കൊല്‍ക്കത്ത: തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന് (എസ്.ഐ.ആര്‍) ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ ക്ഷേമപദ്ധതികളില്‍ നിന്ന് ഒഴിവാക്കുമെന്ന് പശ്ചിമ ബംഗാളിലെയും ബിഹാറിലെയും ബി.ജെ.പി സര്‍ക്കാരുകള്‍. ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്നപൂര്‍ണ ബണ്ഡാര്‍ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് എസ്.ഐ.ആര്‍ പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കില്ലെന്ന് മന്ത്രി അഗ്നിമിത്ര പോളിനെ ഉദ്ധരിച്ച് ദ ടെലിഗ്രാഫും ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ബിഹാറില്‍ എസ്.ഐ.ആറില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ഒരു ക്ഷേമ പദ്ധതികളുടെയും നേട്ടം ലഭിക്കില്ലെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ഥാനമൊഴിഞ്ഞ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിക്ക് പകരമായാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ വനിതകള്‍ക്കായുള്ള അന്നപൂര്‍ണ ഭണ്ഡാര്‍ പദ്ധതി പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നിന് പദ്ധതി നിലവില്‍ വരും. ഇത് പ്രകാരം 3000 രൂപയാണ് പ്രതിമാസം ഒരു ഗുണഭോക്താവിന് ലഭിക്കുക. 1500 രൂപയായിരുന്നു ലക്ഷ്മി ഭണ്ഡാര്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം ലഭിച്ചിരുന്നത്.
എസ്.ഐ.ആറിനു ശേഷമുള്ള വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് അന്നപൂര്‍ണ ഭണ്ഡാര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അഗ്നിമിത്ര പോള്‍ പറഞ്ഞതായി ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുറത്താക്കപ്പെട്ട സ്ത്രീകള്‍ക്ക് ലക്ഷ്മി ബണ്ഡാറിന്റെ ഫലം ലഭിച്ചിരുന്നെന്നും ഇനി മുതല്‍ അവര്‍ക്ക് അത് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
മരിച്ചവരോ, ഇന്ത്യന്‍ പൗരരല്ലാത്തവരോ എന്തിനാണ് ലക്ഷ്മി ഭണ്ഡാര്‍ ആനുകൂല്യങ്ങള്‍ നേടുന്നതെന്ന് അവര്‍ ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയതിനെതിരായ അപ്പീലുകള്‍ അപ്പ്‌ലറ്റ് ട്രൈബ്യൂണലില്‍ പരിഗണനയിലുള്ളവരെ പദ്ധതികളുടെ ഗുണഭോക്താക്കളാക്കി നിലനിര്‍ത്തുമെന്നും മന്ത്രിയെ ഉദ്ധരിച്ച് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ആദ്യ മന്ത്രിസഭാ യോഗ്യത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഒരു ക്ഷേമ പദ്ധതിക്കും ‘മരിച്ചവരോ, അനധികൃത നുഴഞ്ഞുകയറ്റക്കാരോ, ഇന്ത്യന്‍ വ്യക്തി അല്ലാത്തവരോ’ അര്‍ഹരല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അധികാരി പറഞ്ഞിരുന്നു. 10 വര്‍ഷം മുമ്പോ 30 വര്‍ഷം മുമ്പോ ആരംഭിച്ചവ ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളും തുടരുമെന്ന് പറഞ്ഞ അധികാരി, പുതിയ സര്‍ക്കാര്‍ അവയെ സുതാര്യമായ രീതിയിലാണ് കൈകാര്യം ചെയ്യുക എന്ന് അവകാശപ്പെട്ടു.
അതേസമയം, ബിഹാറില്‍ റേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളില്‍ നിന്നും എസ്.ഐ.ആറില്‍ പേരില്ലാത്തവരെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. പട്ടികയില്‍ നിന്ന് പേര് വെട്ടിയവരുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കുകള്‍ വരെ റദ്ദാക്കുമെന്ന് ചൗധരി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലവില്‍ ഉത്തരവ് ഏതെങ്കിലും പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ പോവുന്ന നടപടികളെക്കുറിച്ച് സംശയമൊന്നും വേണ്ടെന്ന് ചൗധരി മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പശ്ചിമബംഗാളില്‍ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തിയാക്കിയ തീവ്ര വോട്ടര്‍പട്ടികാ പരിശോധനയ്ക്ക് ശേഷം ഏതാണ് 91 ലക്ഷം പേരെയാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. എസ്.ഐ.ആര്‍ നടപടി ആരംഭിക്കുന്നതിന് മുന്‍പുള്ള വോട്ടര്‍മാരുടെ ആകെ എണ്ണത്തിന്‌റെ 11.9 ശതമാനത്തോളം വരുമിത്.
പരിഷ്‌കരിച്ച പട്ടികയില്‍ പുനപരിശോധന ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പിന് മുന്‍പ് സമര്‍പിച്ച 34 ലക്ഷത്തോളം അപ്പീലുകള്‍ ട്രൈബ്യൂണലുകളില്‍ തീര്‍പ്പാകാതെ തുടരുന്നതായാണ് കണക്കാക്കുന്നത്. ഇതില്‍ ഏഴ് ലക്ഷത്തോളം അപ്പീലുകള്‍ പേരുകള്‍ ഉള്‍പ്പെടുത്തിയതിനെതിരെയും 27 ലക്ഷം അപ്പീലുകള്‍ ഒഴിവാക്കിയ പേരുകള്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടുമുള്ളവയാണ്. എസ്.ഐ.ആര്‍ നടപടികളുടെ ഭാഗമായാണ് പ്രത്യേക ട്രൈബ്യൂണലുകള്‍ ആരംഭിച്ചത്. ഇവയില്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിച്ച് ഇതുവരെ 1607 പേരെ വീണ്ടും വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തി.
Content Highlight: People Excluded in SIR will not get government schemes, says Bengal government. Will Cancel bank passbooks