നേട്ടം. ആഴ്‌സണലിനെ 696 മത്സരങ്ങളില്‍ പരിശീലിപ്പിച്ചാണ് വെങ്ങര്‍ 400 വിജയങ്ങള്‍ സ്വന്തമാക്കിയതും ഒന്നാം സ്ഥാനം കയ്യടക്കിയിരുന്നതും.
(പരിശീലകന്‍ – ടീം – മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
പെപ് ഗ്വാര്‍ഡിയോള – മാഞ്ചസ്റ്റര്‍ സിറ്റി – 569
ആഴ്‌സെന്‍ വെങ്ങര്‍ – ആഴ്സണല്‍ – 696
സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 732
ജോര്‍ജ് റാംസി – ആസ്റ്റണ്‍ വില്ല – 777
സര്‍ മാറ്റ് ബസ്ബി – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 802
അതേസമയം, ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി എട്ടാം സ്ഥാനത്താണ്. ടീമിന് 16 പോയിന്റാണുള്ളത്. എട്ട് മത്സരങ്ങളില്‍ സിറ്റിക്ക് അഞ്ച് വിജയവും ഒരു സമനിലയുമാണുള്ളത്. രണ്ട് മത്സരങ്ങളില്‍ ടീം തോല്‍വി വഴങ്ങുകയും ചെയ്തു.
Content Highlight: Pep Guardiola became fastest manger to complete 400 win with a top division English Club