| Saturday, 13th September 2025, 8:46 pm

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടിരുന്ന സമയത്ത് ധൈര്യം തന്നത് ചുറ്റുമുള്ള ആളുകൾ: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് ആസിഫ് അലി. 15 വർഷമായി സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരം കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയ ഫാൻ ബേസ് സ്വന്തമാക്കി. ഋതുവിലൂടെയാണ് താരം കരിയർ ആരംഭിച്ചത് പിന്നീട് ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കി. എന്നാൽ ഇടക്ക് മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ ആസിഫ് തിരിച്ചടി നേരിട്ടിരുന്നു.

തുടർ പരാജയങ്ങൾക്ക് ശേഷം വിജയത്തിന്റെ ട്രാക്കിൽ ആസിഫ് തിരിച്ചുകയറിയ വർഷമായിരുന്നു 2024. ഒന്നിന് പുറകെ ഒന്നായി മികച്ച സിനിമകളുടെ ഭാഗമാകാൻ ആസിഫിന് സാധിച്ചു. കഴിഞ്ഞവർഷത്തെ വിജയം ഈ വർഷവും ആസിഫ് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞവർഷം ആസിഫിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കിഷ്‌കിന്ധാ കാണ്ഡം. ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രവും മികച്ച വിജയം സ്വന്തമാക്കി. ഇപ്പോൾ താൻ ആദ്യമായി സിനിമ ചെയ്യാൻ വന്നപ്പോഴുള്ള അതേ എക്സൈറ്റ്മെന്റാണ് തനിക്കിപ്പോഴും എന്ന് ആസിഫ് അലി പറയുന്നു.

‘ഞാനൊരു ആക്ടർ ആണെന്നോ ഫാൻ ബേസ് ഉണ്ടെന്നോ അങ്ങനെയൊന്നും എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഞാനിപ്പോഴും സിനിമ ചെയ്യാൻ ആഗ്രഹിച്ചുവന്ന അല്ലെങ്കിൽ സിനിമ ചെയ്യാൻ തുടങ്ങിയപ്പോഴുള്ള അതേ എക്‌സൈറ്റ്‌മെന്റും പേടിയും ഒക്കെത്തന്നെയാണ് ഇപ്പോഴുമുള്ളത്. ഞാൻ സിനിമയെ കാണുന്നത് ഒരു പ്രേക്ഷകന്റെ പോയിന്റ് ഓഫ് വ്യൂവിലാണ്. ഞാൻ ചൂസ് ചെയ്യുന്ന സിനിമകൾ എനിക്ക് തിയേറ്ററിൽ പോയി കാണാൻ പറ്റുന്നതാണോ എന്നുള്ളതാണ് എന്റെ ക്രൈറ്റീരിയ,’ ആസിഫ് അലി പറയുന്നു.

അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് തന്റെ കരിയറിലുള്ള സ്ഥാനം വളരെ വലുതാണെന്നും അവർ തന്നോട് കാണിക്കുന്ന സ്‌നേഹം എപ്പോഴും ധൈര്യം തരുന്നതാണെന്നും ആസിഫ് അലി പറഞ്ഞു. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടിരുന്ന സമയത്തും കോൺഫിഡൻസ് ഇല്ലാതിരുന്ന സമയത്തും ഒക്കെ തനിക്ക് ധൈര്യം തന്നത് തന്റെ ചുറ്റുമുള്ള ആളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷൂട്ടിങ് ഇല്ലാത്ത സമയത്ത് ആളുകളുമായി ഇടപെഴുകാൻ താൻ ചെറുപ്പം മുതൽ ശീലിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ആളുകളുമായി ഇടപെഴകുന്നത് ഒരു പ്രശ്‌നമായി തനിക്ക് തോന്നിയിട്ടില്ലെന്നും ആസിഫ് അലി പറഞ്ഞു.

Content Highlight: People around me gave me courage when my films were constantly failing says Asif Ali

We use cookies to give you the best possible experience. Learn more