അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ബോളിവുഡില്‍ നിന്നും വലിയ സ്വീകാര്യത നേടി മുന്നേറുന്ന സിനിമയാണ് ധുരന്ധര്‍; ദ റിവഞ്ച്. ആദിത്യ ധറിന്റെ സംവിധാനത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തിയേറ്ററുകളിലെത്തി 1400 കോടിയിലധികം നേടിയ ധുരന്ധറിന്റെ സ്വീകലായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മാര്‍ച്ച് 19 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 1000 കോടി ക്ലബിലെത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നോട്ട് നിരോധനമടക്കമുളള രാജ്യത്തെ പരാജയ നടപടികളെയെല്ലാം വെള്ള പൂശുന്ന തരത്തിലുള്ള ആദിത്യ ധറിന്റെ പ്രൊപ്പഗണ്ടക്കെതിരെ വലിയ പ്രതിഷേധവും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നിരുന്നു.
ധുരന്ധര്‍; ദ റിവഞ്ച്. Photo: IMDB
പാകിസ്ഥാനിലെ ലിയാരി എന്ന സ്ഥലത്തേക്ക് ഇന്ത്യ അയക്കുന്ന ചാരനായാണ് ചിത്രത്തില്‍ രണ്‍വീര്‍ സിങ് പ്രത്യക്ഷപ്പെടുന്നത്. ചിത്രം പാകിസ്ഥാനിലും വലിയ ചര്‍ച്ചയായതോടെ കളക്ഷന്റെ ഒരു ഭാഗം ആവശ്യപ്പെട്ടുകൊണ്ട് ലിയാരിയിലെ പ്രദേശവാസികള്‍ രംഗത്തെത്തിയ വാര്‍ത്തയാണ് ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പബ്ലിക് റെസ്‌പോണ്‍സ് വീഡിയോയിലാണ് പ്രതികരണം.
ലിയാരിയുടെ പേരും പശ്ചാത്തലവും ഉപയോഗിച്ച് ചിത്രം വലിയ വിജയമായ സാഹചര്യത്തില്‍ ധുരന്ധറിന്റെ വലിയൊരു പങ്ക് ഇവിടുത്തെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ഇതില്‍ തന്നെ 1000 കോടി നേടിയ ചിത്രത്തിന്റെ 80 ശതമാനമെങ്കിലും തങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നവരെയും കാണാം. ഈ തുക കിട്ടിയാല്‍ ലിയാരിയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ സാധിക്കുമെന്നും ഇവര്‍ വീഡിയോയില്‍ വാദമുന്നയിക്കുന്നുണ്ട്.
ലിയാരിലെ നേതാവായ റഹ്‌മാന്‍ ദക്കൈത്തിനൊപ്പം സഹായിയായി ചേര്‍ന്ന് പ്രദേശത്തെ അധികാരം പിടിച്ചെടുക്കുന്ന ഹംസ അലി മസാരി എന്ന ചാരനായാണ് ചിത്രത്തില്‍ രണ്‍വീര്‍ വേഷമിട്ടിരിക്കുന്നത്. ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിലക്ക് നേരിട്ട ചിത്രം റിയല്‍ ലൈഫ് കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗം മോദി ഗവണ്‍മെന്റിന് സ്തുതി പാടുന്ന ചിത്രം മാത്രമായി ധുരന്ധര്‍ 2 ഒതുങ്ങി പോയിരുന്നു.
ധുരന്ധര്‍; ദ റിവഞ്ച്. Photo: TOI
ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കുകയും നൂറോളം പേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത നോട്ട് നിരോധനത്തെ വലിയ വിജയമായിട്ടാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്ത് ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ കരിവാരിതേക്കുന്ന രംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന പല സംഭവങ്ങളുടെയും ടൈംലൈന്‍ യോജിക്കുന്നില്ലെന്നും തന്റെ അജണ്ടക്കനുസരിച്ച് ആദിത്യ ധര്‍ യഥാര്‍ത്ഥ സംഭവങ്ങളെ വളച്ചൊടിച്ചെന്നുമാണ് പലരുടെയും അഭിപ്രായം.
Content Highlight: People of Lyari from Pakistan demands 80 percent shar of Dhurandhar 2