ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദിലും പഞ്ചാബിലും ഒരു മാസത്തെ സൗജന്യ പൊതുഗതാഗതം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍.
ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇന്ധന വിലയിലെ റെക്കോര്‍ഡ് വര്‍ധനവ് പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെയാണ് നടപടി.
‘നാളെ (ശനിയാഴ്ച) മുതല്‍ അടുത്ത മുപ്പത് ദിവസത്തേക്ക് ഇസ്‌ലാമാബാദിലെ എല്ലാ പൊതുഗതാഗതവും പൊതുജനങ്ങള്‍ക്ക് സൗജന്യമായിരിക്കും,’ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്‌വി എക്‌സിലൂടെ അറിയിച്ചു.
എന്നാല്‍ ഇത് വഴി സര്‍ക്കാരിന് വരുന്ന 350 മില്ല്യണ്‍ രൂപയുടെ അധിക ബാധ്യത സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ സിന്ധ് പ്രവിഷ്യയില്‍ ബൈക്ക് യാത്രക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിനം നാല് ദിവസത്തേക്കാക്കുകയും സ്‌കൂള്‍ അവധികള്‍ നീട്ടുകയും ചെയ്തു.
ഇന്ധന വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ ഗതാഗതം എന്ന ആശയവുമായുളള സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം.
പെട്രോളിന് 42.7 ശതമാനവും ഡീസലിന് 54.9 ശതമാനവുമാണ് വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നത്. ഇത് പെട്രോള്‍ ബോംബ് ആണെന്നും ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ഇന്ധന പ്രതിസന്ധിയാണ് നേരിടുന്നത്.
പാകിസ്ഥാന്‍ നേരത്തെ തന്നെ സ്‌കൂള്‍ അടക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
Content Highlight: People take to the streets to protest fuel price hike; Pakistan makes public transport free for a month