തിരുപ്പൂർ: ധാരാപുരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടി.വി.കെ സ്ഥാനാർത്ഥി പി. സത്യഭാമയ്ക്കും മുഖ്യമന്ത്രി വിജയ്‌ക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ.
ഡി.എം.കെ സ്ഥാനാർത്ഥി എസ്. സുഗന്യയ്ക്ക് വേണ്ടി സംസാരിക്കവെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച വോട്ടർമാരെ പിന്നിൽനിന്ന് കുത്തിയ സത്യഭാമയെപ്പോലുള്ള വഞ്ചകരെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അവർ വീണ്ടും ജയിച്ചാൽ ജനങ്ങൾക്ക് വേണ്ടി സംസാരിക്കില്ലെന്നും നിയമസഭയിലിരുന്ന് സിനിമാപ്പാട്ട് പാടുക മാത്രമേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു. ഒപ്പം ഡി.എം.കെ സഖ്യം വിട്ടുപോയ പാർട്ടികളെ വഞ്ചകരെന്നാണ് ഉദയനിധി വിശേഷിപ്പിച്ചത്.
അധികാരത്തിൽ വന്നതുമുതൽ വിജയ് ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും എ.ഐ.എ.ഡി.എം.കെയിലെ ഏഴ് എം.എൽ.എമാർക്ക് പെട്ടി (പണം) നൽകി വിലയ്‌ക്കെടുക്കുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
‘അധികാരത്തിൽ വന്നതുമുതൽ മുഖ്യമന്ത്രി വിജയ് എം.എൽ.എമാരെ വിലയ്‌ക്കെടുക്കലും രാഷ്ട്രീയ പാർട്ടികളെ പിളർത്തലും പോലുള്ള ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. നേരത്തെ സോഫകൾ നൽകിയാണ് പാർട്ടികളെ ആകർഷിച്ചതെങ്കിൽ, ഇപ്പോൾ എ.ഐ.എ.ഡി.എം.കെയിൽ നിന്നുള്ള ഏഴ് എം.എൽ.എമാരെ പെട്ടി നൽകി വിലയ്‌ക്കെടുത്തിരിക്കുകയാണ്’. ഉദയനിധി പറഞ്ഞു.
ഭയം കാരണമാണ് വിജയ് കേടായ ടേപ്പ് റെക്കോർഡർ പോലെ ഡി.എം.കെയെ നിരന്തരം കുറ്റപ്പെടുത്തുന്നതെന്നും, സർക്കാരിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും അവർക്കെതിരെ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പോലും കടുത്ത വൈദ്യുതി ക്ഷാമമാണെന്നും, സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്ന അവസ്ഥയിലാണെന്നും ഉദയനിധി വിമർശിച്ചു.
‘മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ പോലും ജനങ്ങൾ വൈദ്യുതിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിൽ പോലും വൈദ്യുതി മുടങ്ങുന്നു. ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുതി മുടക്കവും കൊടുവാൾ ആക്രമണങ്ങളും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്’. അദ്ദേഹം പറഞ്ഞു.
Content Highlight: People Will Not Forget Traitors”: Udhayanidhi Stalin Launches Scathing Attack on Vijay.