| Monday, 24th August 2026, 12:48 pm

'ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം': ഓർമ്മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ വിവാദങ്ങളിലും പ്രതിസന്ധികളിലും പാർട്ടിയുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും അടിസ്ഥാന മൂല്യങ്ങൾ ഓർമ്മിപ്പിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ വി.എ.

പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ സാധാരണ പ്രവർത്തകർക്കുണ്ടാകുന്ന ആശങ്കകളെ നേതൃത്വം രാഷ്ട്രീയമായി പ്രതിരോധിക്കുന്നത് സ്വാഭാവിക ജനാധിപത്യ പ്രക്രിയയാണെന്ന് അരുൺ കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, കുപ്രചാരണങ്ങളെ ചെറുക്കുമ്പോൾ തന്നെ സാധാരണക്കാരുടെ മനസ്സിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ ജാഗ്രത വേണം എന്ന് അദ്ദേഹം പറഞ്ഞു.

തെറ്റുകൾ തിരുത്തി, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് സുതാര്യമായി മുന്നോട്ടുപോകുമ്പോഴാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കൂടുതൽ കരുത്താർജ്ജിക്കുന്നത്. ‘ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം’ എന്ന വി.എസിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ആശയപരമായ വ്യക്തതയോടെ ജനകീയ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞാൽ നിലവിലെ പ്രതിസന്ധികളെയും വിവാദങ്ങളെയും മറികടന്ന് പ്രസ്ഥാനം കൂടുതൽ കരുത്തോടെ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെയുള്ള ആരോപണങ്ങളിലും അന്വേഷണങ്ങളിലും പാർട്ടി രാഷ്ട്രീയമായി പ്രതിരോധത്തിലായിരിക്കുന്ന നിർണ്ണായക സാഹചര്യം കൂടിയാണ് അരുൺകുമാറിന്റെ പോസ്റ്റ്.

Content Highlight:“People Are the Owners of the Movement, Their Trust Is Its Greatest Capital”: V.S. Achuthanandan’s Son Arun Kumar Reminds Party Workers.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more